ഇറ്റലിയിലെ റിനാസ്സോ എന്ന ഗ്രാമത്തിലെ ട്രാക്ടർ നിർമാതാവായിരുന്നു ഫെറൂച്ചിയോ. ആഡംബര കാറുകളോടു വലിയ പ്രണയമായിരുന്നു അദ്ദേഹത്തിന്. ഒരുപാടുകാലത്തെ ആഗ്രഹത്തെത്തുടർന്ന് അദ്ദേഹം ഒരു ഫെറാരി കാർ വാങ്ങി. പക്ഷേ ഉദ്ദേശിച്ച സംതൃപ്തി കിട്ടിയില്ല. എന്താണു പ്രശ്നമെന്ന് അദ്ദേഹം പരിശോധിച്ചു. ഫെറാരി കാറുകളുടെ ക്ലച്ചാണു വില്ലനെന്നു കണ്ടെത്തി. സർവീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനോടു കാറിന്റെ പോരായ്മയെക്കുറിച്ചു സംസാരിച്ചെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. 

ഇതിനിടെ ഫെറാരി  കമ്പനി ഉടമയായ എൻസോ ഫെരാരിയെ കാണാൻ ഫെറൂച്ചിയോയ്ക്ക് അവസരം ലഭിച്ചു. എൻസോയോ ടു, ഫെറാരിയാണു തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാർ എന്നും എന്നാൽ അതിനൊരു പോരായ്മയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൂടി പരിഹരിക്കാനായാൽ ലോകത്തിൽ മറ്റൊരു കാറിനും ഫെറാരിയെ പിന്നിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും മികച്ച കാർ എന്ന സർട്ടിഫിക്കറ്റ് ഫെറാരിക്ക്, ഫെറൂച്ചി തരേണ്ട ആവശ്യമില്ലെന്നായിരുന്നു എൻസോ ഫെറാരിയുടെ പ്രതികരണം. 

അപമാനിതനായിട്ടായിരുന്നു ഫെറൂച്ചിയ അവിടെ നിന്ന് ഇറങ്ങിയത്. ആ നെഞ്ചിലെ കനൽ കെടുത്താൻ അദ്ദേഹം കടുത്ത ഒരു തീരുമാനമെടുത്തു. തന്നെ അപമാനിച്ച എൻസോ ഫെറാരിയുടെ കാറിനെക്കാൾ മികച്ച ഒരു കാർ നിർമിച്ച് അവരോടു പകരം വീട്ടുക. ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപേ സകലരേയും ഞെട്ടിച്ച് ഒരു പുതിയ സ്പോർട്സ് കാർ നിരത്തിലിറങ്ങി. അന്നു ഫെറൂച്ചിയയുടെ പ്രതികാരത്തിൽ പിറന്ന വണ്ടിയാണു ലംബോര്‍ഗിനി. പിതാവിന്റെ പേരാണ് അദ്ദേഹം കാറിനു നൽകിയത്. അധികനാൾ വേണ്ടി വന്നില്ല ഫെറാരിയുടെ മുകളിൽ ലംബോര്‍ഗിനി വളരാൻ.

1916 ഏപ്രിൽ 28 നാണു ഫെറൂച്ചിയ ലംബോർഗിനിയുടെ ജനനം. മുന്തിരിത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു പിതാവ്. അച്ഛനെ സഹായിക്കാൻ കുട്ടിക്കാലത്തേ ഫെറൂച്ചിയ ജോലിസ്ഥലത്തെത്തും. പണിക്കു കൊണ്ടുവരുന്ന ട്രാക്ടറുകൾ നന്നാക്കുന്നതു കാണുന്നതായിരുന്നു ഫെറൂച്ചിയയുടെ വിനോദം. 

ഒരിക്കൽ ട്രാക്ടർ കേടായപ്പോൾ മെക്കാനിക്കിനെ കിട്ടിയില്ല. ഫെറൂച്ചിയ ആ ജോലി ഏറ്റെടുത്തു. ട്രാക്ടർ ഒറ്റയ്ക്കു നന്നാക്കി സകലരെയും ഞെട്ടിച്ചു. അങ്ങനെയിരിക്കെയാണു രണ്ടാം ലോക മഹായുദ്ധം. ഫെറൂച്ചിയ നിർബന്ധിത സൈനിക സേവനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. മോട്ടോർ വാഹനങ്ങളെയും യന്ത്രങ്ങളെയും പറ്റി കൂടുതൽ മനസ്സിലാക്കുന്നത് ആ കാലഘട്ടത്തിലാണ്. 

യുദ്ധാനന്തരം നാട്ടിൽ തിരിച്ചെത്തി വിവാഹിതനായി. പിന്നീടു തന്റെ നാട്ടിലെ വാഹനങ്ങൾ നന്നാക്കുന്ന ജോലി ചെയ്തു ജീവിച്ചു. ഭാര്യ സെലീന മോണ്ടിയുടെ മരണത്തോടെ കടുത്ത വിഷാദ രോഗത്തിലേക്കു ഫെറൂച്ചിയ വീണു. 

ആ വേദനയിൽ നിന്നുള്ള മോചനമായാണു ട്രാക്ടർ നിർമാണം തുടങ്ങുന്നത്. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വിഷാദ രോഗത്തിൽ നിന്ന് അദ്ദേഹം കരകയറി. കുറേ നാളെടുത്തു തന്റെ ആദ്യ ട്രാക്ടർ നിർമാണം പൂർത്തിയാക്കാൻ. മികച്ച പ്രകടനം കാഴ്ചവച്ച ലംബോർഗിനി ട്രാക്ടർ വാങ്ങാൻ ആവശ്യക്കാർ ഏറി. യുദ്ധാനന്തരം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ ഉപയോഗിച്ചായിരുന്നു നിർമാണം. 1949 ൽ ‘ലംബോർഗിനി ട്രാക്ടർ ഫാക്ടറി’ എന്ന നിലയിലേക്കു ഫെറൂച്ചിയയുടെ പ്രസ്ഥാനം വളർന്നു. തുടർന്നാണു ഫെറാരി കാർ വാങ്ങുന്നതും എൻസിയ ഫെറാരിയുമായുള്ള സംവാദവും. 

തന്റെ മുഴുവൻ സ്വത്തും വിറ്റുപെറുക്കിയായിരുന്നു പ്രതികാരം. പ്രഫഷനൽ എൻജിനീയർമാരെയും ഫെറാരിയിൽ നിന്നുള്ള ഒരു എൻജിനീയറെയും ഒരുമിച്ചു ചേർത്തായിരുന്നു നിർമാണം. നാലു മാസത്തിനുള്ളിൽ ലംബോർഗിനിയുടെ ആദ്യ കാർ അവതരിപ്പിച്ചു. ആരും സങ്കൽപ്പിക്കാത്തത്ര പ്രവർത്തന മികവോടെയാണു ലംബോർഗിനി നിരത്തിലിറങ്ങിയത്. കാറിന്റെ സവിശേഷത പെട്ടെന്നുതന്നെ ലോകം ശ്രദ്ധിച്ചു. പിന്നീട് അധിക കാലം വേണ്ടി വന്നില്ല ഫെറാരിയെ പിന്നിലാക്കി ലംബോർഗിനിക്കു മുന്നേറാൻ.