സാമൂഹിക സേവനം എന്ന ആഗ്രഹം ചെറുപ്പം മുതൽക്കേ മനസ്സിൽ കയറിയ കോന്നി കുമ്മണ്ണൂർ മുളന്തറ ബാഷ മൻസിലിൽ ബാഷ മുഹമ്മദിന് സിവിൽ സർവീസ് പരീക്ഷയിൽ 565–ാം റാങ്ക്. പല സംഭവങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ ഇ‌‌ടപെടൽ ബാഷ ശ്രദ്ധയോടെ നിരീക്ഷിച്ചിട്ടുണ്ട്. 10-ാം ക്ലാസിൽ ഉറപ്പിച്ചു സിവിൽ സർവീസ് എഴുതാൻ. 

ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നിശ്ചയദാർഢ്യം വലിയൊരു ഘടകമാണെന്നും ബാഷ തെളിയിച്ചു. തുടർച്ചയായി 3-ാം തവണയും നടത്തിയ ശ്രമത്തിലാണ് ആഗ്രഹം സഫലമായത്. തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാദമിയിൽ 2015ൽ പരിശീലനം പൂർത്തിയാക്കി തൊട്ടടുത്ത വർഷം തന്നെ പരീക്ഷ എഴുതി. പ്രിലിമിനറി ലഭിച്ചെങ്കിലും ഇന്റർവ്യൂവിൽ പരാജയപ്പെട്ടു. 2017ലും ശ്രമിച്ചപ്പോൾ ഇതേ അവസ്ഥയായിരുന്നു. 2018ൽ പരീക്ഷ എഴുതിയപ്പോൾ വിജയം മനസ്സിൽ ഉറപ്പിച്ചു. 

ഫലം വന്നപ്പോൾ റാങ്ക് പട്ടികയിൽ എത്തുകയും ചെയ്തു. 10–ാം ക്ലാസ് വരെ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്കൂളിലായിരുന്നു പഠനം. പിന്നീട് ഐരവൺ പിഎസ്‌വിപിഎം എച്ച്എസ്എസിൽ ഹ്യുമാനിറ്റീസ്. എല്ലാ വിഷയത്തിനും എ പ്ലസോടെ വിജയം. തുടർന്ന് പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ ഇംഗ്ലിഷ് ലിറ്ററേച്ചറിൽ ബിരുദം. പ്രവാസിയായിരുന്ന ബാബുജാന്റെയും വീട്ടമ്മയായ ഷഹുബാനത്തിന്റെയും മകനാണ്. കൊന്നപ്പാറ വിഎൻഎസ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥി ബിൻഷ മുഹമ്മദ് സഹോദരനാണ്.