ബലൂചിസ്ഥാനിലെ ഒരു സ്വകാര്യ ആശുപത്രി. സൈറൺ മുഴക്കി ഒരു ആംബുലൻസ് വേഗത്തിൽ കടന്നുവന്നു. ഡോക്ടർമാരുടെ സംഘം പരിശോധനാ മുറിയിലേക്ക് ഓടിയെത്തി. പാക്കിസ്ഥാൻ എയർഫോഴ്സിലെ പൈലറ്റായ ഖുറം ഷഹ്സാദും ഭാര്യയും സഞ്ചരിച്ച കാർ ‌അപകടത്തിൽ പെട്ടതാണ്. കൊക്കയിലേക്കു മറിഞ്ഞ കാറിൽ നിന്നു ഖുറം സാഹസികമായി രക്ഷപ്പെട്ടു. പക്ഷേ, ഭാര്യ മുനീബ ആഴത്തിലേക്കു മറിഞ്ഞു. പരിശോധനയ്ക്കു ശേഷം ഡോക്ടർമാർ ബന്ധുക്കളോടു പറഞ്ഞു.

‘മുനീബയുടെ കൈത്തണ്ടയും തോളെല്ലും വാരിയെല്ലും ഒടിഞ്ഞു. കരളിനും ശ്വാസകോശത്തിനും ഗുരുതര പരുക്കുണ്ട്.’

ബന്ധുക്കള്‍ നിശബ്ദരായെങ്കിലും കിടക്കയിൽ മുനീബ വെറുതെ ചിരിച്ചു. ഒരു ദിവസം ഡോക്ടർ മുനീബയുടെ കട്ടിലിൽ വന്നിരുന്നു വിഷമത്തോടെ പറഞ്ഞു.

‘നിങ്ങൾ ഒരു കലാകാരിയാകണം എന്നാഗ്രഹിച്ചിരുന്നു എന്നറിഞ്ഞു. എന്നാൽ ഇനിയൊരിക്കലും അതിനാകില്ല. ഒരു പേന പോലും പിടിക്കാൻ നിന്റെ കൈകൾക്കു സാധിക്കില്ല.’

മുനീബ കണ്ണുകളടച്ചു. പിന്നെ പുഞ്ചിരിച്ചു. ഡോക്ടർമാർ തുടർന്നു. 

‘നട്ടെല്ലിനു വല്ലാതെ പരുക്കേറ്റതിനാൽ എഴുന്നേറ്റു നടക്കാനുമാകില്ല.’

അപ്പോഴും മുഖത്തെ പുഞ്ചിരി മാഞ്ഞില്ല.

‘നിനക്കൊരിക്കലും അമ്മയാകാനാകില്ല.’

മുനീബ തകർന്നു പോയി. ഉള്ളിൽ നിന്ന് ഒരു മിന്നൽ ശരീരം മുഴുവൻ ഇരച്ചു കയറി. മുനീബ ഹൃദയം തകർന്നു കരഞ്ഞു. മനോവ്യഥയ്ക്കുള്ള കാരണങ്ങൾ പിന്നെയുമുണ്ടായി. ഭർത്താവ് അവളെ ഉപേക്ഷിച്ചു. 

ആശുപത്രിയുടെ വെള്ളച്ചുവരുകൾ അവൾ വെറുത്തു. ചിത്രകാരിയാകാൻ മോഹിച്ച ഭൂതകാലത്തിലെ മുനീബയെന്ന കൊച്ചുപെൺകുട്ടി അവളുടെ സ്വപ്നങ്ങളിൽ നിരന്തരം വന്നു. 1987 മാര്‍ച്ച് 3 ന് ബലൂചിസ്ഥാനിലാണു മുനീബയുടെ ജനനം. ഒരു യാഥാസ്ഥിതിക കുടുംബം. പുരുഷന്മാർക്കു മുന്നിൽ മുഖം നഷ്ടപ്പെടുന്ന സ്ത്രീകൾ. 18–ാം വയസ്സിൽ വിവാഹം. രണ്ടു വർഷത്തിനുശേഷമായിരുന്നു അപകടം. ഖുറാം ഉറങ്ങി പോയതായിരുന്നു കാരണം. എന്നിട്ടും അയാൾ അവളെ ഒറ്റയ്ക്കാക്കി.

