‘നമുക്കു ബധിരരുടെ ശബ്ദമായി മാറാനാകുമോ?’ തീർഥ നിർമലിന്റെ ചോദ്യം ആംഗ്യഭാഷയിലായിരുന്നു. സുഹൃത്തുക്കളായ കിങ്‌സിലി ഡേവിഡും പി.പ്രവിജ് കുമാറും കൂടി കൈകോർത്തതോടെ ആ സംരംഭം പിറന്നു, സൈൻ നെക്സ്റ്റ്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയും ബധിരയും മൂകയുമായ തീർഥ ടെക്നോപാർക്കിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ബധിരമൂകനാണു ഭർത്താവ് സനു ചുക്രി.

ബധിരമൂകർക്കുവേണ്ടി നവീനാശയം നടപ്പാക്കുന്ന തീർഥയെ ഗവർണർ അഭിനന്ദിക്കുന്നു. കെ. മുരളീധരൻ എംഎൽഎ, ഗവർണറുടെ ഭാര്യ സരസ്വതി സദാശിവം, മന്ത്രി കെ.കെ ശൈലജ എന്നിവർ സമീപം

ആശയവിനിമയം നടത്താൻ സാധ്യമാകാത്തതിനാൽ അന്യർക്കുമുന്നിൽ ഒറ്റപ്പെടുന്ന ബധിരമൂകർക്കുവേണ്ടിയാണ് സൈൻ നെക്സ്റ്റ് കമ്പനി ആംരംഭിച്ചത്. 

ബധിരമൂകവിഭാഗങ്ങളിൽപ്പെട്ട ഒരാൾ ഡോക്ടറെ കാണാൻ എത്തിയാൽ രോഗവിവരങ്ങൾ പറയുന്നതെങ്ങനെ? ആ ചോദ്യത്തിന് ഉത്തരം നൽകുകയാണു തീർഥയും സുഹൃത്തുക്കളും. ഉടൻ സൈൻ നെക്സ്റ്റിലേക്കു വിളിക്കുക. അവിടെ ആംഗ്യഭാഷ അറിയാവുന്നയാൾ വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ സംസാരിക്കും. ബധിരരോടും മൂകരോടും ആംഗ്യഭാഷയിലൂടെ സംസാരിച്ചശേഷം വിവരങ്ങൾ ഡോക്ടർക്കു പറഞ്ഞുകൊടുക്കും. 

ഈ സംവിധാനം പൊലീസ്, ചൈൽഡ് ലൈൻ ഉൾപ്പെടെ എല്ലാവർക്കും ഉപയോഗിക്കാം. ഒരേസമയം 25 പേരെ സഹായിക്കാനുള്ള സൗകര്യമാണ് സൈൻ നെക്സ്റ്റ് ഒരുക്കുന്നത്. ഒപ്പം, വിദ്യാഭ്യാസവും സാമൂഹികവുമായ വിഷയങ്ങൾ പഠിപ്പിക്കാനുള്ള വിഡിയോകളും വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നുണ്ട്. 

വെബ് വിലാസം: www.signnext.in. വൈകാതെ മൊബൈൽ ആപ്ലിക്കേഷനും വരും.

രാജ്യത്തെ 1.80 കോടി ബധിരമൂകർക്കു കൈത്താങ്ങാകുന്ന സംരഭത്തിന്റെ നായികയായ തീർഥ രാജ്യാന്തര വനിതാവരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാസംരംഭക മീറ്റിലും തിളങ്ങി.