ലോക ബോക്സിങ് വേദി കണ്ണീരണിഞ്ഞ ദിനമാണ് 1991 സെപ്റ്റംബർ 11. മൈക്കിൾ വാട്സൻ എന്ന യുവ പ്രതിഭ ചിറകറ്റു വീണുപോയ ദിവസം. ലണ്ടനിലെ വൈറ്റ് ഹാർട് ലെയ്ൻ സ്റ്റേഡിയത്തിൽ സൂപ്പർ മിഡിൽ വെയ്റ്റ് ജേതാവിനെ തീരുമാനിക്കാനുള്ള മത്സരം നടന്നത് അന്നാണ്. പരാജയമറിയാത്ത ലോക ചാംപ്യൻ ക്രിസ് യുബാങ്കും മൈക്കിൾ വാട്സനും തമ്മിലാണു മത്സരം. 11 റൗണ്ട് കഴിഞ്ഞപ്പോൾ കാണികൾ ഉറപ്പിച്ചു, വാട്സൻ ഇത്തവണ ലോക കിരീടം പിടിച്ചെടുക്കും. അന്നോളം അറിയാത്ത പരാജയത്തിന്റെ രുചി നുണയേണ്ടി വരുമെന്നു യുബാങ്കും ഉറപ്പിച്ചു. പക്ഷേ, 12–ാം റൗണ്ടിൽ അവസാനത്തെ 8 സെക്കൻഡു കൊണ്ടു കാര്യങ്ങൾ മാറി മറിഞ്ഞു. യുബാങ്കിന്റെ ഇടിയേറ്റു ബോക്സിങ് റിങ്ങിന്റെ സൈഡ് ബാറിലേക്കു വാട്സൻ മറിഞ്ഞു വീണു. തല ശക്തമായി ബാറിൽ ഇടിച്ചു. തളർന്നു വീണ വാട്സനെ യുബാങ്ക് വീണ്ടും ആക്രമിച്ചു. 

യുബാങ്കിന്റെ ആക്രമണം വാട്സന്റെ തലച്ചോറിനെയാണു ബാധിച്ചത്. ആ വീഴ്ച 40 ദിവസത്തോളം വാട്സനെ കോമയിൽ തളച്ചിട്ടു. 26 വയസ്സ് മാത്രമുള്ള, ഏറെ ഉയരങ്ങൾ പറക്കേണ്ടിയിരുന്ന ആ പ്രതിഭ അനക്കമറ്റ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ഒരു വർഷത്തോളം കിടന്നു. തലച്ചോറിൽ കട്ട പിടിച്ച രക്തം ഒഴിവാക്കാനായി ആറു തവണയാണു ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് 6 വർഷം വീൽചെയറിൽ.

വാട്സൻ ഒരിക്കലും എഴുന്നേറ്റു നടക്കില്ലെന്നും ഒരു മുറിയിൽ നിന്നു മറ്റൊന്നിലേക്കു നടക്കേണ്ടി വന്നാൽ അയാളെ സംബന്ധിച്ചിടത്തോളം അതൊരു മാരത്തൺ ആയിരിക്കുമെന്നും ഡോക്ടർ വിധിയെഴുതി. പക്ഷേ, അതേ ഡോക്ടറിനു പറഞ്ഞ കാര്യങ്ങൾ പിൻവലിക്കേണ്ടി വന്നു. കാരണം 2003 ലെ ലണ്ടൻ മാരത്തൺ ഓടി തീർത്ത വാട്സനെ സ്പിരിറ്റ് ഓഫ് ലണ്ടൻ അവാർഡ് നൽകി രാജ്യം ആദരിച്ചു. മനഃശക്തിയുടെ ബലം എന്നല്ലാതെ ഈ അത്ഭുതത്തെ വിലയിരുത്താൻ സാധിക്കില്ല എന്നാണു ശാസ്ത്രലോകം വാട്സന്റെ തിരിച്ചു വരവിനെക്കുറിച്ചു പറഞ്ഞത്. 

