വസന്തത്തിന്റെ ഇടിമുഴക്കമെന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തിലാണു സുഭാഷ് ചന്ദ്ര കുണ്ഡു എന്ന ഫിസിക്‌സ് അധ്യാപകന്‍ നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് ഇറങ്ങുന്നത്. സായുധ വിപ്ലവമെന്ന സ്വപ്നം കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പൊലിഞ്ഞു പോയെങ്കിലും അതു ഗുണപരമായ ചില മാറ്റങ്ങള്‍ കുണ്ഡുവില്‍ അവശേഷിപ്പിച്ചു. മറ്റുള്ളവരെ സേവിക്കാനുള്ള മനോഭാവവുമായിട്ടാണ് കോളജ് അധ്യാപകനായിരുന്ന കുണ്ഡു 1974ല്‍ ഡംഡം കറക്‌ഷനല്‍ സെന്ററില്‍നിന്നു പുറത്തുവരുന്നത്. 

സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ ആയുധങ്ങള്‍ക്കല്ല ശാസ്ത്രബോധത്തിനാണു കഴിയുകയെന്ന പുതിയൊരു ചിന്തയുമായിട്ടാണ് കുണ്ഡു 1988 ല്‍ ബംഗാളിലെ ബസിര്‍ഹാത് മേഖലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് സ്ഥാപിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി നിരവധി ദരിദ്രരായ വിദ്യാർഥികളെ ശാസ്ത്ര വിജ്ഞാനത്തിന്റെ ലോകത്തേക്കു കൈപിടിച്ചുയര്‍ത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു സാധിച്ചു. ഇവിടെനിന്നു സൗജന്യമായി ശാസ്ത്രം പഠിച്ചവര്‍ പലരും ഇന്ന് ഐഐടികളിലും കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്സ് ഉള്‍പ്പെടെയുള്ള കോളജുകളിലും പഠിപ്പിക്കുന്നു. 

സർക്കാർ അധ്യാപകനെന്ന നിലയില്‍ ലഭിച്ച ശമ്പളം ഉപയോഗിച്ചാണ് ഈ സൗജന്യ ശാസ്ത്ര പഠന കേന്ദ്രം കുണ്ഡു നടത്തുന്നത്. സഹോദരങ്ങളില്‍നിന്നു വിലയ്ക്കു വാങ്ങിയ ചെറിയ തുണ്ടു ഭൂമിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് സ്ഥാപിക്കുന്നത്. നിരവധി വായ്പകൾ ഇതിനായി എടുത്തു. ക്രമേണ പൂര്‍വ വിദ്യാർഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഇന്‍സ്റ്റിറ്റ്യൂട്ട് വളര്‍ന്നു. ആറു മുറികളുമായി രണ്ടു നില കെട്ടിടത്തിലാണ് ഇന്ന് ഇതു പ്രവര്‍ത്തിക്കുന്നത്. ക്ലാസ്മുറികള്‍ക്ക് പുറമേ ലാബുകളും ശാസ്ത്ര ഉപകരണങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. 

ഇടയ്ക്ക് സ്‌ട്രോക്കുണ്ടായി ഭാഗികമായി ശരീരം തളര്‍ന്നെങ്കിലും കുണ്ഡു തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി. തങ്ങളുടെ ജോലി ആത്മാർഥമായി ചെയ്യണമെന്നും വിദ്യാർഥികള്‍ക്ക് എന്നും പ്രചോദനമാകണമെന്നുമാണ് അധ്യാപകര്‍ക്കുള്ള കുണ്ഡുവിന്റെ ഉപദേശം.