ഐഐടി മദ്രാസിൽ നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ് ഇന്റഗ്രേറ്റഡ് എംടെക് കോഴ്സിൽ ഇത്തവണ ഒന്നാം റാങ്ക് നേടിയതു മലയാളി. കോട്ടയം സ്വദേശിയായ കെ.ആർ.ഗോകുൽരാജാണ് ഒന്നാം റാങ്കിനുള്ള സ്വർണ മെഡൽ സ്വന്തമാക്കിയത്.

പോസ്റ്റ് ഗ്രാജുവേഷൻ നേടാൻ ഒരു വർഷം കുറച്ചു മതിയെന്നതാണ് 5 വർഷത്തെ ഇൻറ്റഗ്രേറ്റഡ് എംടെക്കിന്റെ മെച്ചം. ബാച്‌ലർ ഡിഗ്രിക്കു ശേഷം ഇടവേളയില്ലാതെ കോഴ്സ് തുടരുന്നതിനാൽ വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും സാധിക്കുമെന്നു ഗോകുൽ പറയുന്നു.

കപ്പലുകളുടെ നിർമാണം, രൂപകൽപന എന്നിവയോടൊപ്പം സമുദ്രത്തെക്കുറിച്ച് ആഴത്തിലുള്ള പഠനവും നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ് കോഴ്സിന്റെ ഭാഗമായുണ്ട്. കപ്പൽ രൂപകൽപനയാണു പ്രോജക്ടിന്റെ ഭാഗമായി ചെയ്തത്.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കെമിക്കൽ എന്നീ എൻജിനീയറിങ് ശാഖകളെക്കുറിച്ചും പഠിക്കാനുണ്ട്. കോട്ടയം സ്വദേശി ആർ.രാജേഷിന്റെയും മായയുടെയും മകനാണു ഗോകുൽ. 

കേരളത്തിൽ കൊച്ചി കുസാറ്റ് ക്യാംപസിലെ നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് കോഴ്സും ശ്രദ്ധേയമാണ്. പ്ലേസ്മെന്റ് സാധ്യതകളേറെയും ദക്ഷിണ കൊറിയ, ജപ്പാൻ, യുഎസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ്.