വാട്സന്റെ വീഴ്ചയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ വേൾഡ് ബോക്സിങ് ഓർഗനൈസേഷനു വലിയ വീഴ്ച പറ്റിയെന്നു കണ്ടെത്തി. കാരണം അടിയന്തരമായി ലഭിക്കേണ്ട പരിരക്ഷ വാട്സനു ലഭിച്ചില്ല. 7 മിനിറ്റ് എടുത്തു വാട്സനെ പരിശോധിക്കാനായി ഡോക്ടറെത്താൻ. സുരക്ഷയൊരുക്കാനുള്ള മെഡിക്കൽ സൗകര്യങ്ങളും അവിടെയില്ലായിരുന്നു. 28 മിനിറ്റ് എടുത്തു അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ. അത്രയും നേരം ഓക്സിജൻ കൊടുക്കാനുള്ള സാഹചര്യം പോലും ഒരുക്കിയിട്ടില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ വാട്സൻ എന്ന യുവപ്രതിഭയുടെ ചിറക് അരിഞ്ഞിട്ടതിൽ അസോസിയേഷന്റെ  പങ്കു വളരെ വലുതാണെന്നു കോടതി കണ്ടെത്തി. 2001 ൽ ബ്രിട്ടീഷ് ബോക്സിങ് ഓർഗനൈസേഷൻ 4 ലക്ഷം പൗണ്ട് വാട്സനു നഷ്ടപരിഹാരമായി നൽകി. അതിനായി ലണ്ടനിലെ ഹെഡ് ക്വാർട്ടേഴ്സ് അവർക്കു വിൽക്കേണ്ടി വന്നു. 

വാട്സന്റെ നേതൃത്വത്തിൽ ആരംഭിച്ച ബ്രെയിൻ ആൻഡ് സ്പൈൻ ഫൗണ്ടേഷന്റെ ധനശേഖരണാർഥമാണു 2003 – ൽ വാട്സൻ മാരത്തണിൽ പങ്കെടുത്തത്. വാട്സന്റെ ഇടതും വലതും ഓടിയത് അദ്ദേഹത്തെ മരണത്തിന്റെ വക്കോളം പറഞ്ഞു വിട്ട രണ്ടു വ്യക്തികളാണ്. 1991 ലെ എതിരാളി ക്രിസ് യുബാങ്കും 7 മിനിറ്റ് വൈകിയെത്തിയ ഡോക്ടറും. പിൽക്കാലത്ത് ഇവർ ഇരുവരും വാട്സന്റെ പ്രിയസുഹൃത്തുക്കളായി മാറി എന്നതു കാലം കരുതിവച്ച കാവ്യനീതി.

പതിനാലാം വയസ്സിലാണു വാട്സൻ ബോക്സിങ് കരിയർ ആരംഭിച്ചത്. 1980 ൽ 71കിലോയ്ക്കു താഴെയുള്ളവർക്കായുള്ള ലണ്ടൻ സ്കൂൾ ടൈറ്റില്‍ മത്സരത്തിൽ വിജയിയായതോടെയാണു കായിക ലോകം അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങുന്നത്. 1983, 84 കാലഘട്ടത്തിൽ ലണ്ടനിലെ 75 കിലോയ്ക്കു താഴെയുള്ളവരുടെ വിഭാഗത്തിൽ ജേതാവായി. 1984 ൽ ലണ്ടനിലെ  ദേശീയ ചാംപ്യനായ ജോൺ ബെക്കൽസിനെ 30 സെക്കൻഡുകൊണ്ടു പരാജയപ്പെടുത്തിയതോടെ ഒളിംപിക്സ് വേദിയിൽ വാട്സൻ ലണ്ടന്റെ പ്രതീക്ഷയായി. 1989 ൽ മിഡിൽ  വെയ്റ്റ് ചാംപ്യനായ നിഗേൽ ബെന്നിനെ പരാജയപ്പെടുത്തി ബ്രിട്ടീഷ് കോമൺവെൽത്ത് ടൈറ്റിൽ സ്വന്തമാക്കി. 1991 വരെ മിഡിൽ വെയ്റ്റ് കിരീടം വാട്സൻ നിലനിർത്തി. 2004 – ൽ എലിസബത്ത് രാജ്ഞി മോസ്റ്റ് എക്സലന്റ് ഓർഡർ ഓഫ് ദ് ബ്രിട്ടീഷ് എംപയർ അവാർഡ് നൽകി ആദരിച്ചു.