പർവതാരോഹകൻ, ഗുസ്തി താരം, സ്കൈ ഡൈവർ, അധ്യാപകൻ, മോട്ടിവേഷനൽ സ്പീക്കർ....ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് എറിക് വെയ്ൻമെയർക്ക്. കീഴടക്കിയ പർവതങ്ങളെയോ എതിരാളികളെയോ കാണാനുള്ള ഭാഗ്യം പക്ഷേ, ഈ പ്രതിഭയ്ക്കില്ല. കാരണം 13 വയസ്സുള്ളപ്പോൾ എറിക്കിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. അതിനു ശേഷമാണ് എറിക് വിധിക്കെതിരെ പടവെട്ടിത്തുടങ്ങിയത്.

1968 െസപ്റ്റംബർ 23 ന് അമേരിക്കയിലെ പ്രിൻസ്റ്റണിലാണു ജനനം. ഒന്നര വയസ്സായപ്പോഴെക്കും കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. വിദൂരമല്ലാത്ത ഭാവിയിൽ എറിക്കിനു  കാഴ്ച പൂർണമായി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിവിധികളില്ലെന്നും അന്നേ ഡോക്ടർമാർ പറഞ്ഞിരുന്നു. എങ്കിലും ഏറെ പ്രതീക്ഷയോടെയായിരുന്നു ജീവിതം. കാഴ്ച നഷ്ടപ്പെട്ടതോടെ നിരാശയുടെ കുഴിയിലേക്ക് എറിക് അടിതെറ്റി വീണു. അവനു ലോകത്തോടു മുഴുവൻ വെറുപ്പായി. ബ്രെയ്ൽ ലിപി പഠിക്കാൻ പോലും ആദ്യ നാളുകളിൽ വിസമ്മതിച്ചു. ഏറെ നാൾ അടച്ചിട്ട മുറിയിൽ ആരോടും മിണ്ടാതെ കിടന്നു. നടക്കുന്നതിനു വടിയുടെ സഹായം പോലും സ്വീകരിക്കാൻ അവൻ കൂട്ടാക്കിയില്ല. എന്നാൽ പതുക്കെ യാഥാർഥ്യത്തോടു പൊരുത്തപ്പെടാതെ മാർഗമില്ലെന്ന് എറിക് മനസ്സിലാക്കി. പിന്നീടു വാശിയായിരുന്നു തന്റെ ജീവിതത്തെ തോൽപിക്കാൻ ശ്രമിച്ച വിധിയോടു തോറ്റു പോകാതിരിക്കാനുള്ള വാശി. 

ബാസ്കറ്റ് ബോളും വോളിബോളും കളിക്കാൻ ചെറുപ്പത്തിലേ വലിയ താൽപര്യമായിരുന്നു. എന്നാൽ കളിക്കളത്തിൽ നിന്ന് എറിക് പുറത്തായി. എങ്കിലും അവന്റെയുള്ളിലെ കായികതാരം അടങ്ങിയിരിക്കാൻ തയാറായില്ല. പിന്നീടു ഗുസ്തിയുടെ കളത്തിൽ എതിരാളികളുടെ പേടി സ്വപ്നമായി മാറി എറിക്. 12–ാം ക്ലാസിൽ പഠിക്കുമ്പോൾ ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പിൽ പങ്കെടുക്കാനാവും വിധം മികവുറ്റ ഗുസ്തിക്കാരനായി.

ബിരുദം നേടിയശേഷം കുറേക്കാലം അധ്യാപകനായും പരിശീലനകനായും ജോലി ചെയ്തു. കുട്ടിക്കാലത്തേ സാഹസിക പ്രവർത്തനങ്ങളെ ഇഷ്ടപ്പെട്ടിരുന്ന എറിക്കിന്റെ താൽപര്യം ക്രമേണ പർവതാരോഹണത്തിലേക്കു ഗതിമാറി. താൽപര്യം അറിഞ്ഞവർ ആദ്യം അവനെ വിലക്കി. ചെയ്തു കൂട്ടുന്ന അബദ്ധത്തിൽ ജീവൻ പോലും നഷ്ടപ്പെടാമെന്നു ബന്ധുക്കളും കൂട്ടുകാരും ഉപദേശിച്ചു. പക്ഷേ, തോറ്റു കൊടുക്കാനുള്ളതായിരുന്നില്ല എറിക്കിനു ജീവിതം. ഏറെക്കാലം പരിശീലിച്ചു. പാറക്കെട്ടുകളിലും മഞ്ഞുമലകളിലും മലയിടുക്കുകളിലും എറിക് ചുവടുറപ്പിച്ചു. 

