ഫുട്ബോളിലെ മിശിഹാ എന്നറിയപ്പെടുന്ന മെസ്സിയുടെ കടുത്ത ആരാധകനായ വിഷ്ണു വിനോദിന് കൂട്ടുകാരിട്ടൊരു ഓമനപ്പേരുണ്ട്, റാങ്കുകളിലെ മിശിഹാ. ഒന്നാം ക്ലാസ്സു മുതൽ ക്ലാസിൽ ഒന്നാം സ്ഥാനം ശീലമാക്കിയ വിഷ്ണു ഏറ്റവും ഒടുവിൽ കരസ്ഥമാക്കിയത് കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കാണ് (സ്കോർ 584.9173). ഗോളടിക്കുന്നതിൽ മെസ്സി പുലർത്തുന്ന കൃത്യതയെയും കടത്തിവെട്ടും റാങ്ക് മേടിക്കുന്നതിൽ വിഷ്ണു. ജോയിന്റ് എൻട്രൻസ് എക്സാമിൽ മെയിനിലും ഒന്നാം ഘട്ടത്തിലും കേരളത്തിലെ ഒന്നാം റാങ്ക് വിഷ്ണുവിനായിരുന്നു. ഇടുക്കി അണക്കര ശങ്കരമംഗലം വിനോദ്കുമാറിന്റെയും ചാന്ദ്നിയുടെയും മകനാണ് വിഷ്ണു. 

അനിയൻ വിശ്വനാഥും വിഷ്ണുവിനൊപ്പം മാന്നാനം കെഇ സ്കൂളിലാണ് പഠിക്കുന്നത്. വിഷ്ണുവിന്റെ പഠനത്തിനായി ഇവർ 2 വർഷം മുൻപാണ് ഗാന്ധിനഗറിലേക്ക് താമസം മാറി യത്. വായനയും സിനിമയും ഇഷ്ടപ്പെടുന്ന വിഷ്ണു ചെറുകഥ രചനയ്ക്ക് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇനി ഐഐടി മദ്രാസിൽ പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിഷ്ണു. 

റാങ്കിലേക്കെത്തിച്ച തയാറെടുപ്പ് 
രണ്ടു തരത്തിലായിരുന്നു പഠനത്തിന്റെ ഷെഡ്യൂൾ. ക്ലാസുള്ള ദിവസങ്ങളിൽ 4 മുതൽ 5 മണിക്കൂർ വരെ പഠിക്കുമായിരുന്നു. അവധി ദിനങ്ങളിലാകട്ടെ, പത്തു മണിക്കൂർ വരെയായിരുന്നു പഠനം.

മോക് ടെസ്റ്റുകൾ എത്രത്തോളം 
ആദ്യം ആഴ്ചയിലൊന്നു വീതം മോക് ടെസ്റ്റുകൾ നടത്തിയിരുന്നു. പരീക്ഷയടുത്തപ്പോഴേക്കും എല്ലാ ദിവസവുമായി. ബുദ്ധിമുട്ടേറിയ മോക് ടെസ്റ്റുകൾ നടത്തിയതു പരീക്ഷ എളുപ്പമാക്കി.

ബുദ്ധിമുട്ടിച്ച ഭാഗം
ഓർഗാനിക് കെമിസ്ട്രിയിലെ സമവാക്യങ്ങളാണു ബുദ്ധിമുട്ടിച്ചത്. റിവിഷനിലൂടെ ഹൃദ്യസ്ഥമാക്കി.

ലക്ഷ്യമിടുന്ന കോഴ്സ്
ഏതെങ്കിലും ഐഐടിയിൽ കംപ്യൂട്ടർ സയൻസ്. കംപ്യൂട്ടർ രംഗത്ത് അദ്ഭുതങ്ങൾ സംഭവിക്കാനിരിക്കുന്നതേയുള്ളൂ.

നൂതന സാങ്കേതികവിദ്യകൾ ശ്രദ്ധിക്കാറുണ്ടോ 
എല്ലാത്തിനെക്കുറിച്ചും ധാരണയുണ്ടാക്കാൻ ശ്രദ്ധിക്കുന്നു. ബിരുദതലത്തിൽ അടിസ്ഥാനം നേടിയ ശേഷം നൂതന മേഖലകളിലേക്കു തിരിയാനാണു പദ്ധതി.

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം
ഫെയ്സ്ബുക്, വാട്സാപ് തുടങ്ങിയവ ഇല്ല. എന്നാൽ, ഇവയ്ക്ക് എതിരല്ല. ഇനി ചിലപ്പോൾ സജീവമായേക്കാം.

ഹോബികൾ
ഇംഗ്ലിഷ് നോവലുകൾ വായിക്കാറുണ്ട്.

അച്ഛനും അമ്മയും പഠിക്കാൻ നിർബന്ധിക്കുമായിരുന്നോ

നിർബന്ധിക്കില്ലായിരുന്നു, അമ്മ ഒപ്പം വന്നിരിക്കുമായിരുന്നു. പേടിയല്ല, പിന്തുണയാണു മാതാപിതാക്കൾ തന്നത്.