ആരുടെയും സ്വപ്നമായ ഐഐടി ബോംബെയിൽ മാസ്റ്റേഴ്സ് ഇൻ ഡിസൈനിൽ പ്രവേശനം. എന്നാൽ കോഴ്സിന്റെ പാതി വഴിയിൽ തല നിറയെ സ്റ്റാർട്ടപ് സ്വപ്നങ്ങളായി. ഐഐടിയോടു ഗുഡ്ബൈ !

തിരുവനന്തപുരം കമലേശ്വരം സ്വദേശി എം.ജി. ശ്രീരാമന്റെ വിചിത്ര തീരുമാനം ശരിയാണെന്നാണു കാലം തെളിയിച്ചത്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 395 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത് ശ്രീരാമന്റെ ഫൈൻഡ് (FYND) എന്ന ഇ–കൊമേഴ്സ് സ്റ്റാർട്ടപ്പിനെയാണ്  ! 

വീട്ടിൽ പോലും  പറയാതെ...
കൊല്ലം ടികെഎമ്മിൽ ബിടെക് കഴിഞ്ഞ് ഐഐടിയിലെത്തിയത് 2012ൽ. ആദ്യ വർഷം കൊണ്ട് ക്ലാസ് ഏറെക്കുറെ കഴിഞ്ഞു. പിന്നെ ഒരു വർഷം പ്രോജക്ടാണ്. ഐഐടിയിൽ ബിടെക് കഴിഞ്ഞ ഹർഷ് ഷാ, ഫറൂഫ് ആദം തുടങ്ങിയവരെ ഇതിനിടെ പരിചയപ്പെട്ടു. അവരാണ് പിന്നീട് ഫൈൻഡിൽ സഹസ്ഥാപകരായത്.

ഒരു ദിവസം പ്രഫസർക്കു മെയിൽ അയച്ചു – ‘കോഴ്സ് തുടരാൻ കഴിയില്ല, സ്വന്തം കമ്പനി തുടങ്ങുകയാണ്.’ അദ്ദേഹമാകട്ടെ ആവോളം പ്രോത്സാഹിപ്പിച്ചു. പഠനം നിർത്തിയ കാര്യം വീട്ടിൽ പറഞ്ഞത് രണ്ടു മാസം കൂടി കഴിഞ്ഞ് ! കോഴ്സ് കഴിഞ്ഞു പോരായിരുന്നോ എന്ന് ഇപ്പോഴും അമ്മയും അച്ഛനും ചോദിക്കും. പക്ഷേ  തീരുമാനം തെറ്റിപ്പോയെന്നു തോന്നിയിട്ടില്ല. ഒരു ക്ലാസ്റൂമിനും തരാനാകാത്തത്ര അനുഭവങ്ങളാണു കിട്ടിയത്.

ഐഡിയ മാറ്റി
ഷോപ്പ്സെൻസ് റീട്ടെയ്‍ൽസ് എന്ന പേരിലാണു കമ്പനി തുടങ്ങുന്നത്. മാച്ച് എന്നതായിരുന്നു ആദ്യ ഉൽപന്നം. ബ്രാൻഡഡ് ഷോപ്പുകളിൽ സ്ഥാപിക്കുന്ന വലിയ സ്ക്രീനിലുള്ള മോഡലുകൾ ആ കടയിലെ നാം വാങ്ങാൻ ആഗ്രഹിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ എങ്ങനെയിരിക്കുമെന്ന് മനസിലാക്കിക്കൊടുക്കുന്ന ഇന്ററാക്ടീവ് പ്രോജക്ട്. 

സ്ക്രീനിൽ കാണുന്ന ഉൽപന്നം ആ സ്റ്റോറിലില്ലെങ്കിൽ ഏറ്റവുമടുത്ത് എവിടെ ലഭിക്കുമെന്ന വിവരവും ലഭ്യമാക്കി. എന്നാൽ പിന്നീട് ഈ ബിസിനസ് അപ്രസക്തമാണെന്നു തോന്നി. 

അറുനൂറോളം ബ്രാൻഡുകളുടെ തൊള്ളായിരത്തിലധികം സ്റ്റോറുകളിലെ ഉൽപന്ന ലഭ്യത സംബന്ധിച്ച ലൈവ് ഡേറ്റ പക്ഷേ കൈവശമുണ്ട്. അതു മറ്റേതു രീതിയിൽ ഉപയോഗിക്കാമെന്ന ചിന്തയാണു നാലു മാസത്തോളം തല പുകഞ്ഞശേഷം ഫൈൻഡിലെത്തിച്ചത്. ആമസോണിനും മറ്റും വെയർഹൗസുകൾ വേണമെങ്കിൽ ഫൈൻഡിന്റെ പ്രവർത്തനം അങ്ങനെയല്ല; ലോക്കൽ സ്റ്റോറുകളെ ബന്ധിപ്പിച്ചാണ്.

റിലയൻസ് വീണതിങ്ങനെ
സ്റ്റാർട്ടപ്പുകൾക്കായുള്ള റിലയൻസിന്റെ ജിയോജെൻനെക്സ്റ്റ് എന്ന ആക്സിലറേറ്റർ പ്രോഗ്രാമിൽ നടത്തിയ പ്രസന്റേഷനാണ് ഫൈൻഡിന്റെ തലവര മാറ്റിയത്. ബ്രാൻഡുകളുടെ ലൈവ് ഡേറ്റയുള്ളതിനാൽ ഒരാൾ സാധനം ഓർഡർ ചെയ്യുമ്പോൾ ഏറ്റവും അടുത്തുള്ള ബ്രാൻഡഡ് സ്റ്റോറിലേക്കാണ് അതു ബന്ധിപ്പിക്കുന്നത്. ഇതിലൂടെ ഡെലിവറി സമയം കുറയ്ക്കാം. ഈ ഡേറ്റയുടെ കരുത്തിൽ റിലയൻസ് ‘വീണു.’