ഏഴു വർഷം ജോലി ചെയ്ത സ്ഥാപനം ഒരു ദിവസം നിർദാക്ഷണ്യം ഇറക്കിവിട്ടപ്പോൾ വീണയ്ക്ക് പിടിച്ചു നിൽക്കാൻ ഒരു ജോലി അത്യാവശ്യമായിരുന്നു. ദേവസ്വം റിക്രൂട്മെന്റ് ബോർഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കോടെ അത് നേടാനായതിൽ ആത്മാഭിമാനവും. പ്രതിസന്ധികളിൽ പതറാതെ ഇച്ഛാശക്തിയോടെ  പൊരുതിയ വീണ എസ് നാഥ് അർഹിക്കുന്ന നേട്ടമാണ് ഈ ഒന്നാംറാങ്ക്.

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു വീണ. ഡേറ്റ എൻട്രി ഒാപ്പറേറ്റർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ അവിടെ സ്ഥിരനിയമനത്തിന് അവസരം ലഭിച്ചിട്ടും രാഷ്ട്രീയ ഇടപെടൽ അതെല്ലാം തട്ടിതെറിപ്പിച്ചു.  2017 അവസാനം ജോലിയിൽ നിന്നുതന്നെ പിരിച്ചുവിട്ടു.  ഇതോടെ ഒരു സ്ഥിരനിയമനം നേടിയിട്ടുതന്നെ കാര്യം എന്നു വീണയും ഉറപ്പിച്ചു.  തിരുവനന്തപുരം കോൺഫിഡന്റിൽ പരീക്ഷാ പരിശീലനം ആരംഭിച്ചു. ഒരു വർഷത്തോളം ഇവിടെ പരിശീലനം നടത്തി. തൊഴിൽവീഥിയും പരീക്ഷാ പരിശീലനത്തിനുപയോഗിച്ചു. തൊഴിൽവീഥിയുടെ  കഴിഞ്ഞ ഒരു വർഷത്തെ ലക്കങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. 

വൈകി പരീക്ഷാപരിശീലന രംഗത്തെത്തിയതിനാൽ തുടക്കത്തിൽ അൽപം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ പിന്നീട് അതെല്ലാം തരണം ചെയ്തു. വിവിധ തസ്തികകളിൽ അപേക്ഷ നൽകിയിട്ടുണ്ട്. പലതിന്റെയും പരീക്ഷ കഴിഞ്ഞു. ലിസ്റ്റിൽ മികച്ച വിജയം നേടാൻ കഴിയുമെന്നാണ് വീണയുടെ പ്രതീക്ഷ. മുൻപു പരീക്ഷ എഴുതിയ കമ്പനി/കോർപറേഷൻ/ബോർഡ് സിഎ ഗ്രേഡ് രണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രാക്ടിക്കൽ പരീക്ഷയും കഴിഞ്ഞു റാങ്ക് ലിസ്റ്റ് പ്രതീക്ഷിച്ചിരിക്കയാണ്. 

ഇക്കണോമിക്സിൽ ബിരുദവും കൊമേഴ്സ്യൽ പ്രാക്ടീസിൽ  ഡിപ്ലോമയും നേടിയ വീണ തിരുവനന്തപുരം തിരുമല അണ്ണൂർ മുരളികയിൽ രാമനാഥൻ നായരുടെയും ശോഭനകുമാരിയുടെയും മകളാണ്. ഭർത്താവ് എൻ.എസ്.ബാലമോഹൻ സ്പോർട്സ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറാണ്. ഏക മകൻ വി. നിവേദ് മോഹൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. ഭർത്താവ് ബാലമോഹന്റെയും അദ്ദേഹത്തിന്റെ മാതാപിതാക്കളായ ശ്രീധരൻ നായരുടെയും നളിനകുമാരിയുടെയും പ്രോൽസാഹനം റാങ്ക് നേട്ടത്തിൽ നിർണായകമായെന്നു വീണ പറയുന്നു. ജോലിയിൽ പ്രവേശിച്ചാലും പരീക്ഷാ പരിശീലനം തുടരാൻ തന്നെയാണ് വീണയുടെ തീരുമാനം.