ഒരു ദിവസം അവൾ അമ്മയോടു നിറങ്ങളും കാൻവാസും ആവശ്യപ്പെട്ടു. വേദന തിന്നുന്ന കയ്യിൽ ബ്രഷ് ചേർത്തുവച്ചു മനസ്സിൽ തോന്നിയ ചിത്രം വരച്ചു. കാലത്തിന് അവൾ ഏൽപിച്ച ആദ്യപ്രഹരം. മരുന്നുകളേക്കാൾ നിറങ്ങൾ അവൾക്കു കരുത്തു പകർന്നു. ആശുപത്രി വിട്ടു വീട്ടിലെത്തിയെങ്കിലും ശരീരം അവളെ തോൽപിച്ചു കൊണ്ടിരുന്നു. അണു ബാധയും അലർജിയും. 

രണ്ടു വർഷം കിടക്കയിൽ. എഴുന്നേൽക്കില്ലെന്നു കാലം കരുതിയവൾ പതുക്കെ വീൽ ചെയറിൽ ഇരുന്നു സഞ്ചരിക്കാൻ പ്രാപ്തയായി. ഒരു ദിവസം വീട്ടിലെ കണ്ണാടിക്കു മുന്നിൽ സ്വന്തം രൂപം നോക്കി അവളിരുന്നു. ലിപ്സ്റ്റിക് ഇട്ട് അണിഞ്ഞൊരുങ്ങി. ഒരുപാടു നേരം സ്വന്തം രൂപത്തെ നോക്കി കരഞ്ഞു. പിന്നെ ലിപ്സ്റ്റിക് മായ്ച്ചു. വീൽചെയറിൽ ഇരിക്കുന്ന ഒരു യുവതി അണിഞ്ഞൊരുങ്ങിയാൽ സമൂഹം എന്തു കരുതും. ഇതായിരുന്നു പിന്തിരിപ്പിച്ച ചിന്ത. രണ്ടാമതും അവൾ ലിപ്സ്റ്റിക് ഇട്ടു. അതവൾക്കു വേണ്ടിയായിരുന്നു. അന്നു മുതൽ മുനീബ അവളുടെ പേടികളോടു പൊരുതാൻ തുടങ്ങി. പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചിത്രങ്ങൾ വരച്ചു തന്റെ ബ്ലോഗായ മുനീബാസ് കാൻവാസിൽ പോസ്റ്റ് ചെയ്തു. ചിത്രങ്ങൾക്ക് ആവശ്യക്കാർ കൂടി വന്നു.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അമ്മയാകാൻ കഴിയില്ലെന്ന ഡോക്ടറുടെ വാക്കുകൾ വേട്ടയാടുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിക്കുന്നത്. ഒരു ദിവസം അവൾക്കൊരു  ഫോൺ വന്നു. ഒരു അനാഥാലയത്തിൽ നിന്ന്. അവിടെ അവളുടെ മകൻ കാത്തിരിപ്പുണ്ടായിരുന്നു. നയിൽ എന്നാണവനു മുനീബ നൽകിയ പേര്. അവനെ കണ്ടദിനം പ്രസവ വേദനയെന്തെന്നു താനറിഞ്ഞെന്നു മുനീബ പറയുന്നു. 

മോഡലിങ്ങിലും ആങ്കറിങ്ങിലും സാന്നിധ്യം അറിയിക്കാൻ തുടങ്ങി. വീൽച്ചെയറിലുള്ള ആദ്യ ആങ്കറെന്നും മോഡലെന്നുമുള്ള അംഗീകാരം മുനീബയ്ക്കു സ്വന്തം. അറിയപ്പെടുന്ന മോട്ടിവേഷനൽ സ്പീക്കറാണു മുനീബ.

പാകിസ്ഥാനിലെ ആദ്യ വനിതാ ഗുഡ്‍വിൽ അംബാസിഡറായി യുഎൻ മുനീബയെ നിയമിച്ചു. ബിബിസി 2015 ല്‍ മികച്ച 100 വനിതകളെ കണ്ടെത്തിയതില്‍ ഒരാൾ മുനീബയാണ്. മുനീബ മസാരിയെ പാക്കിസ്ഥാന്റെ ഉരുക്കുവനിതയെന്നാണു ലോകം സ്നേഹത്തോടെ വിളിക്കുന്നത്.