വർഷങ്ങൾക്കു മുൻപ് ഒരു പെൺകുട്ടി തന്റെ അമ്മയുടെ കൈ പിടിച്ച് അഡ്മിഷനായി പല സ്കൂളുകളും കയറിയിറങ്ങി. പക്ഷേ, സെറിബ്രൽ പാൽസി ബാധിച്ച ആ പെൺകുട്ടിക്കു പ്രവേശനം നൽകാൻ ആരും തയ്യാറായിരുന്നില്ല. ഒടുവിൽ ഒരു സ്കൂൾ അവൾക്കായി വാതിൽ തുറന്നിട്ടു. അവൾ അവിടെ ചേർന്നു. പഠിച്ചു. വളർന്നു. സിബിഎസ്ഇ പത്താം ക്ലാസ് ഫലം വന്നപ്പോൾ മംമ്ത നായക് എന്ന ആ പെൺകുട്ടി സ്കൂളിലെ സൂപ്പർ താരവുമായി. 90.4% മാർക്കോടു കൂടിയാണ് മംമ്ത പത്താം ക്ലാസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടിയത്.

പഠനവും ഫിസിയോ തെറാപ്പിയും ചികിത്സയുമെല്ലാം ഒന്നിച്ചു കൊണ്ടു നടന്നു നേടിയ ഈ വിജയത്തിനു തിളക്കമേറും. 500 ൽ 452 മാർക്കു നേടിയാണു മംമ്ത രോഗത്തെയും സമൂഹത്തിന്റെ മുൻധാരണകളെയുമെല്ലാം കീഴടക്കി മുന്നേറുന്നത്. സെറിബ്രൽ പാൽസി ബാധിച്ചവർക്കു തനിയെ നടക്കാനോ, എഴുതാനോ, വ്യക്തമായി സംസാരിക്കാനോ പലപ്പോഴും സാധിക്കാറില്ല. കണക്ക് ഒഴിവാക്കി മറ്റു വിഷയങ്ങളിൽ വാചാ പരീക്ഷയാണു മംമ്തയ്ക്കായി നടത്തിയത്. രോഗം കാരണം മ്യൂസിക്കോ ആർട്സോ തിരഞ്ഞെടുത്തില്ല. സാമൂഹ്യ ശാസ്ത്രത്തിന് 100 ൽ 92 മാർക്ക് ലഭിച്ചു.

ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും മംമ്തയ്ക്ക് പ്രവേശനം നൽകിയ അന്ധേരി വെസ്റ്റിലെ രാജ് ഹാൻസ് വിദ്യാലയക്കും മകൾക്കൊപ്പം നിഴൽ പോലെ നീങ്ങിയ അമ്മ രുപാലിക്കുമാണ്.

മംമ്തയ്ക്കൊപ്പം ക്ലാസിലിരിക്കാൻ രുപാലിയെ സ്കൂൾ അധികൃതർ അനുവദിച്ചിരുന്നു. അമ്മ തന്നെ എല്ലാ വിഷയങ്ങളും പഠിപ്പിച്ചിരുന്നതിനാൽ വേറെ ട്യൂഷന്റെയും ആവശ്യമുണ്ടായില്ല. സ്കൂൾ സമയത്തിന്റെ കാര്യത്തിലും മംമ്തയ്ക്ക് അധികൃതർ ഇളവ് നൽകി. ശാരീരിക വെല്ലുവിളികൾക്കിടയിലും മംമ്ത നല്ല ഓർമ്മ ശക്തിയും പഠിക്കാനുള്ള ഇഷ്ടവും പ്രകടിപ്പിച്ചിരുന്നു.

അധ്യാപകരുൾപ്പെടെ സ്കൂളിലെ എല്ലാവർക്കും പ്രചോദമാണു മംമ്തയെന്ന് സ്കൂൾ പ്രിൻസിപ്പൽ ദീപ്ശിഖ ശ്രീവാസ്തവ് പറയുന്നു. മംമ്തയെ സൈക്കോളജി പഠിപ്പിക്കണമെന്നാണ് രുപാലിയുടെ ആഗ്രഹം.