‌വേദനകള്‍ക്കു പകരം ജയശ്രീയുടെ മുഖത്ത് ഇപ്പോള്‍ അലയടിക്കുന്നത് ആനന്ദക്കണ്ണീരാണ്. തടസ്സങ്ങളെല്ലാം അതിജീവിച്ചു വിജയം വെട്ടിപ്പിടിച്ചതിന്റെ സന്തോഷമാണ് ആ മുഖം നിറയെ. അപകടത്തില്‍ പരുക്കേറ്റ അമ്മയെ നോക്കണോ, അമ്മയുടെ ആഗ്രഹമായ എന്‍ജിനീയറിങിനു ചേരണോ എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കെ, സുമനസ്സുകളുടെ സഹായത്തോടെ രണ്ടും നേടിയ എല്‍ബിഎസ് എന്‍ജിനീയറിങ് കോളജിലെ ജയശ്രീക്ക് ബിടെക് പരീക്ഷയില്‍ മിന്നും ജയം.

74% മാര്‍ക്കോടെയാണ് ജയശ്രീ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം സ്വന്തമാക്കിയത്. ജയശ്രീയെക്കുറിച്ച് അറിയണമെങ്കില്‍ 4 വര്‍ഷം പിന്നിലോട്ടു പോകണം. പ്ലസ് ടുവിനു 91 % മാര്‍ക്ക് നേടിയ കുംബഡാജെ പുത്രക്കളയിലെ ജയശ്രീ പരിശീലന ക്ലാസുകളിലൊന്നും പോകാതെ തന്നെ എന്‍ട്രന്‍സ് കടമ്പയും കടന്നു.

മകളെ എന്‍ജിനീയറാക്കാനായിരുന്നു ബീഡി തൊഴിലാളിയായ അമ്മ സരസ്വതി ആഗ്രഹിച്ചത്. അങ്ങനെ ബീഡി തൊറുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് മകളെ എന്‍ബിഎസ് എന്‍ജിനീയറിങ് കോളജില്‍ ചേര്‍ത്തു. അങ്ങനെ ആ അമ്മ ഏറ്റവും കൂടുതല്‍ സ്വപ്നം കണ്ട ആ ദിവസമെത്തി. ഓഗസ്റ്റ് 3. ക്ലാസ് തുടങ്ങുന്ന ദിവസം. മകളെ കോളജിലാക്കാന്‍ സരസ്വതിയും അന്നു കൂടെ പോയി.

ബദിയടുക്കയില്‍ വച്ച് മകളെ ബസ് കയറ്റി, ബസിലേക്കു കാലെടുത്ത് വയ്ക്കുമ്പോഴേക്കും കര്‍ണാടക എസ്ആര്‍ടിസി ബസ് മുന്നോട്ടെടുത്തു. സരസ്വതി തലയിടിച്ചു റോഡിലും. മംഗളൂരു സ്വകാര്യാശുപത്രിയില്‍ അമ്മയ്ക്കു കൂട്ടിരിക്കേണ്ടി വന്ന ജയശ്രീ പഠനം പോലും മറന്ന സമയം. അങ്ങനെയിരിക്കെ ഒരു ദിവസം കോളജില്‍ നിന്നു വിളിയെത്തി. ക്ലാസില്‍ എത്തിയില്ലെങ്കില്‍ അഡ്മിഷന്‍ റദ്ദാക്കുമെന്ന് പറഞ്ഞതോടെ അവള്‍ അമ്മയുടെ ആഗ്രഹവുമായി ക്ലാസിലെത്തി. അകന്ന ബന്ധുവിനെ അമ്മയുടെ അടുത്ത് നിര്‍ത്തിയായിരുന്നു അത്. ആശുപത്രിയില്‍ അപ്പോഴേക്കും ബില്‍ തുക 3 ലക്ഷം കവിഞ്ഞിരുന്നു.

അമ്മയെ ഡിസ്ചാര്‍ജ് ചെയ്യാനും കോളജ് ഫീസ് അടയ്ക്കാനും വഴിയില്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന ജയശ്രീയുടെ ദുരിതം മനോരമ റിപ്പോര്‍ട്ട് ചെയ്തു.‌ ഇതോടെ ജയശ്രീയുടെ സ്വപ്നം നാട് ഏറ്റെടുത്തു. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ക്ലിയറിങ് ഫോര്‍വാഡിങ് ഏജന്‍സിയായ മാര്‍ക്ക് ഗ്രൂപ്പ് പഠനത്തിന്റെ പൂര്‍ണ ചെലവ് ഏറ്റെടുത്തു. അമ്മയുടെ ചികിത്സയ്ക്കായി ആരംഭിച്ച അക്കൗണ്ടിലേക്ക് 7.96 ലക്ഷം രൂപയോളം എത്തി. അങ്ങനെ അമ്മയെ ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോഴും പൂര്‍ണമായി ഭേദപ്പെട്ടിട്ടില്ല. എംടെക്കിനു ചേരണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇനി സ്വന്തമായി ഒരു വീടാണ് വേണ്ടത്. അതിനു ജോലിക്കു പോകണം. ജയശ്രീ പറയുന്നു.