ഉത്തര്‍പ്രദേശിലെ ബാണ്ടയില്‍ നിന്നുള്ള റിതേഷ് ലാല്‍വാനിയാണു ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്(ഗേറ്റ്) പരീക്ഷയിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് സ്ട്രീമില്‍ ഈ വര്‍ഷത്തെ ടോപ്പര്‍. സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ ശരാശരി വിദ്യാർഥി മാത്രമായിരുന്ന റിതേഷിന് ഇത്തരമൊരു വിജയത്തിനു പ്രചോദനമായതു രണ്ടു സംഗതികളാണ്. ഒന്നു റിതേഷിന്റെ കോളജിലെ സീനിയേഴ്‌സ്. രണ്ടാമത് ഇന്ത്യന്‍ അത്‌ലറ്റ് മില്‍ഖാ സിങ്ങിന്റെ ജീവിതകഥ പറഞ്ഞ ഭാഗ് മില്‍ഖ ഭാഗ് എന്ന ചലച്ചിത്രം. 

സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗുര്‍ബാനി(സിഖ് വിശുദ്ധ ഗ്രന്ഥത്തിലെ വരികള്‍) തന്നെ നിരന്തരം പ്രചോദിപ്പിച്ചതായും അവനവനില്‍ വിശ്വാസമര്‍പ്പിക്കാന്‍ അവ പ്രേരിപ്പിച്ചതായും റിതേഷ് പറയുന്നു. ഗേറ്റില്‍ അഖിലേന്ത്യ തലത്തില്‍ 51-ാമതെത്തിയ ഒരു സീനിയര്‍ വിദ്യാർഥിയാണ് ഉപരിപഠനത്തിനും വിവിധ ജോലികള്‍ക്കും ഗേറ്റ് തുറന്നിടുന്ന സാധ്യതകള്‍ വിവരിച്ചത്. 

അങ്ങനെ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് പഠനത്തിനിടെ റിതേഷ് ഗേറ്റ് പരിശീലനം ആരംഭിച്ചു. 2018ല്‍ പരീക്ഷ എഴുതിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചില്ല. ഉപരിപഠനത്തിനു നല്ലൊരു കോളജില്‍ സീറ്റ് ലഭിക്കാന്‍ ആ സ്‌കോര്‍ മതിയാകുമായിരുന്നു. എന്നാല്‍ പഠിച്ചു നടക്കാതെ, പഠിച്ചതു പ്രവര്‍ത്തി പഥത്തിലെത്തിക്കാനായിരുന്നു റിതേഷിന് താത്പര്യം. അതിനാല്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടെ 2019ലെ പരീക്ഷ എഴുതി. 

ഒന്നാം റാങ്കുകാരനായിട്ടും ഉപരിപഠനത്തിനല്ല റിതേഷ് ഇനി പോകുന്നത്. യുപിഎസ്‌സിയുടെ ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസസ്(ഐഇഎസ്) പരീക്ഷ എഴുതി എടുക്കണമെന്നാണ് ആഗ്രഹം. അതിന്റെ പ്രിലിമിനറി പരീക്ഷ ജയിച്ചു കഴിഞ്ഞു. ഇനി ജൂണ്‍ 30ന് നടക്കുന്ന മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കണം. പഠിച്ച കാര്യങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ നടപ്പാക്കാനായില്ലെങ്കില്‍ ആ അറിവു കൊണ്ടൊരു പ്രയോജനവുമില്ലെന്ന പക്ഷക്കാരനാണ് ഈ ഒന്നാം റാങ്കുകാരന്‍. 

ഭോപ്പാലിലെ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നു ബിടെക്ക് പഠനം പൂര്‍ത്തിയാക്കിയ റിതേഷ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കും അപേക്ഷിക്കുന്നുണ്ട്. ഐഇഎസ് എഴുതി എടുക്കാനായില്ലെങ്കില്‍ വേറെ ഏതെങ്കിലും പൊതു മേഖലാ സ്ഥാപനത്തിലെ ജോലിക്കായി ശ്രമിക്കണമെന്നാണു തീരുമാനം. 

കോച്ചിങ് ടൂട്ടോറിയല്‍ നോട്ടുകള്‍  പിന്തുടരുന്നതിനൊപ്പം ചിട്ടയായി നടത്തിയ ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റുകളാണ് റിതേഷിന്റെ വിജയരഹസ്യം. സംശയങ്ങള്‍ പരിഹരിക്കാന്‍ അധ്യാപകരുടെയും ഇലക്ട്രിക്കല്‍ മെഷീനറി(പി.എസ്. ഭിംബ്ര), പവര്‍ സിസ്റ്റംസ്(സി.എല്‍. വാഥ്വ) തുടങ്ങിയ പുസ്തകങ്ങളുടെയും സഹായം തേടി.