മുൻ ചോദ്യപേപ്പറുകൾ വിശകലനം ചെയ്തു പഠിച്ചാൽ പിഎസ്‌സി പരീക്ഷകളിൽ വിജയം സുനിശ്ചിതമെന്നു സുനീഷ.  മുൻകാല ചോദ്യപേപ്പറുകളു‌ടെ ഉത്തരങ്ങൾക്കൊപ്പം അനുബന്ധ വിവരങ്ങൾകൂടി കണ്ടെത്തി പഠിക്കണം. തൊഴിൽവീഥി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിലെ മാതൃകാ ചോദ്യങ്ങൾകൂടി ഇതോടൊപ്പം പഠിച്ചാൽ നിഷ്പ്രയാസം റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം നേടാം.

ഹൈസ്കൂള്‍ അസിസ്റ്റന്റ് നാച്വറൽ സയൻസ്, അസിസ്റ്റന്റ് സെയില്‍സ്മാന്‍, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, ജൂനിയര്‍ എംപ്ലോയിമെന്റ് ഓഫിസര്‍, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങി അഞ്ചിലധികം റാങ്ക് ലിസ്റ്റുകൾ മികച്ച റാങ്കുകൾ നേടിയിട്ടുണ്ട് സുനീഷ. തിരുവനന്തപുരം ജില്ലയിലെ യുപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്ക് നേട്ടമാണ് ഏറ്റവും പുതിയത്. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ സുനീഷയ്ക്ക് (71.67) ഇന്റർവ്യൂവിൽ ഒരു മാർക്കു കുറഞ്ഞതാണു രണ്ടാം റാങ്കിലെത്തിച്ചത്. എങ്കിലും ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാർഥിയോടൊപ്പം 83.67 മാർക്ക്തന്നെയാണു സുനീഷയ്ക്കും. ജനനതീയതിയുടെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തായി എന്നുമാത്രം.

കൊല്ലം കടയ്ക്കല്‍ ചിതറ ഷിഹാബുദീന്റെ ഭാര്യയായ ഐ. സുനീഷ സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനശുപാർശ നേടി കേരള സർവകലാശാലയിൽ ജോലി ചെയ്യുന്നു. യുപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനശുപാർശ ലഭിച്ചാലും ജോലിയിൽ പ്രവേശിക്കണമോയെന്നു തീരുമാനിച്ചിട്ടില്ല. എംഎസ്‌സി സുവോളജിയും നാച്വറൽ സയൻസിൽ ബിഎഡും നേടിയ സുനീഷ വർഷങ്ങളായി തൊഴിൽവീഥിയുടെയും കോംപറ്റീഷൻ വിന്നറിന്റെയും വായനക്കാരിയാണ്. തൊഴിൽവീഥിയുടെ ഒരു ലക്കവും മിസ് ചെയ്തിട്ടില്ല. 

സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ തൊഴിൽവീഥിയിലെ പരീക്ഷാ പരിശീലനം ഏറെ ഉപകരിച്ചെന്നും സുനീഷ പറയുന്നു. ഇതിലെ മാതൃകാ ചോദ്യപേപ്പറുകളിൽ നിന്നു ധാരാളം ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷയ്ക്കു വന്നിരുന്നു. സമീപവാസിയും അധ്യാപകനുമായ ബിജുവും പഠനത്തിൽ ഏറെ സഹായിച്ചിട്ടുണ്ട്. 

ജോലിയുടെയും കുടുംബ ജീവിതത്തിന്റെയും തിരക്കുകൾക്കിടയിലും പിഎസ്‌സി പരീക്ഷാപരിശീലനം ഉപേക്ഷിക്കാൻ സുനീഷ തയാറല്ല. ഹയർസെക്കൻഡറി അധ്യാപികയാകാനാണ് താൽപര്യം. ഇതിനായുള്ള ശ്രമങ്ങൾ തുടരുന്നു. ഭർത്താവ് ഷിഹാബുദീൻ വിദേശത്ത് ജോലി ചെയ്യുന്നു. രണ്ടു മക്കൾ. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി സനഫാത്തിമയും എല്‍കെജി വിദ്യാർഥി മുഹമ്മദ് റിസ്വാനും.