പത്താം ക്ലാസിൽ 83.6 % മാർക്ക് നേടിയിട്ടും സാമ്പത്തിക പരാധീനതകൾ മൂലം തുടർപഠനമെന്ന സ്വപ്നം തന്നെ ഉപേക്ഷിച്ചു നിൽക്കുകയായിരുന്നു നെം സിങ് രാജ് പുരോഹിത് എന്ന 16 കാരൻ. ഒരു റോഡപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട നെം സിങ്ങിന് ഇളയ രണ്ടു സഹോദരങ്ങളെ നോക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ടായിരുന്നു. പഠനം തന്നെ ഉപേക്ഷിക്കാൻ നിന്ന നെം സിങ് ഇന്നു പക്ഷേ ജോധ്പൂർ മെഡിക്കൽ കോളജിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. ഇതിനു കാരണമായതാകട്ടെ രാജസ്ഥാനിലെ "50 വില്ലേജേഴ്സ് സേവാ സൻസ്ഥാൻ " എന്ന കൂട്ടായ്മയും. സൗജന്യ എൻട്രൻസ് പരിശീലനം നൽകിയാണ് നെം സിങ്ങിനെ ഈ കൂട്ടായ്മ മെഡിക്കൽ കോളജിലെത്തിച്ചത്. 

നെം സിങ്ങിനെ പോലെ പാവപ്പെട്ട ചുറ്റുപാടുകളിൽ നിന്നുള്ള നിരവധി പേർക്ക് അവരുടെ സ്വപ്നങ്ങൾ കൈവരിക്കാനുള്ള സഹായങ്ങളേകുകയാണ് കഴിഞ്ഞ ഏഴ് വർഷമായി "50 വില്ലേജേഴ്സ് സേവാ സൻസ്ഥാൻ ". ബീഹാറിലെ അനന്ത് കുമാറിന്റെ സൂപ്പർ 30 യിൽ നിന്നു പ്രചോദനമുൾക്കൊണ്ടു രാജസ്ഥാനിലെ ഒരു ഡോക്ടറായ സരൺ ആണ് ഈ സൗജന്യ നീറ്റ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.

11,12 ക്ലാസുകളിൽ നിന്നു 25 വിദ്യാർഥികളെ വീതം തിരഞ്ഞെടുത്താണ് ഇവർ പരിശീലനം നൽകുന്നത്. ഒരു വർഷം 50 ഗ്രാമീണ വിദ്യാർഥികൾ എന്ന അർഥത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന് "50 വില്ലേജേഴ്സ് സേവാ സൻസ്ഥാൻ " എന്ന പേരു നൽകിയത്. 

വിദ്യാഭ്യാസ സമ്പ്രദായവും നമ്മുടെ രാജ്യത്തെ ഗ്രാമീണരുടെ പരിതസ്ഥിതികളുമാണ് സാധാരണ ഡോക്ടറായിരുന്ന തന്നെ ഒരു അധ്യാപകനും മെന്ററുമാക്കി മാറ്റിയതെന്ന് ഡോ. സരൺ പറയുന്നു. നല്ല കഴിവും ബുദ്ധിയുമുണ്ടായിട്ടും സാമ്പത്തിക ചുറ്റുപാടുകൾ മോശമായതു കൊണ്ട് മാത്രം നിരവധി വിദ്യാർഥികൾ സ്കൂളിൽ വച്ചു തന്നെ പഠനം ഉപേക്ഷിക്കുന്നുണ്ട്. അത്തരത്തിലുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നതെന്നും സരൺ കൂട്ടിച്ചേർക്കുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിദ്യാർഥികളെ എടുക്കുന്നത് കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ്. ഒന്നാമതായി പത്താം ക്ലാസിൽ ഫസ്റ്റ് ഡിവിഷനിൽ പാസ്സായിരിക്കണം. പിന്നെ 50 മാർക്കിന്റെ ഒരു അഭിരുചി പരീക്ഷയിൽ പങ്കെടുക്കണം. തുടർന്ന് വിദ്യാർഥികളുടെ ഗൃഹസന്ദർശനം നടത്തി സാമ്പത്തിക സ്ഥിതി വിലയിരുത്തും. 30 മാർക്കാണ് ഗൃഹ സന്ദർശനത്തിന് അനുവദിച്ചിരിക്കുന്ന മാർക്ക്. 

താമസം, ഭക്ഷണം, പുസ്തകങ്ങൾ, ദിവസച്ചെലവുകൾ ഉൾപ്പെടെ 25,000 രൂപയാണ് ഒരു വിദ്യാർഥിക്കു വേണ്ടി പ്രതിവർഷം ശരാശരി ഇൻസ്റ്റിറ്റ്യൂട്ട് മുടക്കുന്നത്. പലരും കളിയാക്കിയിട്ടും ഒന്നും ശരിയാകില്ലെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തിയിട്ടും സരണും സംഘവും മുന്നോട്ട് പോയി. 

2015ൽ ഇവിടെ നിന്നുള്ള 28 വിദ്യാർഥികൾ നീറ്റു വിജയിച്ചപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് പത്രങ്ങളിൽ ഇടം പിടിച്ചു. 500 രൂപ മുതൽ 5 ലക്ഷം രൂപ വരെ നീളുന്ന സംഭാവനകൾ കൊണ്ടാണ് സ്ഥാപനം മുന്നോട്ട് പോകുന്നത്. വാടകക്കെട്ടിടം വഴിയായി 9 ലക്ഷം രൂപയോളം കടമുണ്ട്. പരാധീനതകൾക്കിടയിലും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ നേടുന്ന വിജയം ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമാവുകയാണ്.