ട്യൂഷനൊന്നും പോകാതെ, മലയാളം മീഡിയം സ്കൂളിൽ പഠിച്ച മുഹമ്മദ് ഷഹബാസിന് എസ്എസ്എൽസിക്കും പ്ലസ്ടുവിനും 95 ശതമാനത്തിലേറെ മാർക്കുണ്ടായിരുന്നു. ഏതു വഴിയേ പോകണമെന്ന് ഉപദേശിക്കാൻ മത്സ്യമാർക്കറ്റ് ജീവനക്കാരനായ ഉപ്പയ്ക്കോ വീട്ടമ്മയായ ഉമ്മയ്ക്കോ അറിയില്ലായിരുന്നു. അങ്ങനെ കോഴിക്കോട് ദേവഗിരി കോളജിൽ ബികോമിനു ചേർന്നു. 

കൂട്ടുകാരനു കമ്പനി കൊടുക്കാനാണു സിഎ ഫൗണ്ടേഷൻ പരീക്ഷയ്ക്കു പോയത്. എന്നിട്ടും പാസായ വെറും 30 ശതമാനത്തോളം പേരിൽ ഷഹബാസുമുണ്ടായിരുന്നു. അതോടെ കളി കാര്യമായി. ഇന്ന്, 21 ാം വയസ്സിൽ സിഎ ഫൈനൽ പരീക്ഷയിൽ കേരള ടോപ്പറാണ് ഈ കോഴിക്കോടുകാരൻ; രാജ്യത്തെ 15 ാം റാങ്കുകാരൻ. 

ഇന്ററും ഇന്റേൺഷിപ്പും
ഫൗണ്ടേഷൻ കഴിഞ്ഞപ്പോൾ ഇന്റർമീഡിയറ്റ്. 4 പേപ്പറുകളുടെ 2 സെറ്റ്. ഒരു പേപ്പർ തോറ്റാലും അടുത്ത തവണ നാലും എഴുതണം. അതുകൊണ്ടു വിജയശതമാനം ഫൗണ്ടേഷനേക്കാൾ കുറയും. 

ഷഹബാസ് നല്ല സ്കോറിൽ ഇന്ററും പാസായി. അങ്ങനെയുള്ളവർക്കു മികച്ച കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരമുണ്ട്. അങ്ങനെ ഏൺസ്റ്റ് ആൻഡ് യങ്ങിനു കീഴിലുള്ള എസ്ആർ ബാറ്റ്ലിബോയ് ആൻഡ് കമ്പനിയിലെത്തി. സ്റ്റൈപ‌ൻഡ് കിട്ടിയതോടെ വീട്ടുകാരെ ആശ്രയിക്കാതെ പഠിക്കാൻ കഴിഞ്ഞു. അതുകൊണ്ടു തന്നെ കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന കോഴ്സാണു സിഎ. 

ജോലിയും പഠനവും
ഇന്റേൺഷിപ്പിന്റെ 3 വർഷവും പഠിക്കുന്നവരുണ്ട്. കോസ്റ്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് എന്നിവയെ അപേക്ഷിച്ച് കൂടുതൽ വിപുലമായ സിലബസാണ്. ഷഹബാസ് ഇന്റേൺഷിപ്പിനു ചേർന്ന കമ്പനിയിൽ നല്ല ജോലിയുണ്ടായിരുന്നതിനാൽ അവസാന 6 മാസമാണു പഠിച്ചത്. കൊച്ചി കാക്കനാട്ടു കോച്ചിങ്ങിനു ചേർന്നു. ഉച്ചയ്ക്ക് 1.30നു തുടങ്ങുന്ന പഠനം പുലർച്ചെ 4.30 വരെ. പിന്നെ 7 മണിക്കൂർ ഉറക്കം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നൽകുന്ന സ്റ്റഡി മെറ്റീരിയലിനു പുറമെ ഒട്ടേറെ പുസ്തകങ്ങളും റഫർ ചെയ്തു. 

ഇനിയുമൊരു സ്വപ്നം
രണ്ടു വർഷം ജോലി ചെയ്യണം. അമ്പിലോളി സ്വദേശി  ഉസ്മാൻ കോയയുടെയും സാബിറയുടെയും മകൻ അതുകഴിഞ്ഞു മറ്റൊരു സ്വപ്നത്തിലേക്കു ചുവടു വയ്ക്കും, സിവിൽ സർവീസ്.  

success mantra 

#attitude: ആദ്യതവണ തന്നെ പാസാകണമെന്നു വാശിയുമുണ്ടായിരുന്നു. ആദ്യത്തെയത്ര ആത്മാർഥത പിന്നീടുണ്ടാകില്ല. 

#approach: മുഴുവൻ പഠിച്ചുതീർക്കാമെന്ന വ്യാമോഹം ഉപേക്ഷിച്ചു. പഠിക്കാവുന്നത്ര ഭാഗം നന്നായി പഠിക്കാൻ തീരുമാനിച്ചു. 

#examtip: ഓരോ തിയറിയും കൂട്ടുകാരുമായോ പരിചിത സംഭവങ്ങളുമായോ ബന്ധിപ്പിച്ച് ഓർക്കാൻ എളുപ്പവഴികളുണ്ടാക്കി.