‘‘മനുഷ്യൻ സാഹചര്യങ്ങളുടെ സൃഷ്ടി അല്ല; എന്നാൽ എല്ലാ സാഹചര്യങ്ങളും മനുഷ്യന്റെ സൃഷ്ടിയാണ്’’. ബഞ്ചമിൻ ഡിസറേലിയുടെ പ്രസിദ്ധമായ വാക്കുകളാണിവ. ചില സാഹചര്യങ്ങൾ നമ്മെ അസ്വസ്ഥരാക്കാറുണ്ട്. എന്നാൽ അസ്വസ്ഥതയുണ്ടാക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാൻ പുതിയ വഴികൾ കണ്ടെത്തുന്നവരാണു സംരംഭകരും നേതാക്കളും ജേതാക്കളുമൊക്കെ ആവുന്നത്. സ്വസ്ഥതയോടെയിരുന്ന് ഒരു കപ്പ് കാപ്പി കുടിക്കാൻ ശ്രമിച്ചപ്പോൾ ഒരു ചെറുപ്പക്കാരൻ അനുഭവിച്ച അസ്വസ്ഥതയാണ് ഇന്ത്യയിൽ നിന്നുമുള്ള ഒരു പ്രമുഖ സംരംഭത്തിനു വഴിയൊരുക്കിയത്.

ഡൽഹി ഐഐടിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്ത പഞ്ചാബ് സ്വദേശി ദീപീന്ദർ ഗോയൽ ഡൽഹിയിലെ ഒരു മുന്തിയ സ്വകാര്യ കമ്പനിയിൽ ഡേറ്റാ അനലിസ്റ്റായി തൊഴിലെടുത്തു വരികയായിരുന്നു. ഒരു ദിനം സായാഹ്നത്തിൽ ഒരു കപ്പ് കാപ്പി കുടിക്കാനായി റസ്റ്ററന്റിൽ എത്തിയപ്പോൾ അവിടെ തിരക്കോടു തിരക്ക്. നീണ്ട ക്യൂവിൽ നിന്ന് കാപ്പി തരപ്പെടുത്തിയ ദീപിന്ദറിന്റെ മനസ്സിൽ ഒരു ആശയമുദിച്ചു. ഡൽഹിയിൽ തിരക്കില്ലാതെ സ്വസ്ഥമായിരുന്ന് കാപ്പിയും മറ്റു വിഭവങ്ങളും ആസ്വദിക്കാൻ പറ്റിയ റസ്റ്ററന്റുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാലോ. ആവശ്യക്കാർക്ക് ഒരു സഹായി എന്നോണം ഫുഡ്ഡീബേ (foodiebay.com) എന്ന പേരിൽ ഒരു വെബ്സൈറ്റ് തയാറാക്കി. 2008ൽ 1200 റസ്റ്ററന്റുകളുടെ ലിസ്റ്റുമായി തുടക്കംകുറിച്ച ഫുഡ്ഡീബേ പിന്നീടൊരു ബഹുരാഷ്ട്ര സംരംഭമായി വളർന്നു. സുരക്ഷിതത്വമുണ്ടായിരുന്ന തൊഴിൽ രാജിവച്ചു സുഹൃത്തായ പങ്കജ് ഛദ്ദയെയും പങ്കാളിയാക്കി സംരംഭം വിപുലപ്പെടുത്താനിറങ്ങുമ്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ.

ഡൽഹിയിൽ തുടക്കംകുറിച്ച സ്ഥാപനത്തിന്റെ സേവന മേഖല ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 2010ൽ കമ്പനിയുടെ പേര് സൊമാറ്റോ എന്നാക്കി മാറ്റി. ഏതൊരു യുവസംരംഭകരെയും പോലെ മൂലധന സമാഹരണം ഒരു കീറാമുട്ടി ആയി. എന്നാൽ ഈ ചെറുപ്പക്കാരുടെ നൂതനാശയത്തിൽ ആകൃഷ്ടനായ നൗക്കരി ഡോട്ട്കോം സ്ഥാപകൻ സഞ്ജീവ് ഒരു മില്യൺ അമേരിക്കൻ ഡോളർ കമ്പനിയിൽ നിക്ഷേപിച്ചതോടെ വളർച്ച ത്വരിതഗതിയിലാക്കാനായി. 2011ൽ സൊമാറ്റോയുടെ സേവനം ബംഗളൂരു, പുണെ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. മൊബൈൽ ആപ്പിന്റെ സഹായത്താൽ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് താൽപര്യമുള്ള ഭക്ഷണം ലളിതമായി കണ്ടെത്താനായതോടെ കൂടുതൽ ആളുകളെ ഈ ആശയത്തോട് അടുപ്പിച്ചു. 2012ൽ യുഎഇ, ശ്രീലങ്ക, ഖത്തർ, യുകെ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് സേവന ശൃംഖല വളർന്നു.

ഏതൊരു സംരംഭവുമെന്നതുപോലെ വെല്ലുവിളികൾ നിറഞ്ഞ പാതയിലൂടെയാണ് സൊമാറ്റോ മുന്നേറിക്കൊണ്ടിരിക്കുന്നത്. ദീപിന്ദറിന്റെയും പങ്കജിന്റെയും കഠിനാധ്വാനത്താലും കർമ്മകുശലതയാലും ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിലേക്ക് കമ്പനിയുടെ സേവനം വളർന്നു. 4300 ൽ ഏറെ പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം അധികം വൈകാതെ അമ്പതിലേറെ രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലെ പ്രമുഖ നഗരങ്ങളിലടക്കം സേവനം നൽകിവരുന്ന സൊമാറ്റോയുടെ ഉപഭോക്തൃ ശൃംഖല കോടാനുകോടികളായി വളർന്നുകൊണ്ടിരിക്കുന്നു. ഏറ്റവും മികച്ച ഇന്ത്യൻ സംരംഭത്തിനും ആശയത്തിനുമുള്ള നിരവധി ആഗോള അംഗീകാരങ്ങൾ ലഭിച്ച സൊമാറ്റോയുടെ പരാജയങ്ങളെ അതിജീവിച്ചുള്ള മുന്നേറ്റം മാനേജ്മെന്റ് വിദ്യാർഥികൾക്കും യുവസംരംഭകർക്കും ഒരു പാഠപുസ്തകമാണ്.