പ്രളയത്തിനു ശേഷം ചെളി കെട്ടിക്കിടക്കുന്ന കൂട്ടിക്കൽ ടൗൺ. ചിത്രങ്ങൾ: റിജോ ജോസഫ്, വിഷ്ണു സനൽ∙ മനോരമ

തൊടുപുഴ ∙ ഒരു പകലും രാത്രിയും നീണ്ട സംഹാരതാണ്ഡവത്തിനു ശേഷം ജില്ലയിൽ ഇന്നലെ പകൽ മഴ കുറഞ്ഞു. ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചതടക്കം 9 പേർക്കാണ് ജില്ലയിലെ മഴക്കലിയിൽ ജീവൻ നഷ്ടമായത്. 7 വയസ്സുകാരനായ കുട്ടിയെയടക്കം 2 പേരെ കണ്ടെത്താനുണ്ട്. ഇടുക്കിയിൽ 9 സ്ഥലങ്ങളിലാണ് പലതവണ ഉരുൾപൊട്ടിയത്. ഹെക്ടർ കണക്കിന് കൃഷി ഭൂമി ഒലിച്ചുപോയി. ഒട്ടേറെ വീടുകളും തകർന്നു. ജില്ലയിലെ ഓരോ പ്രദേശത്തു ഇന്നലെ മഴ ഇങ്ങനെ.

ചെറുതോണി

ഒരു ദിവസം തുടർച്ചയായി പെയ്ത പേമാരിക്കു ശേഷം ജില്ലാ ആസ്ഥാന മേഖലയിൽ മഴ നാമമാത്രമായി. ഇടവിട്ട് പെയ്ത മഴയിൽ ഇന്നലെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ശനിയാഴ്ച മണ്ണിടിഞ്ഞും മരം വീണും മറ്റുമുണ്ടായ ഗതാഗത തടസ്സങ്ങൾ ഇന്നലെ പുലർച്ചയോടെ പരിഹരിച്ചു. 

നെടുങ്കണ്ടം

നെടുങ്കണ്ടം മേഖലയിൽ  12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ട ഗ്രാമീണ റോഡുകളിലെ തടസ്സം നീക്കി. സാഹചര്യം വിലയിരുത്താൻ നെടുങ്കണ്ടം പ‍ഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. 

രാജകുമാരി

രാജകുമാരി, രാജാക്കാട്, സേനാപതി, ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിൽ ഇന്നലെ ഉച്ച വരെ മഴ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ മഴ ശക്തമായി. മേഖലയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മഴയില്ലാതെ മറയൂരും മൂന്നാറും

മഴനിഴൽ പ്രദേശമായ മറയൂരിലും വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലും ഇന്നലെ തെളിഞ്ഞ കാലാവസ്ഥ. വൈകിട്ടോടെ ചാറ്റൽ മഴ മാത്രമാണ് മൂന്നാറിൽ ഉണ്ടായത്. ശനിയാഴ്ച മൂന്നാറിലും മറയൂരിലും തോരാതെ മഴ പെയ്തിരുന്നു. എന്നാൽ, കെടുതി ഒന്നും ഉണ്ടായിട്ടില്ല. പൂജാ അവധിയായതിനാൽ വിനോദസഞ്ചാരികളുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

തൊടുപുഴ

തൊടുപുഴ മേഖലയിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച കനത്ത മഴ ഉച്ച കഴിഞ്ഞപ്പോൾ അൽപം ശമിച്ചു. നിറഞ്ഞൊഴുകിയ പുഴയിലും  തോടുകളിലും വെള്ളം അൽപം കുറഞ്ഞു. കൃഷിയിടങ്ങളിലും റോഡുകളിലും മറ്റും കയറിയ വെള്ളം സന്ധ്യയോടെ താഴ്ന്നു. എന്നാൽ രാത്രി വീണ്ടും ആരംഭിച്ച മഴ പുലർച്ചെ വരെ തുടർന്നു. ഇന്നലെ വൈകിട്ട് ആറോടെ മേഖലയിൽ വീണ്ടും മഴ ശക്തി പ്രാപിച്ചു. 

കുമളി

കുമളി മേഖലയിൽ ഇന്നലെ മഴ കുറവായിരുന്നു. പെരിയാർ കോളനിയിലെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും ഹോളിഡേ ഹോമിലേക്ക് മാറ്റിപ്പാർപ്പിച്ചവരോട് തൽക്കാലം അവിടെ തുടരാനാണ് അധികൃതർ നിർദേശിച്ചത്. ഇവിടേക്ക് മാറ്റിയ 36 കുടുംബങ്ങളിൽ 7 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. തേക്കടി സന്ദർശനത്തിനെത്തി ഇവിടെ കുടുങ്ങിയവർ ഇന്നലെ നാടുകളിലേക്ക് മടങ്ങി. 

