എക്കാലത്തെയും ഏറ്റവും മികച്ച ബാസ്കറ്റ് ബോൾ താരമാണു മൈക്കൾ ജോർഡ‍ൻ. ക്രിക്കറ്റിൽ സച്ചിൻ എന്നതുപോലെ ബാസ്കറ്റ് ബോളിലെ ഇതിഹാസമാണു ജോർഡൻ. 1963 ഫെബ്രുവരി 17ന് അമേരിക്കയിലെ ബ്രൂക്ക്‌നിലെ ഒരു ചേരിയിൽ ജനിച്ച ജോർഡൻ ലോകത്തെ അതിസമ്പന്നരായ കായികതാരങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ്. പൊക്കക്കുറവുമൂലം ഒരിക്കൽ സ്കൂൾ ബാസ്കറ്റ്ബോൾ ടീമിൽ അവസരം നിഷേധിക്കപ്പെട്ട ആൾ പിന്നീടു കഠിനപരിശ്രമത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ലോകോത്തര വിജയങ്ങൾ സ്വന്തമാക്കി.

തന്റെ ജീവിതത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ഒരനുഭവ കഥ അദ്ദേഹം പലപ്പോഴും പറയാറുണ്ട്. ജോർഡന് 13 വയസുള്ളപ്പോൾ പിതാവ് ഉപയോഗിച്ചു പഴകിയ ഒരു കുപ്പായം അവനു നൽകിയിട്ടു ചോദിച്ചു. ‘‘ഇതിനെന്തു വിലയുണ്ടാകും’’? ‘കേവലം ഒരു ഡോളർ’ ജോർഡൻ മറുപടി നൽകി. എന്നാൽ നീയിതു രണ്ടു ഡോളറിനു വിൽക്കണം. ജോർഡൻ വെല്ലുവിളി ഏറ്റെടുത്തു. ഭംഗിയായി കഴുകി വൃത്തിയാക്കി എടുത്ത വസ്ത്രം ഇസ്തിരിപ്പെട്ടിയുടെ അഭാവത്താൽ മറ്റു വസ്ത്രങ്ങളുടെ അടിയിൽ വച്ചു ചുളിവു മാറ്റി. പിറ്റേന്ന് റെയിൽവേ പ്ലാറ്റ്ഫോമിലൂടെ അഞ്ചു മണിക്കൂർ അലച്ചിലിനൊടുവിൽ 2 ഡോളറിനു വിറ്റു. പരിശ്രമിച്ചാൽ വിജയിക്കാനാകും എന്ന ആദ്യ പാഠം.

പത്തു ദിവസങ്ങൾക്കു ശേഷം പിതാവ് വീണ്ടും ഇതേപോലെ ഒരു വസ്ത്രം നൽകിയിട്ടു പറഞ്ഞു. ‘‘നീയിത് ഇരുപതു ഡോളറിനു വിൽക്കണം’’. ഒരു ഡോളർ വിലയുള്ള വസ്ത്രം 20 ഡോളറിനെങ്ങനെ വിൽക്കും. ജോർഡനൊരു വിദ്യ കണ്ടെത്തി. സുഹൃത്തിന്റെ സഹായത്തോടെ ഡൊണാൾഡ് ഡക്കിന്റെയും മിക്കി മൗസിന്റെയും ചിത്രങ്ങൾ വസ്ത്രത്തിൽ പെയിന്റ് ചെയ്തു. സമ്പന്നരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വിൽക്കാൻ ശ്രമിച്ചു. കുപ്പായം ഇഷ്ടപ്പെട്ട ഒരു പത്തു വയസ്സുകാരന്റെ പിതാവ് 20 ഡോളറിന് ആ കുപ്പായം വാങ്ങി. കൂടാതെ 5 ഡോളർ ടിപ്പും നൽകി. 25 ഡോളർ സമ്പാദിച്ച ജോർഡൻ അത്യാഹ്ലാദവാനായി. പിതാവിന്റെ ഒരു മാസത്തെ ശമ്പളമായിരുന്നു 25 ഡോളർ.

ഉപയോഗിച്ച മറ്റൊരു വസ്ത്രം നൽകിക്കൊണ്ടു പിതാവ് വീണ്ടും ഒരു വെല്ലുവിളി നടത്തി ‘‘നിനക്കിത് 200 ഡോളറിന് വിൽക്കാനാകുമോ’’. ജോർ‍ഡനൊന്ന് അമ്പരന്നു. വലിയ വിലയ്ക്ക് ആ വസ്ത്രം വിൽക്കാനായി ഒരു മാർഗം കണ്ടെത്തി. ചാർളീസ് ഏഞ്ചൽസ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഹോളിവുഡ് താരം പ്രച‌ാരണ പരിപാടിക്കായി നഗരത്തിലെത്തുന്ന വിവരം ജോർഡൻ അറിഞ്ഞു. പ്രശസ്ത താരം ഫാറാ ഫാവ്‌സെറ്റിന്റെ ഓട്ടോഗ്രാഫ് വാങ്ങാനായി അവിടേക്കു പാഞ്ഞു. സെക്യൂരിറ്റിയെ മറികടന്നു ഫാറയുടെ അരികിലെത്തിയ ജോർഡൻ വസ്ത്രത്തിൽ അവരുടെ കയ്യൊപ്പ് വാങ്ങി. ഫാറയുടെ കയ്യൊപ്പുള്ള വസ്ത്രം തെരുവോരത്തു നിന്നു ലേലത്തിൽ വിൽക്കാൻ ആളെക്കൂട്ടി. 1200 ഡോളറിനാണ് ഒരു ബിസിനസുകാരൻ ആ വസ്ത്രം ലേലത്തിൽ വാങ്ങിയത്.

1200 ഡോളർ ഏറ്റുവാങ്ങിയ പിതാവിന്റെ കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. അദ്ദേഹം മകനോടു ചോദിച്ചു. ‘നീ ഇതിൽ നിന്നും എന്തു പഠിച്ചു’. ‘‘പരിശ്രമിച്ചാൽ വിജയിക്കാനാവും’’ ജോർഡൻ മറുപടി കൊടുത്തു. ‘‘എന്നാൽ അതു മാത്രമല്ല. കേവലം ഒരു ഡോളർ മാത്രം വിലയുള്ള ഒരു വസ്ത്രത്തിന്റെ പോലും മൂല്യം ഉയർന്നപ്പോൾ ആവശ്യക്കാരുണ്ടായി. അതുപോലെ തന്നെയാണ് നമ്മുടെ വ്യക്തിപരമായ മൂല്യങ്ങൾ ഉയർത്തിയാലേ നമ്മെ മറ്റുള്ളവർ പരിഗണിക്കുകയും സ്വീകരിക്കുകയുമുള്ളൂ.’’ തന്റെ 13–ാം വയസ്സിൽ പിതാവ് പകർന്നു തന്നെ ജീവിതപാഠമാണ് പിന്നീടുള്ള തന്റെ ജീവിതത്തിൽ പല പ്രതിസന്ധികളെയും അതിജീവിച്ച് വിജയത്തിലെത്താൻ സഹായിച്ചതെന്ന് ജോർഡൻ പറയുന്നു. ‘‘പരിശ്രമിക്കാതിരിക്കുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് പരിശ്രമിച്ചു തോൽക്കുന്നത്’’ എന്ന ജോർഡന്റെ വാക്കുകൾ പ്രശസ്തമാണ്.