പിഎസ്‌സി പരീക്ഷാ പരിശീലനത്തിനായി കോച്ചിങ് സെന്ററിൽ ചേർന്നത് അവർ ഒരുമിച്ചായിരുന്നു. പഠിച്ചതും പരീക്ഷ എഴുതിയതുമെല്ലാം ഒരുമിച്ചു തന്നെ. ഒടുവിൽ ജോലി കിട്ടി സർക്കാർ സർവീസിൽ ചേരുന്നതും ഒരുമിച്ച് . പറഞ്ഞു വരുന്നത് ഏതെങ്കിലും സഹോദരങ്ങളുടെയോ സുഹൃത്തുക്കളുടെയോ കാര്യമല്ല. ഒരമ്മയും മകളുമാണ് ഒരുമിച്ചു പഠിച്ചു ജയിച്ചു സർക്കാർ ജോലിയിലേക്കു പ്രവേശിക്കുന്നത്.

അമ്മ എൻ. ശാന്തിലക്ഷ്മിക്ക് വയസ്സ് 47. യോഗ്യത ബിഎ, ബിഎഡ്. മൂത്ത മകൾ ആർ. തേൻമൊഴിക്ക് വയസ്സ് 28. യോഗ്യത ബിഎ. തമിഴ്നാട് ഗവൺമെന്റിന്റെ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയാണ് ഈ അമ്മയും മകളും കൂടി ഒരുമിച്ച് പാസ്സായിരിക്കുന്നത്. ഭർത്താവ് എ.രാമചന്ദ്രൻ മരണമടഞ്ഞതോടെയാണ് ശാന്തിലക്ഷ്മി ജോലി അന്വേഷിച്ച് തുടങ്ങിയത്. 

ആയിടെയാണ് മകൾ തേൻമൊഴിയെ തേനി ജില്ലയിൽ ജി. സെന്തിൽകുമാർ എന്ന അധ്യാപകൻ നടത്തുന്ന സൗജന്യ കോച്ചിങ് ക്ലാസിൽ ചേർക്കാൻ കൊണ്ടു പോകുന്നത്. 

തമിഴ്നാട് പിഎസ്‌സി ഗ്രൂപ്പ് 4 ആയി ക്ലാസിഫൈ ചെയ്തിരിക്കുന്ന തസ്തികകളിൽ എസ്എസ്എൽസി വിദ്യാഭ്യാസമെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കുന്നതിന് ഉയർന്ന പ്രായ പരിധിയില്ല. ശാന്തി ലക്ഷ്മിക്ക് താത്പര്യം ഉണ്ടെങ്കിൽ പരിശീലനത്തിന് മകളോടൊപ്പം ചേരാമെന്ന് സെന്തിൽകുമാർ അറിയിച്ചു. എന്നാലൊരു കൈ നോക്കാമെന്നു ശാന്തി ലക്ഷ്മിയും കരുതി.

അങ്ങനെ 'ഉദാഹരണം സുജാത' എന്ന ചിത്രത്തിലെ മഞ്ജു വാര്യർ കഥാപാത്രത്തെ പോലെ മകളുടെ പ്രായമുള്ള വിദ്യാർഥികളോടൊപ്പം ശാന്തി ലക്ഷ്മി പരിശീലനം തുടങ്ങി. 

ക്ലാസിലെ 'സീനിയർ സിറ്റിസൺ' ആണെന്നു വച്ചു സംശയം ചോദിക്കാനൊന്നും ശാന്തി ലക്ഷ്മി മടി കാട്ടിയില്ല. ക്ലാസിൽ വരാൻ സാധിക്കാത്ത ദിവസങ്ങളിൽ മകളുടെ സഹായത്തോടെ പാഠഭാഗങ്ങൾ പഠിച്ചെടുത്തു. ഒടുക്കം ഫലം വന്നപ്പോൾ ഈ വീടിനെ തേടി വിജയത്തിന്റെ ഇരട്ടി മധുരമെത്തി.

ആരോഗ്യ വകുപ്പിലാണ് അമ്മയുടെ നിയമനം. തേൻ മൊഴിക്കു ലഭിച്ചത് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പാണ്. തേൻമൊഴിയെ കൂടാതെ രണ്ടു പെൺമക്കൾ കൂടിയുണ്ട് ശാന്തി ലക്ഷ്മിക്ക്.