രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ, ഡൽഹിയിൽ വിജയ ചൗക്കിൽ പരേഡ് നയിക്കാൻ 28 വയസ്സുമാത്രമുള്ള ഒരു മലയാളി പെൺകുട്ടി. കണ്ണൂർ ചെറുകുന്ന് സ്വദേശിയായ ലഫ്റ്റനന്റ് അംബികാ സുധാകരൻ എന്ന പരേഡ് കണ്ടിജന്റ് ഓഫിസർക്കുള്ളതാണ് ഈ ബഹുമതി. 

നാവികസേനയുടെ 144 അംഗസംഘത്തെ നയിക്കാനുള്ള ഭാഗ്യമാണ് സേനയിൽ അഡ്വക്കറ്റ് ജനറൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന അംബികക്ക് ലഭിച്ചത്. നാവിക ഉദ്യോഗസ്ഥനായ സുധാകരന്റെ മകളാണ് അംബിക.

കൊച്ചിയിലെ നേവൽ പബ്ലിക് സ്കൂളിലായിരുന്നു പ്രാഥമിക പഠനം. സൈനികസേവനത്തിനൊപ്പം നിയമപഠനവും ആകാമോ എന്ന അന്വേഷണം അംബികയെ കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെത്തിച്ചു. പിന്നീടാണ് നാവികസേനയുടെ അഡ്വക്കറ്റ് ജനറൽ ഓഫിസിൽ ലെഫ്റ്റനന്റ് ആയി നിയമിതയായത്.

പഠനകാലത്ത് തന്നെ പരേഡുകളിൽ ഹരം കണ്ടെത്തിയ ബാലികയായാണ് അംബിക വളർന്നത്. റിപ്പബ്ലിക് ദിനപരേഡിനു താൽപര്യമുള്ളവരെ മാസങ്ങൾക്കു മുമ്പ് ക്ഷണിച്ചപ്പോൾ പേരു നൽകി. പിന്നെ തീവ്രവപരിശീലനമായി, ആൺപെൺ വ്യത്യാസമില്ലാതെ ഒരേ പരിശീലന രീതികൾ. 

റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ഡൽഹിയിലെ വിജയ ചൗക്കിൽ പുലർച്ചെ നാലുമണിക്ക് തന്നെ റിഹേഴ്സിലുകൾ തുടങ്ങി. തണുത്തുവിറയ്ക്കുന്ന ആറുഡിഗ്രി തണുപ്പിൽ പോലും രണ്ടു തവണയായി പരിശീലനം. ഒന്നരമണിക്കൂറോളം നീളുന്ന പരേഡിൽ പതിനാലു കിലോമീറ്റർ നടക്കണം. ഒപ്പമുണ്ടായിരുന്ന 144 പേരും ജീവിതത്തിൽ ആദ്യമായി ലഭിച്ച ഈ സുവർണാവസരം അവിസ്മരണീയമാക്കി എന്നു ലഫ്. അംബികാ സുധാകരൻ അഭിമാനത്തോടെ പറയുന്നു.