‘കെ.ജെ. മരിയ ലില്ലി ഈ സ്കൂളിന്റെ ഐശ്വര്യം’ എന്നെഴുതിവച്ചാൽ കലൂർ പൊറ്റക്കുഴി  ലിറ്റിൽ ഫ്ലവർ യുപി സ്കൂളിനെക്കുറിച്ചു പറയാനുള്ളത് എല്ലാമായി. അധ്യാപികയായ മരിയ ലില്ലിയുടെ നേതൃത്വത്തിൽ, ഒരു വർഷംകൊണ്ട് ഒരു സംഘമാളുകളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തടസങ്ങൾ ഓരോന്നായി നീങ്ങിയപ്പോൾ, പൂട്ടാനിരുന്ന പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ സ്കൂളിനു തുടർപ്രവർത്തനം സാധ്യമായി. എയ്ഡഡ് സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെ പിന്തുണ കൂടിയായപ്പോൾ കാര്യങ്ങൾ വിജയത്തിലെത്തി. 

സ്കൂൾ ചരിത്രം 
കലൂർ പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ ചർച്ചിനോടു ചേർന്ന് 1926ൽ പ്രവർത്തനമാരംഭിച്ച ഈ മലയാളം മീഡിയം സ്കൂൾ പരിസരപ്രദേശങ്ങളിൽ ഉയർന്നുവന്ന ഇംഗ്ലിഷ് മീഡിയം സ്കൂളുകളു‍ടെ വളർച്ചയ്ക്കു മുന്നിൽ സ്വാഭാവിക അന്ത്യത്തോട് അടുക്കുകയായിരുന്നു. പരിസരത്തെ സ്കൂളുകളിൽ അംഗബലം  കൂടിയപ്പോൾ ഇവിടെ നിലനിൽപ് അപകടത്തിലായി. 1 മുതൽ 7 വരെ ക്ലാസുകളിലെ ആയിരത്തിലേറെ വിദ്യാർഥികൾക്കായി മൊത്തം 28 ഡിവിഷനുകളും 35 ജീവനക്കാരുമായി സമ്പന്നമായ ഭൂതകാലമുണ്ടായിരുന്ന സ്കൂളിൽനിന്നു കുട്ടികൾ കൊഴിഞ്ഞുപോയതോടെ വിരമിച്ച അധ്യാപകരുടെ ഒഴിവുകളിൽ സർക്കാർ നിയമനം നടക്കാതായി. 2018 മാർച്ചിൽ പ്രധാനാധ്യാപിക ഉൾപ്പടെ 2 അധ്യാപകർകൂടി വിരമിച്ചപ്പോഴാണു സ്കൂളിലെഏക അധ്യാപികയായി മരിയ ലില്ലി മാത്രമായത്. ഇതരസംസ്ഥാനത്തൊഴിലാളികളുടെ മക്കളാണ് 80 ശതമാനം.  42 കുട്ടികളുമായി നഴ്സറി, സ്കൂളിനോടു ചേർന്നു പ്രവർത്തിക്കുന്നു. ഒരേയൊരു ടീച്ചറും ആയയുമാണ് ഇവിടത്തെ കാര്യങ്ങൾ നോക്കുന്നത്. ഇവിടെനിന്നു ലഭിക്കുന്ന വരുമാനം വേതനത്തിനും മറ്റുമായി ചെലവഴിക്കുന്നു. 

ഉയിർത്തെഴുന്നേൽപ്
സ്കൂൾ പൂട്ടുന്നതാണു നല്ലതെന്ന ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനു മുന്നിൽനിന്നാണ് ഒരു കൈ നോക്കാനുറച്ച് മരിയ ലില്ലി രംഗത്തിറങ്ങിയത്. ഏക അധ്യാപികയായി, 2018 ജൂണിൽ പ്രധാനധ്യാപികയുടെ ചുമതലകൂടി വഹിച്ചു സ്ഥാനമേൽക്കുമ്പോൾ  68 കുട്ടികളാണു സ്കൂളിലുണ്ടായിരുന്നത്. അവിടെനിന്നാണു ടീച്ചർ പോരാട്ടം ആരംഭിക്കുന്നത്. അധ്യാപകരില്ലെന്ന പ്രശ്നമാണ്  ആദ്യം പരിഹരിക്കാനുണ്ടായത്. 

