വർഷങ്ങൾ നീണ്ട പരിശീലനത്തിലല്ല,  സിലബസിൽ ഉള്ള കാര്യങ്ങളും സമകാലിക വിജ്ഞാനവും പരീക്ഷയ്ക്കു മുൻപ് ശ്രദ്ധയോടെ പഠിച്ചു തീർക്കുന്നതിലാണു വിജയം. ചോദ്യങ്ങൾ ഏതു രീതിയിലാണോ അതിനു പറ്റുന്ന രീതിയിൽ വേണം ഉത്തരങ്ങൾ എഴുതിപ്പഠിക്കാൻ. സിവിൽ സർവീസസ് പരീക്ഷയുടെ മുൻ വർഷ ചോദ്യങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. പ്രിലിമിനറി പരീക്ഷ ജയിക്കാൻ പരമാവധി ചോദ്യപേപ്പറുകൾക്ക് ഉത്തരമെഴുതി പരിശീലിക്കുക എന്നതു പ്രധാനമാണ്. 

പരീക്ഷയ്ക്കു വേണ്ടി എന്തു പഠിക്കണമെന്ന ധാരണയില്ലായ്മ, വഴികാട്ടാൻ ആരുമില്ലാത്ത അവസ്ഥ തുടങ്ങിയവ പരിഹരിക്കാൻ പരിശീലന ക്ലാസുകൾ സഹായകമാണ്. എന്ത്, എങ്ങനെ പഠിക്കണമെന്നത് അനുഭവജ്ഞാനമുള്ള ഫാക്കൽറ്റിയിൽനിന്നു ലഭിച്ചാൽ വീട്ടിലിരുന്ന് ഓൺലൈൻ, ഓഫ്‌ലൈൻ പഠനസാമഗ്രികൾ ഉപയോഗിച്ച് പഠനം തുടരാവുന്നതേയുള്ളൂ. ഒരു ദേശീയ ദിനപത്രമെങ്കിലും മുടങ്ങാതെ വായിക്കണം. അവസാന ഘട്ടമായ പഴ്സനാലിറ്റി ടെസ്റ്റിൽ മോക്ക് ഇന്റർവ്യൂ പരിശീലിക്കാൻ വീണ്ടും കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെ സമീപിക്കേണ്ടിവരും.

എൻജിനീയറിങ് ബിരുദം നേടിയതിനു ശേഷം മാത്രമാണു ഞാൻ പഠിച്ചുതുടങ്ങിയത്. 2015ൽ തുടങ്ങിയ പഠനം കൊണ്ട് 2017ൽ നടന്ന സിവിൽ സർവീസസ് പരീക്ഷയിൽ എനിക്കു റാങ്ക് നേടാൻ സാധിച്ചു. 2015 ജൂൺ മുതൽ ഒക്ടോബർ വരെ മാത്രമേ ഞാൻ പരിശീലന ക്ലാസുകളിൽ പങ്കെടുത്തുള്ളൂ. പിന്നീട് സ്വയം പഠനം ആയിരുന്നു. ടെസ്റ്റ് സീരീസുകൾ ഓൺലൈനായി സബ്‌സ്‌ക്രൈബ് ചെയ്ത് പരീക്ഷയെഴുതി ശീലിക്കുകയായിരുന്നു.

കോട്ടയം അസി. കലക്ടറാണ് ശിഖ സുരേന്ദ്രൻ