ദേശീയ റെക്കോർഡിന്റെ പൊൻതിളക്കത്തിലാണു ദിവ്യ ശങ്കർ. തുടർച്ചയായി 2 മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ദിവ്യ തന്റെ പേരെഴുതിച്ചേർത്തു. ‘ഡൗൺസ്  സിൻഡ്രോം’ അസുഖത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചാണു നേട്ടം. 

പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിനിയാണു ദിവ്യ. കഴിഞ്ഞ ഡിസംബർ 23ന് അംബേദ്കർ പാർക്കിൽ നടത്തിയ പ്രകടനമാണു റെക്കോർഡിന് അർഹയാക്കിയത്. നാട്ട രാഗത്തിൽ പുഷ്പാഞ്ജലിയോടെ നൃത്തം തുടങ്ങി. യമുനാകല്യാണി രാഗത്തിൽ ‘കൃഷ്ണാ നീ ബേഗനെ’എന്ന കീർത്തനത്തിലെത്തിയപ്പോൾ കൃഷ്ണലീലകളും യശോദയുടെ ആവലാതികളും ദിവ്യയുടെ  മുദ്രകളിലും മുഖഭാവത്തിലും വിരിഞ്ഞു. കദനകുതൂഹല തില്ലാന കഴിഞ്ഞു ഹരിവരാസനം ആടി മംഗളം ചെയ്തു. 

ഭരതനാട്യത്തിന്റെ 10 ഇനങ്ങൾ ദിവ്യ അവതിരിപ്പിച്ചു. കഴിഞ്ഞ ജൂലൈ 5നാണ് റെക്കോർഡ് ഔദ്യോഗികമായി ലഭിച്ചത്. അമൃതവാണി സീമാ കണ്ണന്റെ ശിഷ്യയാണു 15 വയസ്സുകാരി ദിവ്യ. 7 വർഷമായി നൃത്തം അഭ്യസിക്കുന്നു. നാൽപതിലേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പെരുവാരം ശിവാലയത്തിൽ ശങ്കരനാരായണ അയ്യരുടെയും (ശങ്കർ) രാജേശ്വരിയുടെയും (ചിത്ര) മകളാണ്. എൻജിനീയറാണു സഹോദരൻ ശരത്. മാതാപിതാക്കളുടെയും അധ്യാപികയുടെയും പിൻതുണയാണു വൈകല്യങ്ങളെ മറികടക്കാൻ ദിവ്യയെ സഹായിച്ചത്.