സ്കൂൾ നന്നാക്കാനെടുത്ത ടീച്ചറുടെ ഉറച്ച തീരുമാനമറിഞ്ഞു വേതനം കൈപ്പറ്റാതെ 3 അധ്യാപികമാരാണു സ്കൂളിൽ ചേർന്നത്; അനു വർഗീസ്, ബിൻസി അഗസ്റ്റിൻ, നിമ്മി ആന്റണി എന്നിവർ. ഇവരിൽ നിമ്മി, മരിയ ലില്ലിയുടെ മകളാണ്. 3 അധ്യാപകർ മതിയാകില്ലെന്നു മനസിലാക്കി 3,000 രൂപ മാത്രം പ്രതിമാസ വേതനം കൈപ്പറ്റി ജോലി ചെയ്യാൻ തയാറായ 3 പെരെക്കൂടി മരിയ നിയമിച്ചു. ആഴ്ചയിൽ 2 ദിവസം മാത്രം ഹിന്ദി പഠിപ്പിക്കാൻ മറ്റൊരു ടീച്ചറെ 2,000 രൂപ പ്രതിമാസ വേതനത്തിൽ നിയമിച്ചു. ഈയിനത്തിൽ സ്വന്തം ശമ്പളത്തിൽനിന്നാണു മരിയ  മാസംതോറും 14,000 രൂപ നൽകുന്നത്. 

ഈ തുക 2018 ജൂൺ മുതൽ നൽകി വരുന്നു. ഏപ്രിൽ 1 വരെ അതു നൽകണം.  ഇതിന്റെയെല്ലാം ഫലമെന്നോണം ആറാം പ്രവൃത്തിദിനത്തിൽ സർക്കാർ കണക്കെടുപ്പിൽ കുട്ടികളുടെ എണ്ണം 87ലെത്തി. ഇപ്പോൾ 102 ആയി. 105ൽ എത്തിക്കുകയാണു ടീച്ചറുടെ ലക്ഷ്യം. അടുത്ത വർഷം   ഇതു യഥാർഥ്യമാകുമെന്നും  അങ്ങനെ വന്നാൽ 6 അധ്യാപകരുടെ ഒഴിവുകളിലെ നിയമനത്തിനു സർക്കാർ അംഗീകാരം ലഭിക്കുമെന്നാണു പ്രതീക്ഷ.

അടുത്ത വർഷത്തെ പ്രതീക്ഷകൾ
14 പേർ അടുത്ത വർഷത്തെ ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടിയിട്ടുണ്ട്. പച്ചക്കറികളും ഒഷധച്ചെടികളുമായി സ്കൂളിൽ ബയോഡൈവേഴ്സിറ്റി പാർക്ക് ഒരുങ്ങി. ഉദ്ഘാടനം അടുത്ത വർഷം നടക്കും. ഭർത്താവ് സി.എം. ആന്റണി പിന്തുണയുമായി ഒപ്പമുണ്ട്. 2020 മാർച്ചിലാണ് ടീച്ചർ വിരമിക്കുക. തുടർന്ന് സ്കൂളിന്റെ പ്രവർത്തനം മുടങ്ങാതെ നടക്കാനാവശ്യമായ പദ്ധതികൾ  വൈകാതെ വരുമെന്ന പ്രതീക്ഷയിലാണു ടീച്ചർ. 

ഇതര സംസ്ഥാന കുട്ടികളുടെ അഭയ കേന്ദ്രം
102 പേരിൽ 80 പേരും ഇതര സംസ്ഥാനക്കാരുടെ മക്കളാണ്. ഇതര സംസ്ഥാനക്കാരുടെ വിദ്യാഭ്യാസ പദ്ധതിയായ ‘രോഷ്നി’യിലൂടെ സ്കൂളിനു കാര്യമായ സഹായം ലഭിക്കുന്നുണ്ട്. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണു സ്കൂൾ സമയം. രാവിലെ 8.30 മുതൽ 9.30 വരെ രോഷ്നി പദ്ധതിയിലൂടെ മലയാളവും ഇംഗ്ലിഷും പഠിപ്പിക്കും. വൈകിട്ട് 3.30 മുതൽ 4.30 വരെ ഇതരസംസ്ഥാനക്കാർക്കായി ട്യൂഷൻ. ഇതര സംസ്ഥാനക്കാരായ രക്ഷിതാക്കൾക്കു തയ്യൽ ക്ലാസ് നൽകുന്ന പദ്ധതി തയാറായിട്ടുണ്ട്. ഇതു നടപ്പാക്കുന്നതോടെ ഇത്തരം രക്ഷിതാക്കൾക്കു വരുമാന മാർഗവും സ്കൂളിന്റെ നിലനിൽപിനു താങ്ങുമാകുമെന്നാണു പ്രതീക്ഷയെന്നു മരിയ ലില്ലി പറഞ്ഞു. 

