ലഭിച്ചതെല്ലാം മികച്ചത്. ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലാബ് അറ്റൻഡർ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് ജേതാവ് എസ്.അഖിലിന്റെ പിഎസ്‌സി പരീക്ഷാ നേട്ടങ്ങളെ ഇങ്ങനെ വിലയിരുത്താം. വയനാട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്ക്, അസിസ്റ്റന്റ് സെയിൽസ്മാൻ ലിസ്റ്റിൽ ഒൻപതാം റാങ്ക്, എൽഡിസിയിൽ 20–ാം റാങ്ക് എന്നിവയാണ് പ്രധാന നേട്ടങ്ങൾ. മറ്റുചില പിഎസ്‌സി പരീക്ഷകളും എഴുതി ഫലം കാത്തിരിക്കുകയാണ് ഈ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമക്കാരൻ.

വയനാട് കോളേരി മടപ്പള്ളി ഹൗസിൽ ശിവാനന്ദന്റെയും ബീനയുടെയും മകനായ അഖിലിന് സർക്കാർ ജോലി നേടണമെന്നായിരുന്നു ആഗ്രഹം. രണ്ടര വർഷത്തോളം ഇതിനു വേണ്ടി കഠിനപ്രയത്നം ചെയ്തു. തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും പരീക്ഷാ പരിശീലനത്തിന് ഉപയോഗിച്ചു. തൊഴിൽവീഥിയിലെ മോഡൽ ചോദ്യപേപ്പറുകൾ, മുൻ പിഎസ്‌സി ചോദ്യപേപ്പറുകൾ എന്നിവ വളരെയധികം പ്രയോജനം ചെയ്തു. കുറച്ചുകാലം  ബ്രില്ല്യൻസ് കോളജിൽ പരിശീലനം നടത്തി. അവിടെ തൊഴിൽവീഥിയിലെ  പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷകൾ നടത്തിയിരുന്നു. തൊഴിൽവീഥിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇതുവഴി കഴിഞ്ഞു. 

സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽ നിന്നായിരുന്നു ആദ്യ നിയമനം. മൂന്നു മാസം ജോലി ചെയ്തു. തുടർന്ന് എൽഡിസി, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഒരേസമയം നിയമനശുപാർശ ലഭിച്ചു. ഇതിൽ എൽഡി ക്ലാർക്കായി മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ നാലുമാസമായി ഇവിടെ ജോലി ചെയ്യുകയാണ്. ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലാബ് അറ്റൻഡർ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനശുപാർശ ലഭിച്ചാൽ ജോലിയിൽ പ്രവേശിക്കണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അഖിൽ വ്യക്തമാക്കുന്നു.