നേടിയ അറിവുകൾ മറ്റുള്ളവർക്കൂ കൂടി പങ്കുവയ്ക്കുന്നതാണ് അജിയുടെ നന്മ.  സൗജന്യമായി പരീക്ഷ പരിശീലന ക്ലാസെടുത്തും ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി മറ്റുള്ളവർക്കായി തുറന്നുകൊടുത്തും നന്മ ആവോളം വിളമ്പുകയാണ് ഈ ചെറുപ്പക്കാരൻ. പിഎസ്‌സി, യുപിഎസ്‌സി ഉൾപ്പെടെ 28 റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം നേടിയ ആർ. അജി പമ്പാ റേഞ്ച് ഒാഫിസിനു കീഴിൽ സന്നിധാനം ഫോറസ്റ്റ് സ്റ്റേഷനിൽ സെക്ഷൻ ഫോറസ്റ്റ് ഒാഫിസറാണിപ്പോൾ. 

എഴുതിയ ആദ്യ പിഎസ്‌സി പരീക്ഷയായ മെയിൽ വാർഡൻ തസ്തികയിലേക്കുള്ള  ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ചരിത്രമാണ് അജിയുടേത്. അതും 19–ാം വയസിൽ. എന്നാൽ  പരിശീലനമൊന്നും നടത്താതെ പങ്കെടുത്ത കായികക്ഷമതാ പരീക്ഷയിൽ വിജയിക്കാനായില്ല. 

പിന്നീടങ്ങോട്ട് ഒന്നിനു പിറകെ ഒന്നായി 28 റാങ്ക് ലിസ്റ്റുകളിൽ ഈ മിടുക്കൻ മികച്ച റാങ്കുകൾ കരസ്ഥമാക്കി. വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് മുതൽ സിവിൽ സർവീസ്  വരെയുള്ള പരീക്ഷകൾ വിജയിച്ചു. സിവിൽ സർവീസ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ വിജയിച്ച അജിക്ക് പക്ഷേ, ഇന്റർവ്യൂവിൽ തിളങ്ങാനായില്ല.  വഴുതിപ്പോയ ആ സ്വപ്നം കൈപ്പിടിയിലൊതുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ അജി.

പ്ലസ്ടുവിനു പഠിക്കുമ്പോൾ മുതൽ  ട്യൂഷനെടുക്കുമായിരുന്നു. ബി.കോമിനും എം.കോമിനും പഠിക്കുമ്പോൾ പിഎസ്‌സി കോച്ചിങ് സെന്ററുകളിൽ ക്ലാസെടുക്കാറുണ്ട്. അജി വീട്ടിലിരുത്തി സൗജന്യമായി  പഠിപ്പിച്ച ഉദ്യോഗാർഥികളിൽ പലരും ഇപ്പോൾ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നു. നല്ലൊരു ലൈബ്രറിയും അജി വീട്ടിൽ ഒരുക്കിയിട്ടുണ്ട്.  

എൽഡിസി, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, ബവ്റിജസ് അസിസ്റ്റന്റ്,  എൽഡിസി, ഹെൽപർ/പ്യൂൺ, ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ്, ഫോറസ്റ്റർ, എസ്ഐ, സിവിൽ പൊലീസ് ഒാഫിസർ, ഫയർമാൻ, മെയിൽ വാർഡൻ, ഡിവിഷനൽ അക്കൗണ്ടന്റ്, ഡപ്യൂട്ടി കലക്ടർ തുടങ്ങിയവയാണ് അജി ഉൾപ്പെട്ടിട്ടുള്ള പ്രധാന പിഎസ്‌സി ലിസ്റ്റുകൾ. ഇതിൽ 13 റാങ്കു ലിസ്റ്റുകളിൽ നിന്ന് നിയമനശുപാർശയും ലഭിച്ചു.     

കുണ്ടറ വെള്ളിമൺ നാന്തിരിക്കൽ വെട്ടിലിൽ പുത്തൻവീട്ടിൽ രഘുനാഥൻ നായരുടെയും ഗീതയുടെയും മകനാണ്. ഭാര്യ അജന്ത. മകൻ ഒന്നര വയസുകാരൻ അഭിനന്ദ്.