കട്ടപ്പന ∙ കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസി കുടിയിലേക്കുള്ള പാതയിൽ രണ്ടിടത്ത് ഉരുൾപൊട്ടി വ്യാപക കൃഷിനാശം. ഉരുൾപൊട്ടി ഒഴുകിയതിനെ തുടർന്ന് റോഡ് തകർന്നതോടെ 75 കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖല ഒറ്റപ്പെട്ടു. അവിടേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം ഇന്നലെ വൈകിയും തുടരുകയാണ്. ശനിയാഴ്ച അനുഭവപ്പെട്ട ശക്തമായ മഴയെ തുടർന്നാണ് വേലംപറമ്പിൽ കുര്യൻ ആന്റണിയുടെ കൃഷിയിടത്തിൽ രണ്ടിടത്തായി ഉരുൾപൊട്ടിയത്.

കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ കൃഷികളാണ് നശിച്ചത്. ആദിവാസി കുടിയിലേക്കുള്ള ഏക റോഡ് തകർത്തുകൊണ്ടാണ് ഉരുൾ കടന്നുപോയത്. 45 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ 75 കുടുംബങ്ങൾ ആശ്രയിക്കുന്ന ഏക റോഡാണ് അതോടെ ഇല്ലാതായത്. കുടിയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ ഇപ്പുറമാണ് ഉരുൾപൊട്ടിയത്. അതുമൂലം കുടിയിൽ താമസിക്കുന്നവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയായി.

ഉരുൾപൊട്ടിയതു കൂടാതെ വിവിധ മേഖലകളിൽ മണ്ണിടിച്ചിലുകളും ഉണ്ടായത് പ്രതിസന്ധി രൂക്ഷമാക്കി. കാഞ്ചിയാർ പഞ്ചായത്ത് അധികൃതരും റവന്യു അധികൃതരും സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ റോഡ് പൂർണമായി തകർന്നതോടെ പുതുതായി നിർമിക്കേണ്ട സാഹചര്യമാണ്.