അഭിലാഷിന്റെ മുറി ഒരു ചെറിയ വിക്കിപീഡിയയാണ്. നവോത്ഥാന നായകരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ചിത്രങ്ങളും  അവരെ സംബന്ധിക്കുന്ന കുറിപ്പുകളും അടങ്ങുന്ന പൊതുവിജ്ഞാന ലോകം. പിഎസ്‌സി പരീക്ഷാ പരിശീലനത്തിനാവശ്യമായ കുറിപ്പുകൾ സ്വന്തം മുറിനിറയെ ഒട്ടിച്ചുവച്ച് വ്യത്യസ്തമായ പഠനരീതിയാണ് ഇദ്ദേഹത്തിന്റേത്. ഇടുക്കി ജില്ലയിലെ എക്സൈസ് ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയ കെ. അഭിലാഷിന്റെ പരിശ്രമം ഇവിടെ അവസാനിക്കുന്നില്ല. എസ്ഐ ആകുകയാണ് അഭിലാഷിന്റെ ജീവിതാഭിലാഷം. അതിനുള്ള തയാറെടുപ്പ് തുടർന്നുകൊണ്ടിരിക്കുന്നു. 

തിരുവനന്തപുരം നെടുമങ്ങാടുള്ള പൂക്കടയിൽ (പിഎസ് ഫ്ലവർമാർട്ട്) രാത്രി മുഴുവൻ ജോലി ചെയ്ത േശഷമാണ് അഭിലാഷ് പിഎസ്‌സി പരീക്ഷാ പരിശീലനത്തിനു സമയം കണ്ടെത്തുന്നത്. രാത്രി 8.30 മുതൽ രാവിലെ 9 വരെ കടയിലുണ്ടാവും. പിന്നീട് വീട്ടിലെത്തി വിശ്രമിച്ച ശേഷം  പരീക്ഷാ പരിശീലനം തുടങ്ങുകയായി.

വെള്ളനാടുള്ള  പിഎസ്‌സി പരീക്ഷാപരിശീലന സ്ഥാപനത്തിൽ കുറച്ചുകാലം കോച്ചിങ്ങിനു പോയി. കൂട്ടുകാർ ചേർന്നുള്ള കംബൈൻഡ് സ്റ്റഡിയുമുണ്ട്. റാങ്ക് ഫയലുകൾ വാങ്ങി വിഷയം തിരിച്ച്  ഇളക്കിയെടുത്ത് സൂക്ഷിക്കും. കൂടുതൽ പേജുകളുള്ള റാങ്ക് ഫയലുകൾ ഒന്നിച്ചു കാണുമ്പോൾ ഇത്രയൊക്കെ പഠിക്കേണ്ടിവരുമോ എന്ന പേടി ഒഴിവാക്കാനുള്ള കൊച്ചു തന്ത്രം. വീട്ടിലെ സ്വന്തം മുറിയിലെ ചുവരുകൾ അലങ്കരിക്കുന്നത്  ഈ വ്യത്യസ്ത വിഷയങ്ങളിലുള്ള വിജ്ഞാന ശകലങ്ങളാണ്. ഇവയെല്ലാം അപ്പപ്പോൾ അപ്ഡേറ്റു ചെയ്തുകൊണ്ടുമിരിക്കും. 

ഹിസ്റ്ററി ബിരുദധാരിയായ അഭിലാഷ് വിവിധ വകുപ്പുകളിൽ ഡ്രൈവർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, സിവിൽ പൊലീസ് ഒാഫിസർ എന്നീ റാങ്ക് ലിസ്റ്റുകളിലും ഫയർഫോഴ്സിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപ്പറേറ്റർ ഷോർട്ട് ലിസ്റ്റിലും  ഉൾപ്പെട്ടിട്ടുണ്ട്. എക്സൈസ് ഡ്രൈവർ തസ്തികയിൽ ജോയിൻ ചെയ്യുമെങ്കിലും സബ് ഇൻസ്പെക്ടറാകാനുള്ള ശ്രമങ്ങൾ തുടരും. നെടുമങ്ങാട് മുണ്ടേല കുന്നുംപുറത്തുവീട്ടിൽ പരേതനായ കുട്ടന്റെയും ഒാമനയുടെയും മകനാണ്.  സഹോദരൻ അനൂപ്.

‘‘വിവരങ്ങൾ കോഡുകളാക്കി പഠിക്കുന്നതാണ് ഒാർത്തിരിക്കാൻ നല്ലത്. മറ്റുള്ളവർ തയാറാക്കുന്ന കോഡുകളേക്കാൾ സ്വന്തമായി കോഡുണ്ടാക്കി പഠിക്കാനാണ് ഇഷ്ടം. പരീക്ഷാ പരിശീലനത്തിനു തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും ഉപയോഗിച്ചിരുന്നു.  തൊഴിൽവീഥിയിലെ പരീക്ഷാ പരിശീലന  പേജുകൾ  പിൻ ചെയ്തു സൂക്ഷിക്കും. ഇതിന്റെ വലിയൊരു കലക്ഷൻ കൈയിലുണ്ട്. പഠനത്തിനിടെ സംശയ നിവാരണത്തിന് ഇതു മറിച്ചു നോക്കും’’.