ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റായ അജയ് ശങ്കര്‍ പാണ്‌ഡേ എന്നും ഓഫീസിലേക്കു വരുന്നത് 10 മിനിട്ടു നേരത്തെയാണ്. വഴിയിലെ ഗതാഗതകുരുക്കു പേടിച്ചൊന്നുമല്ല ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഓഫീസു സമയത്തിനും മുന്‍പു വരുന്നത്. നേരത്തെ എത്തിയിട്ടു വേണം ഇദ്ദേഹത്തിന് ഓഫീസ് സ്വയം തുടച്ച് വൃത്തിയാക്കാന്‍! ഇന്നും ഇന്നലെയുമൊന്നുമല്ല അജയ് ശങ്കര്‍ ഈ ശീലം തുടങ്ങിയത്. കഴിഞ്ഞ 26 വര്‍ഷമായിട്ടുള്ള പതിവാണ് അദ്ദേഹത്തിന് ഇത്. 

1993ല്‍ ആഗ്രയിലെ എഡ്മഡ്പൂരില്‍ സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയിരിക്കുമ്പോഴാണ് അജയ് ശങ്കര്‍ ഈ ശീലം തുടങ്ങിയത്. അന്ന് അവിടുത്തെ ശുചിത്വ തൊഴിലാളികളുടെ ഒരു സമരം നടന്നു. പ്രശ്‌നം പരിഹരിക്കാന്‍ അജയ് ആവുന്നതും ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ ജോലിക്കു കയറില്ലെന്ന വാശിയില്‍ ഉറച്ചു നിന്നു. വൃത്തിയുടെ കാര്യത്തില്‍ കണിശക്കാരനായിരുന്ന അജയ് ഒടുവില്‍ സ്വയം തന്റെ ഓഫീസ് വൃത്തിയാക്കാന്‍ തീരുമാനിച്ചു. ഒരു ചൂലുമായി ഓഫീസിലെത്തിയ അജയ് തന്റെ മുറിയും ഓഫീസു പരിസരവും വൃത്തിയാക്കാന്‍ തുടങ്ങി. മേലധികാരി വൃത്തിയാക്കല്‍ ജോലിക്ക് ഇറങ്ങിയതോടെ ഓഫീസിലെ ജീവനക്കാരും ഒപ്പം കൂടി. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജീവനക്കാരോടൊപ്പം അവരുടെ കുടുംബാംഗങ്ങളും കൂടിയെത്തി ആ മുനിസിപ്പല്‍ പ്രദേശത്തെ ഒരു ശുചിത്വ യജ്ഞമായി അത് ഏറ്റെടുത്തു. അങ്ങനെ ദിവസങ്ങളോളം മാലിന്യം എടുക്കാതെ വൃത്തിരഹിതമായി കിടന്നയിടങ്ങളെല്ലാം അവര്‍ വൃത്തിയാക്കി. മൂന്നു നാലു ദിവസം ഇതു തുടര്‍ന്നു. നഗരത്തിലെ പൗരന്മാര്‍ സ്വയം വൃത്തിയാക്കാന്‍ തുടങ്ങിയതോടെ ശുചിത്വ തൊഴിലാളികള്‍ക്ക് അവരുടെ ജോലി നഷ്ടപ്പെടുമോ എന്ന പേടിയായി. അങ്ങനെ സമരം അവസാനിപ്പിച്ച് അവര്‍ മടങ്ങിയെത്തി. ആ സംഭവം അജയ് ശങ്കറിന് വല്ലാത്ത പ്രചോദനമായി. 

അങ്ങനെയാണ് ഓഫീസ് വൃത്തിയാക്കുന്ന ദിനചര്യ അദ്ദേഹം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ ഓഫീസിനു പുറത്ത് എപ്പോഴും ഒരു ചൂലും വൈപ്പറും വലിയ ചവറ്റു കുട്ടയും കാണാം. അതിനൊപ്പം ഒരു ബോര്‍ഡും അദ്ദേഹം സ്ഥാപിച്ചു. അതില്‍ ഇങ്ങനെ എഴുതി. ' ഞാന്‍ ഇന്ന് ഈ ഓഫീസ് സ്വയം വൃത്തിയാക്കി. ഓഫീസു പരിസരത്തു ചവറിട്ടു ദയവായി എന്റെ ജോലി വർധിപ്പിക്കരുത്. 

വൃത്തിയാക്കുന്ന പണി നമുക്കു വേണ്ടി മറ്റുള്ള ആരെങ്കിലും ചെയ്യണമെന്നാണ് ഇന്ത്യയില്‍ നാം വിചാരിക്കാറുള്ളതെന്നും, ഈ മനോഭാവം മാറേണ്ടതാണെന്നും അജയ് പറയുന്നു. ഓഫീസ് വൃത്തിയാക്കാന്‍ ഇദ്ദേഹം സ്വയം തയ്യാറായി ഇറങ്ങുമെങ്കിലും സഹപ്രവര്‍ത്തകരെ ഒരിക്കലും ഇതിനായി നിര്‍ബന്ധിക്കാറില്ല. പക്ഷേ, പലരും തന്നില്‍ നിന്ന് പ്രചോദിതരായി  സ്വയം വൃത്തിയാക്കാന്‍ തുടങ്ങാറുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.