നാലാം വയസിലാണ് ആനിയുടെ പപ്പ മരിക്കുന്നത്. വേർപാടിന്റെ വിഷമവും വേദനയും മറക്കാൻ കുറേക്കാലമെടുത്തു. തിരിച്ചറിവായിത്തുടങ്ങിയപ്പോഴാണ് പലരും പറഞ്ഞറിഞ്ഞത്, മദ്യപാനമാണ് പപ്പയുടെ ജീവനെടുത്തത്. മരണത്തിലേക്കാണ് എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരൊക്കെ മദ്യപിക്കുന്നുവെന്ന ചോദ്യം ആനി തന്നോടു തന്നെ ചോദിച്ചുകൊണ്ടിരുന്നു. ഉത്തരം കിട്ടാതിരുന്നതുകൊണ്ടാവാം, ആനി ആ ചോദ്യം മറ്റൊരാളോടു ചോദിച്ചു. സാക്ഷാൽ നരേന്ദ്ര മോദിയോട്. ആ ചോദ്യം സൃഷ്ടിച്ച അലയൊലികൾ ആനിയുടെ ജീവിതം മാറ്റിമറിച്ചു. ലഹരിയെ ചെറുക്കാൻ എണ്ണൂറിലേറെ വേദികളിൽ പ്രചോദനാത്മക ക്ലാസുകൾ നയിച്ച മോട്ടിവേഷനൽ സ്പീക്കർ ആയി ആനി മാറി. അതും 18 വയസു തികയും മുൻപേ!

അയ്യന്തോൾ പ്രിയദർശിനി നഗർ സെക്കൻഡ് അവന്യുവിൽ റിബു ജോഷിയുടെയും റോബിയുടെയും മകളാണ് ആനി. തൃശൂർ അമൃത വിദ്യാലയത്തിൽ നിന്നു പ്ലസ്ടു പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിനു പ്രവേശനം നേടി കാത്തിരിക്കുകയാണ് ആനി. ഏറ്റവും പ്രായം കുറഞ്ഞ മദ്യവിരുദ്ധ പ്രവർത്തക, ബ്ലോഗർ, പ്രസംഗക തുടങ്ങിയ വിശേഷണങ്ങൾ പേരിനൊപ്പം വന്നുചേർന്നതിനെക്കുറിച്ച് ആനി പറയുമ്പോൾ അതിലൊരു നൊമ്പരപ്പെടുത്തുന്ന വേർപാടിന്റെ കഥയുണ്ട്. 14 വർഷം മുൻപാണ് ആനിയുടെ പപ്പ അമിത മദ്യപാനം മൂലം മരിക്കുന്നത്. തിരിച്ചറിവാകുന്തോറും മദ്യപാനത്തിന്റെ പരിണിതഫലങ്ങളെക്കുറിച്ചു മനസിലാക്കാൻ ആനി ശ്രമം തുടങ്ങി. തന്റെ കുടുംബത്തിലും സുഹൃത്തുക്കളുടെ കുടുംബങ്ങളിലും മദ്യപാനികൾ വേറെയും ഉണ്ടെന്നു മനസിലാക്കിയതോടെ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ബ്ലോഗിങ് ആരംഭിച്ചു. തന്റെ അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാവരുതേ എന്ന പ്രാർഥനയായിരുന്നു ബ്ലോഗിങ്ങിനു പിന്നിൽ. 

ബ്ലോഗ് ശ്രദ്ധേയമായി. പ്രശംസകൾ പല കോണിൽ നിന്നെത്തി. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ജീവിതം മാറ്റിമറിച്ച സംഭവം. നമ്മുടെ കുട്ടികളെ എങ്ങനെ ലഹരി മാഫിയയിൽ നിന്നു രക്ഷിക്കാമെന്ന ചാലഞ്ച് ആനി പ്രധാനമന്ത്രിയോടു വിഡിയോ രൂപത്തിൽ ചോദിച്ചു. ദേശീയ, രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായതോടെ വിഡിയോ വൈറലായി. ഇതോടെ സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ ക്ലാസുകൾ നയിക്കാൻ ക്ഷണം ലഭിച്ചു തുടങ്ങി. പ്ലസ്ടു പഠനം പൂർത്തിയാകുമ്പോഴേക്കും ആനി പിന്നിട്ട വേദികളുടെ എണ്ണം 800 കടന്നിരുന്നു.