കട്ടപ്പന

ശനിയാഴ്ച ശക്തമായ മഴയിൽ കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസി കുടിയിലേക്കുള്ള പാതയിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കുടിയിലേക്കുള്ള ഏക റോഡ് തകർന്നതോടെ 75 കുടുംബങ്ങൾ ഒറ്റപ്പെട്ടു. കട്ടപ്പനയിലും സമീപ പഞ്ചായത്തുകളിലും ഇന്നലെ കാര്യമായ മഴ പെയ്യാതിരുന്നത് ആശ്വാസമായി. മണ്ണും മറ്റും വീണ് ഗതാഗതം മുടങ്ങിയ ഗ്രാമീണപാതകളും നിലച്ച വൈദ്യുതി ബന്ധവും പൂർവസ്ഥിതിയിലാക്കാൻ സാധിച്ചിട്ടില്ല.

പീരുമേട്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കനത്ത മഴ എന്നിവയെത്തുടർന്ന് പീരുമേട് താലൂക്കിൽ ഏക്കർ കണക്കിനു കൃഷി നശിച്ചു. പുല്ലുപാറ, നിർമലഗിരി, പെരുവന്താനം, ആനചാരി, കടുവാപ്പാറ, കൊക്കയാർ എന്നിവിടങ്ങളിൽ ഉരുൾ ഒഴുകി എത്തിയത് കൃഷിഭൂമികളിലേക്കാണ്. കെകെ റോഡ് തകർന്നതിനെത്തുടർന്ന് മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിൽ ആയിരക്കണക്കിനു യാത്രക്കാർ കുടുങ്ങി. 35–ാം മൈൽ ജംക്‌ഷൻ മുതൽ 34–ാം മൈൽ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ 55 വീടുകളിൽ വെളളം കയറി. 

മൂലമറ്റം

ഇന്നലെ രാവിലെ മൂലമറ്റം, കുടയത്തൂർ പ്രദേശങ്ങളിൽ മഴ ശാന്തമായി. ഉച്ചയോടെ മാനം തെളിഞ്ഞു. എന്നാൽ വൈകിട്ടോടെ മഴയെത്തിയെങ്കിലും ശക്തമായില്ല. ഇടവിട്ട് മഴ തുടരുകയാണ്.

അടിമാലി 

ഒറ്റപ്പെട്ട കനത്ത മഴയായിരുന്നു അടിമാലിയിൽ ഇന്നലെ ദേശീയപാതയിൽ നേര്യമംഗലം മുതൽ മൂന്നാർ വരെദൂരത്തിൽ തടസ്സങ്ങൾ ഇല്ലാതിരുന്നതിനാൽ ഗതാഗതം സുഗമമായിരുന്നു. 

പേമാരിയിൽ മുങ്ങിത്താണ് പൂവഞ്ചി

കൊക്കയാർ ∙ പഞ്ചായത്തിലെ ഏഴാം വാർഡായ പൂവഞ്ചിയിലേക്കു മുണ്ടക്കയം കല്ലേപ്പാലം വഴിയും കൂട്ടിക്കൽ വഴിയും എത്താം. മുണ്ടക്കയത്തു നിന്ന് 8 കിലോമീറ്റർ അകലെയാണ് ഈ മലയോര ഗ്രാമം. ഇടത്തരക്കാരയ കർഷകർ, കർഷകത്തൊഴിലാളികൾ, റബർ എസ്റ്റേറ്റ് തൊഴിലാളികൾ എന്നിവരാണ് നാട്ടുകാരിൽ വലിയ ഭൂരിപക്ഷം. ദുരന്തം ഉണ്ടായാൽ 33 കിലോമീറ്റർ അകലെ പീരുമേട്ടിൽ നിന്നോ 25 കിലോമീറ്റർ അകലെ കാഞ്ഞിരപ്പള്ളിയിൽ നിന്നോ വേണം അഗ്നിശമന യൂണിറ്റുകൾ എത്തേണ്ടത്.

രാവിലെ 10.30ന് ഉരുൾപൊട്ടൽ ഉണ്ടായ പൂവഞ്ചി, മാക്കോച്ചി പ്രദേശങ്ങളിൽ നിന്നു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് വൈകുന്നേരം ആറരയോടെയാണെന്ന് നാട്ടുകാർ പറയുന്നു. ഒരു സർക്കാർ സംവിധാനവും ശനിയാഴ്ച പകൽ ഇവിടെ എത്തിയില്ല. കല്ലും മണ്ണും ഇടിഞ്ഞു വീണു റോഡുകൾ മുഴുവൻ തകർന്നതിനാൽ റോഡ് തെളിച്ചാണു പൊതുപ്രവർത്തകർ ഉൾപ്പെടെയുളളവർക്ക് ഇവിടേക്ക് എത്താൻ കഴിഞ്ഞത്.

കാണാതായവർക്കായി തിരച്ചിൽ നടത്തുവാൻ മണ്ണുമാന്തി യന്ത്രങ്ങൾ പോലും ലഭിച്ചില്ലെന്ന് പഞ്ചായത്ത് അംഗം ആരോപിച്ചു. ദുരിതാശ്വാസ ക്യാംപ് പ്രവർത്തനം തുടങ്ങിയിട്ടും അരിയും മറ്റും എത്തിക്കാൻ റവന്യു വകുപ്പിനു കഴിഞ്ഞിട്ടില്ല. ക്യാംപ് പ്രവർത്തിച്ച സ്കൂളിലെ അരി എടുത്താണ് ശനിയാഴ്ച രാത്രി ഭക്ഷണം തയാറാക്കിയത്.