സിബിഎസ്ഇ പ്ലസ് ടു പരീക്ഷയ്ക്ക് ഒന്നാം റാങ്ക് പങ്കിട്ട ഹൻസിക ശുക്ലയ്ക്ക് ആഹ്ലാദാരവങ്ങൾക്കിടയിലും ഒരു കാര്യത്തിൽ നഷ്ടബോധമുണ്ട്. തനിക്ക് കിട്ടാതെ പോയ ആ ഒരു മാർക്കിനെ ചൊല്ലിയാണ് ഹൻസികയുടെ നുറുങ്ങ്  പരിഭവം. 500 ൽ 499 മാർക്ക് നേടിയാണ് ഗാസിയാബാദ് സ്വദേശി ഹൻസിക മുസാഫർനഗർകാരി കരിഷ്മ അരോറയ്‌ക്കൊപ്പം ഒന്നാം റാങ്ക് പങ്കിട്ടത്.

ഹ്യുമാനിറ്റീസ് സ്ട്രീം വിദ്യാർത്ഥിനിയായ ഹൻസികയ്ക്ക് ഹിസ്റ്ററിക്കും പൊളിറ്റിക്കൽ സയൻസിനും സൈക്കോളജിക്കും ഹിന്ദുസ്ഥാനി വോക്കൽസിനും 100ൽ 100 മാർക്കും ലഭിച്ചു. 100ൽ 99 മാർക്കുമായി ഇംഗ്ലീഷാണ് ഹൻസികയ്ക്ക് ഒരു പെർഫക്ട് ഫിനിഷ് നിഷേധിച്ചത്. ആ ഒരു മാർക്ക് കൂടി കിട്ടിയിരുന്നെങ്കിൽ സമ്പൂർണ്ണ വിജയം നേടാൻ കഴിഞ്ഞേനെ എന്നാണ് ഹൻസികയുടെ നഷ്ടബോധം.

ട്യൂഷനുകൾക്കൊന്നും പോകാതെ  ചിട്ടയായ രീതിയിൽ പഠിച്ചാണ് ഹൻസിക ഈ വിജയം സ്വന്തമാക്കിയത്.  സംശയങ്ങളെല്ലാം സ്കൂളിൽ വച്ച് തന്നെ തീർക്കുമായിരുന്നു. പഠനത്തിൽ നിന്ന് ശ്രദ്ധ പതറിക്കുമെന്നതിനാൽ സമൂഹ മാധ്യമങ്ങൾ പൂർണ്ണമായും ഒഴിവാക്കി. പഠനത്തിന്റെ ഇടവേളകളിൽ വിശ്രമത്തിനായി സംഗീതം ആസ്വദിച്ചു.

അവനവനിൽ ഉള്ള വിശ്വാസവും അസാധ്യമായി ഒന്നുമില്ലെന്നുള്ള ചിന്തയുമാണ് തന്റെ വിജയരഹസ്യമെന്ന് ഹൻസിക പറയുന്നു. ഗാസിയാബാദിലെ ഒരു കോളജിൽ അസോസിയേറ്റ് പ്രഫസറായ ഡോ. മീന ശുക്ലയുടെയും രാജ്യസഭാ സെക്രട്ടറിയേറ്റിൽ ഡെപ്യൂട്ടി സെക്രട്ടറിയായ ഡോ. സാകേത് കുമാറിന്റെയും മകളാണ് ഹൻസിക. ഏക സഹോദരൻ അവിരൽ ബിബിഎ വിദ്യാർത്ഥിയാണ്.

ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ  ബിഎ സൈക്കോളജി ഓണേഴ്സിന് ചേരാനൊരുങ്ങുകയാണ് ഹൻസിക. ബിരുദ ശേഷം സിവിൽ സർവീസ് പരീക്ഷ എഴുതി വിജയിച്ച് ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരണമെന്നാണ് ആഗ്രഹം.