നൊബേൽ ജേതാവ് അമർത്യ സെൻ ഇന്ത്യയിലേക്കു വരുമ്പോൾ ഒരുപാടു കമ്പിളിയുടുപ്പുകൾ കൊണ്ടുവരുന്നുണ്ടെന്നു ചില വിമർശകർ പറയാറുണ്ട്. വിദേശത്തു താമസമാക്കിയ സെന്നിന് ഇവിടത്തെ സാമ്പത്തിക, സാമൂഹിക യാഥാർഥ്യങ്ങൾ അറിയില്ലെന്നു പരിഹസിക്കാനാണു കമ്പിളിയുടുപ്പിന്റെ ഉപമ ഉപയോഗിക്കുന്നത്. എന്നാൽ അമർത്യ സെന്നിന്റെ കൂട്ടെഴുത്തുകാരനും പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്‌ഞനുമായ ജീൻ ദ്രേസിനെക്കുറിച്ച് അങ്ങനെയൊരു വിമർശനമുണ്ടാവില്ല. കാരണം ബൽജിയത്തിൽ ജനിച്ച ദ്രേസ് പതിറ്റാണ്ടുകളായി ഇന്ത്യയിലാണ് കഴിയുന്നത്. മാത്രവുമല്ല മറ്റാരെക്കാളും നന്നായി ദ്രേസിന് ഇന്ത്യയെ അറിയാം. ഈ നാടിനോടുള്ള ഇഷ്‌ടം കൊണ്ട് പഠിക്കാൻ വന്നു. താമസം രണ്ടുപതിറ്റാണ്ടിലേറെ നീണ്ടപ്പോൾ ഇന്ത്യൻ പൗരനുമായി. മനുഷ്യാവകാശ പ്രവർത്തകയായ ബേലാ ഭാട്ടിയയാണ്  ജീവിതപങ്കാളി. കശ്‌മീർ തൊട്ടു കന്യാകുമാരി വരെ ഇന്ത്യയെ അതിന്റെ എല്ലാ കുറവോടെയും നിറവോടെയും അറിയാം. അധികം വിലയില്ലാത്ത ഒരു ഖാദി കുർത്തയും പാന്റും തോൾസഞ്ചിയും മതി ദ്രേസിന്.

ഇന്ത്യൻ ഗ്രാമങ്ങളുടെ വയറു നിറച്ച ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ കരടെഴുതി തയാറാക്കിയ ആൾ-ദ്രേസിനെ അറിയാൻ ഈ ഒറ്റ വരി മതി. കർഷകരെക്കുറിച്ച് അദ്ദേഹം പഠിച്ചത് അവരെപ്പോലെ കൃഷി ചെയ്‌ത്, കാലികളെ വളർത്തി, കുടിലുകളിൽ ഉറങ്ങിയാണ്. ദ്രേസ് ഗവേഷണം നടത്തുമ്പോൾ സാമ്പത്തികശാസ്‌ത്രം സാമൂഹികശാസ്‌ത്രം കൂടിയാകുന്നു. വിശപ്പിനെക്കുറിച്ചും കുട്ടികളിലെ പോഷകാഹാരക്കുറവിനെക്കുറിച്ചുമെല്ലാം പഠിക്കുകയും പരമ്പരാഗത ധാരണകളെ തിരുത്തുകയും ചെയ്‌തിട്ടുണ്ട് അദ്ദേഹം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തികശാസ്‌ത്രജ്‌ഞരിൽ ഒരാളായിട്ടും അക്കാദമിക പൊങ്ങച്ചങ്ങൾക്കു നിൽക്കാറില്ല. ആക്‌ടിവിസത്തെ ഗവേഷണത്തിൽ നിന്നു മാറ്റിനിർത്തണമെന്ന നിലപാടുകളോടും ദ്രേസിനു യോജിപ്പില്ല.

ഒരു ആദിവാസിക്കുടിയുടെ പിന്നാമ്പുറത്താണു ദ്രേസിന്റെ ജീവിതം. റാഞ്ചി സർവകലാശാലയിലും ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്‌സിലും അധ്യാപകനാണെങ്കിലും ശമ്പളം പറ്റുന്നില്ല. പുസ്‌തകങ്ങളും ലേഖനങ്ങളും എഴുതിക്കിട്ടുന്ന വരുമാനം കൊണ്ടാണു ജീവിതം. നീതി നിഷേധിക്കപ്പെടുന്നതു കണ്ടുനിൽക്കാറില്ല. സാമൂഹികപ്രക്ഷോഭങ്ങളിലേക്ക് ഇറങ്ങാൻ മടിക്കാറുമില്ല. തെറ്റുകൾ കണ്ടില്ലെന്നു നടിക്കാറില്ല അദ്ദേഹം. ബോധ്യങ്ങൾ നിർഭയം പറഞ്ഞതിന്റെ പേരിൽ മന്ത്രിമാരടക്കമുള്ള വലിയ സദസ്സുകളിൽ നിന്നു ദ്രേസിനെ ഇറക്കിവിട്ടിട്ടുണ്ട്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ അദ്ദേഹം വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു-മുകളിൽ നിന്നു ഗോവണി കയറാനുള്ള ശ്രമം.

മാവോയിസ്‌റ്റ് ചായ്‌വുള്ളയാളെന്നും വിദേശചാരനെന്നും ആക്രോശിക്കുന്നവർ ഏറെ. ഇതിനെല്ലാമുള്ള മറുപടിയാണു ദ്രേസിന്റെ ജീവിതം. എതിർക്കുന്നവരേക്കാളും ഇന്ത്യക്കാരനാണു താനെന്നു ദ്രേസിനു നന്നായറിയാം. നിരന്തരമായ യാത്രകളും അധ്യാപനവും ഗവേഷണങ്ങളും സമരങ്ങളും എഴുത്തുമെല്ലാമായി തിരക്കിലാണ് അദ്ദേഹം. ഇടയ്‌ക്ക് രാമചന്ദ്ര ഗുഹയെപ്പോലുള്ള സുഹൃത്തുക്കൾ തേടി വരും. ദ്രേസിൽ നിന്ന് ഊർജം സംഭരിച്ച് അവർ മടങ്ങും. ദ്രേസുമൊത്തു പുസ്തകങ്ങൾ എഴുതുന്നതിനെക്കുറിച്ച് അമർത്യ സെൻ ഒരിക്കൽ പറഞ്ഞു: ‘90 ശതമാനം പണിയും ദ്രേസാണ് എടുക്കുന്നത്. പക്ഷേ, പ്രശസ്‌തി കൂടുതലും കിട്ടുന്നത് എനിക്കും’.