തേ‍ഞ്ഞിപ്പലം ∙ നിർ‌ദിഷ്ട മുനമ്പത്തുകടവ് പാലം ചേലേമ്പ്ര, ഫറോക്ക് കരകളിൽ നിലവിലുള്ള റോഡുമായി ബന്ധിപ്പിക്കാൻ പാകത്തിൽ നിർമിക്കണമെന്ന ജനകീയ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഉന്നതോദ്യോഗസ്ഥർ നാളെ സ്ഥലം സന്ദർശിക്കുന്നു. മരാമത്ത് പാലങ്ങളുടെ വിഭാഗം പാലക്കാട് ഡിവിഷൻ എക്‌സി. എൻജിനീയർ ഹർഷനും സംഘവുമാണ് സാധ്യതാ പഠനത്തിന് എത്തുന്നത്. പുല്ലിപ്പുഴയുടെ ഇരു കരകളിലും മുഖാമുഖം ബന്ധിപ്പിക്കാതെ രണ്ട് കരകളിലെയും റോഡിൽ എത്തിക്കും വിധമുള്ള പാലമാണ് പരിഗണിക്കുന്നത്.

നേരത്തേ 45 മീറ്റർ നീളം കണക്കാക്കിയിരുന്ന സ്ഥാനത്ത് ഇനി 85 മീറ്ററാകും. ഫറോക്ക് നഗരസഭ, ചേലേമ്പ്ര പഞ്ചായത്ത് അധികൃതരും ജന പ്രതിനിധികളും പ്രദേശവാസികളും യോഗം ചേർന്നാണ് പാലം കൂടുതൽ പ്രയോജനപ്പെടും വിധവും വീടുകളെ ബാധിക്കാതെയും വേണമെന്ന നിലപാട് അറിയിച്ചത്. ജനകീയ സമിതിയും രൂപീകരിച്ചിട്ടുണ്ട്. പഴയ നിർദേശം അനുസരിച്ച് പാലം പണിതാൽ അപ്രോച്ച് റോഡ് നിർമിക്കാൻ 8 വീടുകൾ പൊളിക്കേണ്ടി വരും. പുതിയ നിർദേശം അനുസരിച്ച് ആണെങ്കിൽ വീടുകളെ സംരക്ഷിക്കാനാകും.

നിലവിൽ മുനമ്പത്തുകടവിൽ നടപ്പാലമാണുള്ളത്. ആടി ഉലയുന്ന ആ പാലത്തിന്റെ സ്ഥാനത്ത് നേരത്തേ പൈപ്പ് പാലം പരിഗണിച്ചിരുന്നു. എംഎൽഎ ഫണ്ടിൽ നിന്ന് 2 തവണ 50 ലക്ഷം രൂപ വീതം വകയിരുത്തുകയും ചെയ്തിരുന്നു. മരാമത്ത് വകുപ്പിന്റെ ചെലവിൽ റോഡ് പാലമെന്ന ആശയം സമീപ കാലത്താണ് ശക്തിപ്പെട്ടത്. പാലം വന്നാൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ബേപ്പൂർ മണ്ഡലത്തിലെയും പി. അബ്ദുൽ ഹമീദ് എംഎൽഎയുടെ വള്ളിക്കുന്ന് മണ്ഡലത്തിലെയും വലിയൊരു വിഭാഗം ആളുകൾക്ക് വലിയ സഹായകമാകും. പദ്ധതിക്ക് ഇരുവരും പ്രത്യേക പരിഗണന നൽകുന്നുമുണ്ട്.

താലൂക്ക് ആശുപത്രിയിലെ മലിനജലം നീക്കാൻ തുടങ്ങി

തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിലെ മലിനജലം നീക്കം ചെയ്യുന്ന പ്രവൃത്തി തുടങ്ങി. താലൂക്ക് ആശുപത്രി പരിസരത്തെ വീടുകളിലെ കിണറുകളിൽ മലിനജലം എത്തുന്നുവെന്ന പരാതിയെ തുടർന്നാണ് മലിനജലം നീക്കുന്നത്. കെട്ടി നിൽക്കുന്ന മുഴുവൻ മലിനജലവും നീക്കം ചെയ്യുമെന്ന് നഗരസഭാധ്യക്ഷൻ കെ.പി.മുഹമ്മദ് കുട്ടി പറഞ്ഞു. മലിനജലം ലോറിയിലാക്കി കൊണ്ടുപോകുകയാണ്. ആശുപത്രിയിലെ മലിനജലം പരിസരത്തെ ഇരുനൂറോളം വീടുകളിലെ കിണറുകളിലാണ് എത്തുന്നത്. ദുർഗന്ധം കാരണം വെള്ളം ഉപയോഗിക്കാൻ പറ്റുന്നില്ല. പ്രശ്നത്തെക്കുറിച്ച് ‘മനോരമ’ വാർത്ത നൽകിയിരുന്നു.

തുടർന്ന് പ്രദേശത്തെ വീട്ടുകാർക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ ശുദ്ധജല വിതരണം ആരംഭിച്ചു. പരിഹാരമാകുന്നത് വരെ തുടരുമെന്ന് അധികൃതർ പറഞ്ഞു. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.നഗരസഭാധ്യക്ഷൻ കെ.പി.മുഹമ്മദ് കുട്ടി, സ്ഥിരസമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി.ഇസ്മായിൽ, വാർഡ് കൗൺസിലർ ജാഫർ കുന്നത്തേരി എന്നിവർ സന്ദർശിച്ചു.