തലസ്ഥാന ജില്ലയ്ക്ക് അകക്കണ്ണിന്റെ വെളിച്ചവും നിശ്ചയദാർഢ്യവും കൂട്ടായ സബ് കലക്ടർ. കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയായ പ്രഞ്ജിൽ പാട്ടീൽ ഇന്നു  തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേൽക്കും. മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശിയായ കേരള കേഡറിൽ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജിൽ.

2017 ബാച്ചിലെ ഐഎഎ​സ് ഉദ്യോഗസ്​ഥയായ ​അവർ ഇതു വരെ എറണാകുളത്ത് അസി. കലക്ടറായി സേവനം ചെയ്യുകയായിരുന്നു. ആറാം വയസ്സിൽ കാഴ്ചശക്തി നഷ്ടപ്പെട്ട പ്രഞ്ജിൽ നിശ്ചദാർഢ്യവും കഠിനാധ്വാനവും കൊണ്ടാ​ണ് ഇപ്പോഴത്തെ പദവിയിലെത്തുന്നത്. 2016ൽ ഇരുപത്തിയാറാം വയസ്സിൽ സിവിൽ സർവീസ് പരീക്ഷയിൽ 773–ാം ​റാങ്ക് നേടി ഇന്ത്യൻ റെയിൽവേ അക്കൗണ്ട്സ് സർവീസിൽ അവസരം ലഭിച്ചു. പക്ഷേ, കാഴ്ചശക്തിയില്ലെന്ന കാരണത്താൽ തഴഞ്ഞു.

അ‌ടുത്ത തവണ വീണ്ടും സിവിൽ സർവീസ് എഴുതി 124–ാം റാങ്ക് കരസ്ഥമാക്കി. മുംബൈ സെന്റ് സേവ്യേഴ്സ് കോ​ളജിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നു ​ഇന്റർനാഷനൽ റിലേഷൻസിൽ പിജിയും നേടിയ ശേഷമാണു സിവിൽ സർവീസ് പരീക്ഷയെഴുതുന്നത്.

വ്യവസായിയായ കോമൾ സിങ് പാട്ടീലാ​ണു ഭർത്താവ്. ‌എൽ.ബി.പാട്ടീൽ– ജ്യോതി പാട്ടീൽ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഖിൽ. സബ് കലക്ടറും തിരുവനന്തപുരം ആർഡിഒയുമായി ഇന്നു ചുമതലയേൽക്കുന്ന പ്രഞ്ജിലിനെ ആർഡിഒ ഓഫിസിലെ സീനിയർ സൂപ്രണ്ട് ടി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ ലളിതമായ ചടങ്ങുകളോടെ സ്വീകരിക്കും.