പൂട്ടാനിരുന്ന സ്കൂളിൽ നിന്നു വേറിട്ട പദ്ധതികൾ
നിലനിൽപ് അപകടത്തിലായിരുന്നപ്പോഴും  ഓരോ വർഷവും ഈ സ്കൂളിൽ ഓരോ വേറിട്ട പദ്ധതി നടപ്പാക്കിയിരുന്നു. പേപ്പർ പെൻസിൽ നിർമാണം, തുണിസഞ്ചി നിർമാണം എന്നിങ്ങനെ. പൂർവവിദ്യാർഥികളെ ഉൾപ്പെടുത്തി 8 പേർ അടങ്ങിയ സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് ഇത്തരം പ്രവർത്തനങ്ങളെ സഹായിക്കുന്നു. ഇവരുടെ ആശയത്തിൽനിന്നാണ് അടുത്ത കാലത്തു പഴയ ക്ഷണക്കത്തുകളും മറ്റും ഉപയോഗിച്ചു ബുക്ക് മാർക്ക് നിർമിച്ചു വിൽപന നടത്തിയത്. ഇതു വൻ ഹിറ്റായി. ഇതുവഴി ലഭിച്ച 15,400 രൂപ വിനിയോഗിച്ച് 3 സ്കൂൾ ലൈബ്രറികൾക്കു പുസ്തകങ്ങൾ വാങ്ങിക്കൊടുത്തു. 

ഒഴുകിയെത്തിയ സഹായങ്ങൾ
മരിയ ലില്ലിയുടെ ഉത്സാഹം തിരിച്ചറിഞ്ഞ് സ്കൂളിനായി എന്തെങ്കിലും സഹായം ചെയ്യണമെന്ന തീരുമാനവുമായി രംഗത്തെത്തിയവർ ചെയ്ത സഹായങ്ങളേറെ.  സ്കൂൾ ചുമരുകൾ കാർട്ടൂൺ കഥാപാത്രങ്ങളാൽ അലങ്കരിച്ചത് സെന്റ് തെരേസാസ് കോളജിലെ ഫാഷൻ ഡിസൈൻ വിഭാഗത്തിന്റെ സഹകരണത്തോടെയാണ്. 

വിരമിച്ച അധ്യാപികയും ടിസിഎസ് കമ്പനിയും ചേർന്ന് അലമാരകൾ നൽകി. കഴിഞ്ഞവർഷം വിരമിച്ച അധ്യാപിക ലത ദിവസവും സ്കൂളിലെത്തി മരിയ ലില്ലിയെ സഹായിക്കും. പിടിഎ പ്രസിഡന്റ് ടോണി ജോസ്, സ്കൂൾ സ്റ്റാഫ് ഐ.എം. പാട്രിക്ക് എന്നിവരുടെ സേവനങ്ങളും ടീച്ചർ എടുത്തുപറയുന്നു. 

ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും നൽകിയ സംഭാവനകളിലൂടെ അടുത്ത വർഷത്തേക്കാവശ്യമായ ബുക്ക്, ബാഗ്, പെൻസിൽ, പേന എന്നിവയിൽ നല്ലൊരു പങ്ക് സ്റ്റോക്ക് ചെയ്യാനായിട്ടുണ്ട്. 

സ്കൂൾ ഇനി അതിരൂപതയുടെ തണലിൽ
സ്കൂളിന്റെ നടത്തിപ്പ് അടുത്ത വർഷം മുതൽ വരാപ്പുഴ അതിരൂപതയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകുമെന്നു സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി വ്യക്തമാക്കി. ഇതോടെ സ്കൂളിലെ അധ്യാപക നിയമനം അതിരൂപതയുടെ ടീച്ചേഴ്സ് ബാങ്കിൽനിന്നാകും. സ്കൂൾ ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധിക്കു  പരിഹാരമാകും.  

ഭൗതിക സാഹചര്യങ്ങൾ  മെച്ചപ്പെടുത്താനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഉപയോഗശൂന്യമായ ഹാൾ നന്നാക്കിയെടുക്കാൻ സർക്കാരിൽനിന്ന് അനുമതി ലഭിച്ചു. വോട്ടെടുപ്പു കഴിഞ്ഞാൽ പ്രവൃത്തി ആരംഭിക്കും. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കിവരികയാണ്. 15 ലക്ഷം രൂപ  ചെലവു പ്രതീക്ഷിക്കുന്നു. നിലവിലുള്ള 3 നില കെട്ടിടം 4 നിലയാക്കാനും പദ്ധതിയുണ്ട്. ഒരു കാലത്ത് 1200 കുട്ടികൾ വരെ പഠിച്ചിരുന്ന സ്കൂളിൽ പിന്നീടു നിലവാരം നിലനിർത്താനാകാതെ പോയതാണു കുട്ടികൾ കുറയാൻ കാരണം. സ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിൽ സ്കൂളിനെ പഴയ നിലയിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടാണു രൂപത നടപടികൾ സ്വീകരിക്കുന്നതെന്നും ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി പറഞ്ഞു.