ഉറ്റ സുഹൃത്തുക്കൾ ഒരേ മനസോടെ ഒന്നിച്ചിരുന്നാൽ നേടാൻ കഴിയാത്തതൊന്നുമില്ല എന്നാണ് പ്രവീണിന്റെ പക്ഷം. മറ്റൊരാൾ പഠിപ്പിക്കുന്നതിനേക്കാൾ സ്വന്തം പോരായ്മയറിഞ്ഞ് സ്വന്തമായി പഠിക്കുന്നതുതന്നെയാണ് സർക്കാർ ജോലി നേടാനും നല്ലതെന്നു പറയുന്നു 10ൽ അധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട പ്രവീൺ. 

വനം വകുപ്പിൽ ഫോറസ്റ്റർ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നേടി  പെരിയ ടൈഗർ റിസർവിൽ സെക്ഷൻ ഫോറസ്റ്റ് ഒാഫിസറായി ജോലി ചെയ്യുകയാണ് ഇപ്പോൾ പ്രവീൺ.

പിഎസ്‌സി പരീക്ഷാ പരിശീലനത്തിനിടെ  കുട്ടികൾക്ക് ട്യൂഷനെടുക്കുമായിരുന്നു. 8, 9, 10 ക്ലാസുകളിലെ പുസ്തകങ്ങളിൽ നിന്ന് പിഎസ്‌സി പരീക്ഷയ്ക്കുള്ള ധാരാളം ചോദ്യങ്ങൾ ലഭിക്കുമെന്ന് അതിൽ നിന്നു പ്രവീണിനു വ്യക്തമായി. ദിവസേന ഇത്ര സമയം പഠിക്കുമെന്ന ടൈംടേബിളൊന്നും ഉണ്ടായിരുന്നില്ല. വീണുകിട്ടുന്ന ഏതു സമയത്തും പഠിക്കും. പരീക്ഷയ്ക്കു പ്രയോജനം ചെയ്യുമെന്നു തോന്നുന്ന വിവരങ്ങൾ ഡയറിയിൽ ഏഴുതി സൂക്ഷിക്കുന്ന ശീലമുണ്ട്. ഇത്തരം 10ൽ അധികം ഡയറികൾ ഇപ്പോഴും പ്രവീണിന്റെ കൈവശമുണ്ട്. 

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങി 10ൽ അധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലാണ് പ്രവീൺ ഇടംപിടിച്ചത്.  ആദ്യ നിയമനം എൽഡി ക്ലാർക്ക് ലിസ്റ്റിൽ നിന്നായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ രണ്ടര വർഷം ക്ലാർക്കായി ജോലി ചെയ്തു. ഫോറസ്റ്റർ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം ലഭിച്ചതോടെ ക്ലാർക്ക് ജോലി ഉപേക്ഷിച്ചു. ഇപ്പോൾ റേഞ്ച് ഫോറസ്റ്റ് ഒാഫിസർ പരീക്ഷ എഴുതി ലിസ്റ്റ് കാത്തിരിക്കുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷ. ഈ ലിസ്റ്റിൽ നിന്നു നിയമനം ലഭിച്ചാൽ ഇപ്പോഴത്തെ ജോലി ഉപേക്ഷിക്കും.

ബിഎസ്‌സി മാത്‌സ്, എംസിഎ യോഗ്യതകൾ നേടിയിട്ടുള്ള പ്രവീണിന്റെ അടുത്ത ലക്ഷ്യം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസാണ് (കെഎഎസ്). അതിനായുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. ജോലിക്കിടെ ലഭിക്കുന്ന ഇടവേളകളെല്ലാം പഠനത്തിനായി നീക്കിവയ്ക്കുന്നു. നെയ്യാറ്റിൻകര ആറാലുംമൂട് അതിയന്നൂർ പിയൂഷിൽ പ്രഭാകരൻ നായരുടെയും ഉമാദേവിയുടെയും മകനാണ്. അച്ഛൻ ജയിൽ വകുപ്പിൽ നിന്ന് അസിസ്റ്റന്റ് ജയിലറായി വിരമിച്ചു. ഭാര്യ കൃഷ്ണ ബാങ്കിങ് പരീക്ഷാ പരിശീലനത്തിന്റെ തിരക്കിലാണ്. ഏക മകൾ കൃതിക പ്രവീൺ എൽകെജി വിദ്യാർഥിനി.

'നമ്മുടെ റാങ്ക് നമ്മുടെ കൈയിലാണ്. പരീക്ഷയ്ക്കു പഠിച്ചാൽ മാത്രം പോരാ ഉത്തരക്കടലാസിലും അതു കാണണം എങ്കിൽ മാത്രമേ മികച്ച റാങ്ക് നേടാൻ കഴിയൂ. തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും സ്ഥിരമായി പഠനത്തിനുപയോഗിച്ചിരുന്നു. ഇതിലെ ഇംഗ്ലിഷ്, കറന്റ് അഫയേഴ്സ് വിഷയങ്ങളാണ് കൂടുതൽ ശ്രദ്ധിച്ചിരുന്നത്. പ്രധാന പരീക്ഷകളടുക്കുമ്പോൾ പ്രസിദ്ധീകരിക്കുന്ന മാതൃകാ പരീക്ഷകളും ബബിൾ ചെയ്ത് പരിശീലിക്കുമായിരുന്നു’.