മാതൃകാ പരീക്ഷകൾ എത്രത്തോളം എഴുതിപഠിക്കാമോ അത്രയും എഴുതുക. കോട്ടയം ജില്ലയിലെ സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് ജേതാവ് ജിമ്മി ജേക്കബിന്റെ പ്രധാന പഠനതന്ത്രം ഇതാണ്. പിഎസ്‌സി പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ എഴുതി തീർക്കാൻ മാതൃകാപരീക്ഷകൾ ചെയ്തു പരിശീലിക്കുന്നത് ഏറെ  സഹായിക്കുമെന്ന് ജിമ്മി. മോഡൽ പരീക്ഷകൾ ബബിൾ കറുപ്പിച്ചുതന്നെ എഴുതണം. എങ്കിൽ മാത്രമേ പൂർണ്ണമായ പ്രയോജനം ലഭിക്കൂ. തൊഴിൽവീഥി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ ഇതിനായി ഉപയോഗിച്ചിരുന്നുവെന്നും ജിമ്മി പറയുന്നു. 

ഈരാറ്റുപേട്ട മൂന്നിലവ് കപ്പിയാങ്കൽ ഹൗസിൽ സാബു സെബാസ്റ്റ്യന്റെയും മോളിയുടെയും മകനായ ജിമ്മി രണ്ടു വർഷമായി പിഎസ്‌സി പരീക്ഷാ പരിശീലനരംഗത്ത് സജീവമാണ്. ഈരാറ്റുപേട്ട ലാലച്ചൻ അക്കാദമിയിൽ പരീക്ഷാ പരിശീലനം നടത്തിയിരുന്നു. 

ഇതോടൊപ്പം സുഹൃത്തുക്കളുമായി ചേർന്ന് കംബൈൻഡ് സ്റ്റഡിയുമുണ്ടായിരുന്നു. തൊഴിൽവീഥി സ്ഥിരമായി പരീക്ഷാ പരിശീലനത്തിന് ഉപയോഗിച്ചു. തൊഴിൽവീഥി നൽകുന്ന മാതൃകാപരീക്ഷകളും സോൾവ്ഡ് പേപ്പറുകളും ഏറെ പ്രയോജനകരമാണെന്നും ജിമ്മി പറയുന്നു. ബിരുദവിദ്യാർഥിയായ സഹോദരി ജുവലും ഇപ്പോൾ പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്ത് സജീവമാണ്. 

ബിഎ ഇക്കണോമിക്സ് ബിരുദധാരിയായ ജിമ്മി ജേക്കബ് പത്തോളം പിഎസ്‌സി ലിസ്റ്റുകളിൽ മികച്ച വിജയം നേടിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ എൽഡി ക്ലാർക്ക്, ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ, സിവിൽ പൊലീസ് ഒാഫിസർ, കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് എന്നിവയാണ് പ്രധാന ലിസ്റ്റുകൾ. ഇതിൽ ഫയർമാൻ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചെങ്കിലും ജോലിയിൽ പ്രവേശിച്ചില്ല. സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ഉത്തരവ് ലഭിക്കുന്ന മുറയ്ക്കു ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം.