ഇൻസ്റ്റാഗ്രാമിലെ മലയാളികൾക്കിടയിൽ ഇപ്പോൾ ഒരു എലിക്കുട്ടിയാണ് താരം. എലിക്കുട്ടി എന്നു പറയുമ്പോൾ ടോം & ജെറിയിലെ ജെറിയോ സ്റ്റുവർട്ട് ദ ലിറ്റിലോ ഒന്നുമല്ല. മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അമേരിക്കക്കാരി എലിസബത്ത് മാരി കെയ്ടൺ എന്ന എലിസയാണ് മലയാളികളുടെ പ്രിയങ്കരിയായ എലിക്കുട്ടി. 

ഗൂഗിളിൽ "learn Malayalam Instagram" എന്ന് തിരഞ്ഞ് കഴിഞ്ഞാൽ ആദ്യം കിട്ടുക എലിസയുടെ @eli.kutty എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ്. വിശദമായ ചിത്രങ്ങളും നോട്ടുകളും വിഡിയോകളും സഹിതമാണ് എലിക്കുട്ടിയുടെ മലയാളം പഠിപ്പിക്കൽ. ചെറുപ്പം മുതൽ തന്നെ ഭാഷകളെ പ്രണയിച്ച എലിസ അമേരിക്കയിൽ വച്ചു തന്നെ സ്പാനിഷും ജാപ്പനീസും കൊറിയനും പഠിച്ചു.

ദുബായിൽ അധ്യാപികയായി ജോലിക്ക് എത്തിയതോടെയാണ് എലിസയുടെ മലയാളത്തോടുള്ള ഇഷ്ടം തുടങ്ങുന്നത്. ഇതിന് കാരണമായതാകട്ടെ ദുബായിയിലെ മലയാളി സുഹൃത്തുക്കൾ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ദുബായ് മലയാളി അർജുൻ ഉല്ലാസിനെ വിവാഹം കഴിച്ചതോടെ എലിസ മലയാളത്തിന്റെ മരുമകളുമായി. അർജുന് തന്റെ ഭാഷയും സംസ്കാരവുമൊക്കെ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് എലിസ മലയാള പഠനം ഗൗരവത്തോടെ എടുക്കാൻ തുടങ്ങിയത്.

സ്കൈപ്പിലൂടെയായിരുന്നു ആദ്യം പഠനം. ഗൾഫിൽ സ്കൈപ്പ് നിരോധിച്ചതോടെ എലിസ ഓൺലൈനിൽ പഠന സാമഗ്രികൾക്കായി തിരച്ചിൽ തുടങ്ങി. എന്നാൽ ഓൺലൈനിൽ കാര്യമായ പഠന സാമഗ്രികളൊന്നും കണ്ടെത്താനായില്ല. അങ്ങനെയാണ് എലിസ താൻ പഠിക്കുന്ന മലയാള പാഠങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചു തുടങ്ങിയത്.

ചില പദങ്ങൾ ഉച്ചരിക്കാൻ നാക്കും ചുണ്ടുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്നു പടം വരച്ച് ഈ എലിക്കുട്ടി ടീച്ചർ വിശദീകരിക്കുന്നുണ്ട്. മലയാളത്തിൽ സംസാരിക്കുന്നതിന്റെ വിഡിയോകളും പങ്കു വയ്ക്കുന്നു.

മലയാളികളെ വിവാഹം ചെയ്ത വിദേശികളും പ്രവാസി മലയാളികളും അവരുടെ മക്കളുമൊക്കെ എലിയുടെ മലയാളം ക്ലാസ് പിന്തുടരാൻ ഇൻസ്റ്റാഗ്രാമിലെത്തുന്നുണ്ട്. 2000 ൽ അധികം ഫോളോവേഴ്സ് എലിസയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനുണ്ട്.

എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയായ എലിസ അജ്മാൻ അപ്ലൈഡ് ടെക്നോളജി ഹൈസ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. യുഎഇയിലെ സൈബർ സുരക്ഷാ സ്ഥാപനത്തിൽ ബിസിനസ്സ് ഡവലപ്മെന്റ് ഓഫീസറാണ് ഭർത്താവ് അർജുൻ.