സ്കൂൾ- പ്രീഡിഗ്രി പഠനകാലത്തു പണം കണ്ടെത്താൻ ആക്രിക്കച്ചവടം. തെരുവു കച്ചവടം നടത്തി നേടിയതു ബിരുദം. 90% കാഴ്ചയില്ലാത്തതിനാൽ പുസ്തകം വായിച്ചു കൊടുക്കാൻ സുഹൃത്തിന്റെ കൂട്ട്. പിഎസ്‌സി വഴി ഓഫിസ് അസിസ്റ്റന്റ് ജോലി നേടിയിട്ടും കിഴിശേരി ഈസ്റ്റ് കുഴിയംപറമ്പ് മണ്ണാറക്കൽ വീട്ടിൽ കെ.വി.മുഹമ്മദ് ഷാഫി പഠനം നിർത്തിയില്ല. കോളജ് ലക്ചറർ ആകണമെന്ന അടങ്ങാത്ത മോഹം. പഠിച്ചു പഠിച്ച് ബിഎഡും 4 വർഷം മുൻപ് സെറ്റും നേടി.

വീണ്ടും പരിശീലനവും പരീക്ഷയെഴുത്തും. ലക്ഷ്യം കണ്ടതു പത്താമത്തെ നെറ്റ് പരീക്ഷയിൽ. പഠന വഴിയിലുടനീളം ജീവിക്കാനും ലക്ഷ്യത്തിലെത്താനുമുള്ള പോരാട്ടമായിരുന്നു ഷാഫിയുടെ മനസ്സുനിറയെ. പഴയ സാധനങ്ങൾ വിറ്റായിരുന്നു വർഷങ്ങളോളം പഠിക്കാനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്തിയിരുന്നതെന്നു പറയാൻ മടിയില്ലെന്നു ഷാഫി. ബിരുദത്തിനു കൊണ്ടോട്ടി ഇഎംഇഎ കോളജിൽ പഠിക്കുമ്പോൾ വന്ന സുഹൃത്ത് പുളിക്കൽ വലിയപറമ്പിലെ കെ.അഷ്റഫ് പിന്നീട് ഷാഫിയുടെ കരുത്തായി.

90% കാഴ്ചയ്ക്കു പ്രശ്നമുള്ളതിനാൽ ചെറിയ അക്ഷരങ്ങൾ വായിക്കാൻ സാധിച്ചിരുന്നില്ല. മറ്റെല്ലാം കാഴ്ചയിൽ തിരിച്ചറിയും. അതു മനസ്സിലാക്കിയ അഷ്റഫ് ഇന്നും ഷാഫിയുടെ ‘വായനക്കാര’നായി കൂട്ടിനുണ്ട്. വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. പക്ഷേ, നെറ്റ് എഴുതാനുള്ള യോഗ്യതാ മാർക്ക് ഉണ്ടായിരുന്നില്ല.

പിജി പരീക്ഷ വീണ്ടും എഴുതി അതു നേടി. കോളജ് അധ്യാപകനാകാനുള്ള യോഗ്യതയായ നെറ്റ് പരീക്ഷ 2014 മുതൽ എല്ലാ വർഷവും 2 തവണ വീതം എഴുതി. ഒൻപതു തവണയും മാറിനിന്ന വിജയം പത്താം തവണ കൂടെപ്പോന്നു. കോളജ് ലക്ചറർ എന്ന മോഹം ഇപ്പോൾ ഷാഫിയുടെ കയ്യെത്തും ദൂരത്തുണ്ട്. മുതുവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളില‌െ ഓഫിസ് അസിസ്റ്റന്റ് ആണ് ഷാഫി ഇപ്പോൾ.