സിറിയൻ അതിർത്തിയോടു ചേർന്ന്, ഇറാഖിന്റെ വടക്കു സിൻജാർ പ്രവിശ്യ, അവിടെ സിയാദികളുടെ ഗ്രാമമാണു കൊച്ചോ. അവിടെയാണു നാദിയ മുറാദും കുടുംബവും താമസിക്കുന്നത്. 21 വയസ്സു വരെ സന്തോഷം നിറഞ്ഞതായിരുന്നു ജീവിതം; 2014 ൽ ഐഎസ് ഭീകരർ അവരുടെ ഗ്രാമത്തില്‍ ശക്തി നേടുന്നതുവരെ.

ഓഗസ്റ്റ് 15 നു കറുത്ത കൊടി പാറുന്ന ട്രക്കുകളിൽ അവർ കൊച്ചോയിലെത്തി. പട്ടണത്തിനു പുറത്തുള്ള സ്കൂളിലേക്കു വരാൻ ഗ്രാമവാസികളോട് ആവശ്യപ്പെട്ടു. സംരക്ഷിക്കാൻ ആരുമില്ലെന്നറിയുമ്പോഴുള്ള പേടി ഗ്രാമീണരെ ഇതിനകം വിഴുങ്ങിയിരുന്നു. ആ നാടിന്റെ ചെറുവഴികളിൽ പോലും മുഖംമൂടി ധരിച്ചും അല്ലാതെയും ഭീകരർ ഉണ്ടായിരുന്നു.  മുഴുവൻ ആളുകളെയും ഉൾക്കൊള്ളാൻ കഴിയാത്തവിധം ചെറുതായിരുന്നു സ്കൂൾ. അവിടെയെത്തിയ ജനങ്ങളോട് ഐഎസിൽ ചേരാൻ ഭീകരർ ആവശ്യപ്പെട്ടു. ആരും അതിനു തയാറായില്ല. 

അവിടെ തടിച്ചു കൂടിയ സ്ത്രീകളെയും പുരുഷന്മാരെയും ഭീകരർ വേർതിരിച്ചു. സ്ത്രീകളെ സ്കൂളിന്റെ രണ്ടാം നിലയിൽ അടച്ചു. അവരുടെ ആഭരണങ്ങളും മൊബൈൽ ഫോണുകളും അടക്കം എല്ലാ വസ്തുക്കളും പിടിച്ചു വാങ്ങി. ഭീതിയോടെ സ്കൂളിന്റെ മുകൾ തട്ടിൽ ഇരുന്ന സ്ത്രീകൾ താഴെ വലിയ വെടിയൊച്ച കേട്ടു. മുഴുവൻ പുരുഷൻമാരെയും ഭീകരർ വെടിവച്ചു കൊന്നു. അതിൽ നാദിയയുടെ 6 സഹോദരന്മാരുമുണ്ടായിരുന്നു. ഭീതിതമായ അന്തരീക്ഷത്തിൽ കരയാൻ പോലും മറന്നു സ്ത്രീകൾ വിറങ്ങലിച്ചു നിന്നു. പുരുഷൻമാരെ വധിച്ചതിനുശേഷം ഭീകരർ പ്രായമായ സ്ത്രീകളെയും വധിച്ചു. അക്കൂട്ടത്തിൽ നാദിയയുടെ അമ്മയുമുണ്ടായിരുന്നു.

യുവതികളെ ട്രക്കുകളിൽ കുത്തി നിറച്ച് അവിടെ നിന്നു പുറപ്പെട്ടു. യുദ്ധത്തടവുകാരായി ഐഎസ് അധിനിവേശ മൊസൂളിലേക്കാണ് അവരെ എത്തിച്ചത്. തുടർന്ന് അടിമച്ചന്തയിലെത്തിച്ചു. നാദിയയെ വിലയ്ക്കു വാങ്ങിയതു ഭീകര സംഘത്തിലെ ഒരു ജ‍ഡ്ജിയാണ്. അയാളുടെ വീട്ടിൽ നാദിയയ്ക്കു നേരിടേണ്ടി വന്നതു കൊടിയ പീഡനമാണ്. പലതവണ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. പീഡനത്തിന്റെ തോതു വലുതായിക്കൊണ്ടിരുന്നു. 

കുറേ ദിവസങ്ങൾക്കു ശേഷം ജ‍ഡ്ജി നാദിയയെ മറ്റൊരാൾക്കു വിറ്റു. ഒരു രാത്രി രക്ഷപ്പെടാൻ ശ്രമിച്ച നാദിയയെ കാവൽക്കാർ പിടികൂടി. അന്നു വലിയ പീഡനമാണ് അവൾക്ക് സഹിക്കേണ്ടി വന്നത്. ദേഷ്യം തീരാതെ അയാൾ അവളെ കാവൽക്കാർക്കു വിട്ടു കൊടുത്തു. ബോധം മറയുന്നതു വരെ അവൾ സഹിച്ചു. 

2014 നവംബറിൽ മൊസൂളിലെ ഒരു കുടുംബത്തിന്റെ സഹായത്തോടെ നാദിയ രക്ഷപ്പെട്ടു. കിലോമീറ്ററുകൾ താണ്ടി ഇറാഖ് അതിർത്തി കടന്നു കുർദിസ്ഥാനിലെത്തി. യസീദികൾക്കായുള്ള ക്യാംപിൽ അഭയം തേടി. തനിക്കും തന്റെ വംശത്തിനുമുണ്ടായ ദുരന്തം ലോകത്തോട് പറയാൻ നാദിയ തീരുമാനിച്ചു. 

2015 ൽ ഐക്യരാഷ്ട്ര സംഘടനാ വേദിയിൽ ലോകനേതാക്കളുടെ മുന്നിൽ തന്റെ ദുരനുഭവങ്ങൾ അവൾ പങ്കു വച്ചു. ഭീകരരുടെ തടവിൽ താൻ അനുഭവിച്ച ദുരിതം ‘ദ് ലാസ്റ്റ് ഗേൾ: മൈ സ്റ്റോറി ഓഫ് കാപ്റ്റിവിറ്റി ആൻഡ് മൈ ഫൈറ്റ് എഗെയ്ൻസ് ദി ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന ആത്മകഥയിലൂടെ ലോകത്തോട് അൾ വിളിച്ചു പറഞ്ഞു. 

മനുഷ്യക്കടത്തിനെതിരെയുള്ള യുഎൻ പ്രചരണത്തിന്റെ ഗുഡ്‍വിൽ അംബാസഡറാണു നാദിയ ഇപ്പോൾ. 2016 – ൽ ടൈം മാഗസിൻ തയാറാക്കിയ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ പട്ടികയിൽ നാദിയയുമുണ്ട്. 2018– ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകി ലോകം അവളെ ആദരിച്ചു.