2 വർഷത്തെ നിരന്തര പരിശീലനത്തിനുശേഷം സംഘാംഗങ്ങളായ 17 പേരോടുമൊപ്പം എറിക് എവറസ്റ്റ് കയറാൻ ആരംഭിച്ചു. 2 മാസം നീണ്ട അതിസാഹസികമായ യാത്ര ലക്ഷ്യം കണ്ടു. 2001 മേയ് 24 ന് എറിക്കും സംഘവും എവറസ്റ്റിനു മുകളിൽ കാലു കുത്തി. എറിക്കും കൂട്ടരും എവറസ്റ്റ് കീഴടക്കുന്ന യാത്രയുടെ ഡോക്യുമെന്ററി സാഹസിക വിഭാഗത്തിൽ ലോകത്തിൽ ഇതു വരെ ഉണ്ടായിട്ടുള്ള മികച്ച 20 ഡോക്യുമെന്ററികളിൽ ഒന്നായാണു കണക്കാക്കുന്നത്. 2005 ൽ അലാസ്കയിലെ ദെനാലി പർവതം കീഴടക്കി.

2014 സെപ്റ്റംബറിൽ സഹപ്രവർത്തകരോടൊപ്പം ലോകത്തിലെ ഏറ്റവും ദുർഘട നദികളിലൊന്നായ ഗ്രാൻഡ് കന്യനിലൂടെ 277 മൈൽ തോണിയിൽ സഞ്ചരിച്ച് എറിക് വീണ്ടും ലോകത്തെ ഞെട്ടിച്ചു. കൂടാതെ ബൈക്ക് റെയ്സിലും അത്‍ലറ്റിക്സിലും സ്കൈ ഡൈവിങ്ങിലും മഞ്ഞു പാളികൾക്കു മുകളിലൂടെയുള്ള സ്കിഡിലും എറിക്ക് മികച്ച പ്രകടനം കാഴ്ച വച്ചു. അങ്ങനെ ചരിത്രം സൃഷ്ടിക്കാൻ അന്ധത തടസ്സമല്ലെന്ന് എറിക്ക് തെളിയിച്ചു.

വിവിധ രാജ്യങ്ങളിലെ മുൻനിര കമ്പനികളിൽ എറിക് പ്രചോദനാത്മക പരിശീലകനാണിപ്പോൾ. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, പെപ്സി തുടങ്ങിയവ അവയിലുള്‍ പ്പെടുന്നു. ഏഷ്യാ–പസഫിക് ഇക്കണോമിക് കോ–ഓപ്പറേഷന്റെ ഉന്നത തല സമ്മേളനത്തിലടക്കമുള്ള പല രാജ്യാന്തര സമ്മേളനങ്ങളിലും എറിക്ക് പങ്കെടുത്തു. അന്ധതയുടെ പേരിൽ ആരും തന്നെ മാറ്റി നിർത്താൻ പാടില്ലെന്നത് എക്കാലത്തും എറിക്കിന്റെ നിര്‍ബന്ധങ്ങളിലൊന്നാണ്. ഹെലൻ കെല്ലര്‍ അവാർഡ്, നിക്സ് കേസി മാർട്ടിൻ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ എറിക് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച സാഹസിക വ്യക്തികളിൽ ഒരാളായി 2017 –ൽ എറിക് തെരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനുള്ള ‘നോ ബാരിയേഴ്സ്’ എന്ന സംഘടനയുടെ അമരക്കാരൻ കൂടിയാണ് ഇപ്പോൾ എറിക് വെയ്ൻമെയർ.