ലളിതമായ ഒരു ഉപകരണത്തിന്റെ കണ്ടുപിടിത്തമാണ് അമേരിക്ക എന്ന രാജ്യം സമ്പന്നതയിലേക്കു വളരാൻ വഴിയൊരുക്കിയത്. സാമൂഹിക, സാമ്പത്തിക രംഗത്തൊക്കെയും വിപ്ലവകരമായ മാറ്റം വരുത്തിയ ആ ഉപകരണം കണ്ടുപിടിച്ചത് ഇലൈ വിറ്റ്നിയും. കണ്ടുപിടിച്ച ഉപകരണം പരുത്തിയിൽ നിന്നും കുരു വേർതിരിക്കുന്ന സംവിധാനവും. കണ്ടുപിടിച്ച ആൾക്ക് ഇതിലൂടെ സമ്പന്നനാകാനായില്ലെങ്കിലും ഒരു രാഷ്ട്രത്തെ തന്നെ സമ്പന്നതയിലേക്കു നയിക്കാൻ ഈ ഉപകരണത്തിനായി. അതുകൊണ്ടുതന്നെ അമേരിക്കൻ സാങ്കേതിക വിദ്യയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഇലൈ വിറ്റ്നി ആണ്.

ഇലൈ വിറ്റ്നി സീനിയറിന്റെ മൂത്ത പുത്രനായി 1765 ഡിസംബർ 8ന് മസാച്ചുസെറ്റ്സിലെ വെസ്റ്റ്ബോറോയിൽ ജനിച്ച ഇലൈ വിറ്റ്നി ചെറുപ്പം മുതൽ പഠനത്തോടും സാങ്കേതിക ഉപകരണങ്ങളോടും കമ്പം പ്രകടിപ്പിച്ചിരുന്നു. പതിനൊന്നാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട വിറ്റ്നി പതിനാലാമത്തെ വയസ്സു മുതൽ പിതാവിന്റെ നിർമാണ കേന്ദ്രത്തിൽ ആണികൾ നിർമിക്കുന്ന ജോലിയിൽ ഏർപ്പെട്ടു. രണ്ടാനമ്മയുടെ ക്രൂരതകൾ മൂലം പഠനം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും കൃഷിയിടങ്ങളിൽ പണിയെടുത്തു സമ്പാദിച്ച പണം ഉപയോഗിച്ചു പഠനം തുടർന്നു. പിന്നീട് പരുത്തികൃഷി ചെയ്തുവന്നിരുന്ന ഒരു വലിയ കൃഷിയിടത്തിന്റെ ഉടമയായ കാതറീൻ ഗ്രീനിന്റെ ഭവനത്തിൽ ഒരു സ്വകാര്യ അധ്യാപകനായി ജോലിയെടുത്തു. ഇക്കാലത്താണ് പരുത്തികർഷകർ നേരിടുന്ന ഒരു വലിയ പ്രശ്നം വിറ്റ്നിയുടെ ശ്രദ്ധയിൽപെട്ടത്.

സൗത്ത് കരോലിന പ്രദേശത്ത് വ്യാപകമായ പരുത്തി കൃഷിയുണ്ടായിരുന്നെങ്കിലും പരുത്തിയിൽനിന്നും കുരു വേർതിരിച്ചു പ‍ഞ്ഞിയുണ്ടാക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. ആഫ്രിക്കയിൽ നിന്നുള്ള അടിമകളെ ഉപയോഗിച്ചായിരുന്നു തൊഴിലെടുപ്പിച്ചിരുന്നത്. ഒരാൾ ഒരു ദിനം മുഴുവൻ ജോലി ചെയ്താലും കേവലം അരകിലോ പഞ്ഞി മാത്രമേ കുരു വേർതിരിച്ച് എടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. വിറ്റ്നി തന്റെ ശ്രമഫലമായി പഞ്ഞി കടയുന്ന ഉപകരണം കണ്ടുപിടിച്ചു. 1794ൽ ഈ ഉപകരണത്തിനുള്ള പേറ്റന്റും ലഭിച്ചു. പുതിയ ഉപകരണമെത്തിയതോടെ അമേരിക്കയിൽ പരുത്തി കൃഷിയും അനുബന്ധവ്യവസായങ്ങളും ദ്രുതഗതിയിലായി. വിറ്റ്നിയുടെ ഉപകരണമുപയോഗിച്ച് അൻപതുപേർ ചെയ്യേണ്ടിയിരുന്ന ജോലി ഒരാൾക്ക് ചെയ്യാമെന്നായി.

പേറ്റന്റ് സ്വന്തമായി‌ട്ടുണ്ടായിരുന്നെങ്കിലും വിറ്റ്നിയുടെ കണ്ടുപിടിത്തത്തിന്റെ മാതൃകകൾ മറ്റുള്ളവർ നിർമിച്ചുപയോഗിച്ചു തുടങ്ങിയതോടെ അദ്ദേഹത്തിന് ഇതിൽ നിന്നും ഒരു സാമ്പത്തിക നേട്ടവും ഉണ്ടായില്ല. എന്നാൽ, ഈ കണ്ടെത്തലിലൂടെ വിറ്റ്നി പ്രശസ്തനായി. പിന്നീട് അമേരിക്കൻ പ്രതിരോധ സേനയ്ക്കായി വെടിക്കോപ്പുകൾ നിർമിക്കുന്ന കരാർ ലഭിച്ചു. വിവിധ ഘടകങ്ങളുണ്ടാക്കി അവ കൂട്ടിച്ചേർത്ത് ഉപകരണങ്ങൾ നിർമിക്കുന്ന വിദ്യ വിറ്റ്നി പ്രായോഗികമാക്കി. ഈ ലളിതമായ ടെക്നിക്കാണ് പിന്നീട് വ്യാവസായിക വളർച്ചയ്ക്കും അതിലൂടെ അമേരിക്കയെ സമ്പന്നതയിലേക്കു നയിക്കാനും ഇടയാക്കിയത്. ലോകത്തുണ്ടായ ഒാരോ വലിയ മാറ്റങ്ങളും ഏതെങ്കിലുമൊക്കെ വ്യക്തികളുടെ ലളിതമെന്നു തോന്നാവുന്ന ആശയങ്ങളുടെ പ്രായോഗികതയിലൂടെയാണ്. ലളിതമെന്നു തോന്നാവുന്ന ആശയങ്ങളെ പ്രായോഗികമാക്കിയാൽ നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹിക ചുറ്റുപാടിലും വിപ്ലവകരമായ മാറ്റം വരുത്താനാകും എന്ന് ഇലൈ വിറ്റ്നിയുടെ കണ്ടെത്തൽ തെളിയിക്കുന്നു.