100 വർഷം മുൻപ്, അമേരിക്കയിലെ കനാസ് സിറ്റി സ്റ്റാർ ന്യൂസ് പേപ്പറിന്റെ ഓഫിസ്. പുതുതായി നിയമിച്ച കാർട്ടൂണിസ്റ്റിനെ പത്രാധിപർ മുറിയിലേക്കു വിളിപ്പിച്ചു. വളരെ ആശങ്കയോടെ, മെല്ലിച്ച ഒരു ചെറുപ്പക്കാരൻ ഓഫിസ് മുറിയിലെത്തി.

‘ നിങ്ങളെക്കുറിച്ചു നല്ല അഭിപ്രായമല്ല മാനേജ്മെന്റിനുള്ളത്. ഭാവനയും ആശയവും ഇല്ലെന്നാണു വിലയിരുത്തൽ. ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കാർട്ടൂണുകൾക്കാകണം. അത്തരം ഗുണങ്ങളൊന്നും നിങ്ങളിലില്ല.’

എഡിറ്റർ പിന്നെയും എന്തൊക്കെയോ പറഞ്ഞു. തുടർന്ന് ആ ചെറുപ്പക്കാരനെ ജോലിയിൽ നിന്നു പുറത്താക്കിക്കൊണ്ടുള്ള കത്തു കൈമാറി. ഒരുപാടു ദുഃഖത്തോടെ അയാൾ ഓഫിസിന്റെ പടിയിറങ്ങി. കാലം പിന്നെയും മുന്നോട്ടുപോയി. 9 വർഷങ്ങൾക്കു ശേഷമാണു പിന്നീട് ഈ യുവാവിനെ ലോകം ശ്രദ്ധിക്കുന്നത്. ആ ചെറുപ്പക്കാരന്റെ തലയിൽ പിറവിയെടുത്ത ഒരു കഥാപാത്രം കാർട്ടൂൺ മേഖലയിലെ ചരിത്രം മാറ്റിവരച്ചു. ഈ കഥയിലെ നായകൻ മറ്റാരുമല്ല, മിക്കി മൗസ് അടക്കമുളള കാർട്ടൂൺ കഥാപാത്രങ്ങൾക്കു ജന്മം നൽകിയ വാൾട്ടർ ഏലിയാസ് ഡിസ്നി അഥവാ വാൾട്ട് ഡിസ്നി.

ചിക്കാഗോയിൽ ഒരു ദരിദ്ര കുടുംബത്തിൽ 1901 ഡിസംബർ അഞ്ചിനാണു ജനനം. നാലു മക്കളിൽ രണ്ടാമൻ. ഭക്ഷണത്തിനു വകയില്ലാത്ത സാഹചര്യത്തിൽ പഠനം ആഡംബരമായി. വാൾട്ടർ പഠനം ഉപേക്ഷിച്ചു. ചിത്രം വരയായിരുന്നു ജീവിതം. മുടിവെട്ടാൻ കാശില്ലാത്തതിനാൽ, പ്രതിഫലമായി പുതിയ ഹെയർ സ്റ്റൈലുകൾ ബാർബർക്കു വരച്ചുനൽകി. ട്രെയിനുകളിൽ ചായയും കാപ്പിയും ലഘു ഭക്ഷണവും വിറ്റു. ചെയ്യാവുന്ന ജോലികളൊക്കെ ചെയ്തു. വരുമാനത്തിൽ നിന്ന് ഇത്തിരി തുക മാറ്റി വച്ചു രാത്രി കാലങ്ങളിൽ ഫൈൻആർട്സ് കോളജുകളിൽ ചിത്രരചന പഠിച്ചു.

1917ൽ 16 വയസ്സായപ്പോൾ പട്ടാളത്തിൽ ചേരാൻ പോയി. പ്രായം തികയാത്തതിനാൽ അവിടെ നിന്നു പുറത്താക്കി. തുടർന്നു റെഡ്ക്രോസിന്റെ ആംബുലൻസിൽ ഡ്രൈവറായി. മുഴുവൻ സമയവും പണിയില്ല എന്നതായിരുന്നു ആ ജോലി ഡിസ്നിയെ ആകർഷിച്ചത്. ഒഴിവു സമയങ്ങളിൽ ചിത്രരചനയിൽ മുഴുകി.

അക്കാലത്താണു കാർട്ടൂൺ രചനയിൽ താൽപര്യം തോന്നുന്നതും ന്യൂസ് പേപ്പറിൽ ജോലിക്കു കയറുന്നതും. പുറത്താക്കപ്പെട്ടതോടെ ചിത്രം വരയുമായി അലഞ്ഞു. തുടർന്ന് അനിമേഷനിലേക്കായി ശ്രദ്ധ. അങ്ങനെ 1921ൽ ആലീസ് കോമഡീസ് എന്ന അനിമേഷൻ സിനിമാ നിർമാതാക്കളുടെ കൂടെക്കൂടി. 

മനുഷ്യരും കാർട്ടൂൺ കഥാപാത്രങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങളായിരുന്നു അക്കാലത്തെ രീതി. എന്നാൽ കാർട്ടൂൺ കഥാപാത്രങ്ങൾ മാത്രമുള്ള ഒരു മുഴുനീള അനിമേഷൻ ചിത്രം ചെയ്യാനായിരുന്നു ഡിസ്നിയുടെ ആഗ്രഹം. 1923ൽ വാൾട്ട് ഡിസ്നി, മൂത്ത സഹോദരൻ റോയ് ഡിസ്നിയുമായി ചേർന്ന് ദ് വാൾട്ട് ഡിസ്നി കമ്പനി എന്ന പേരിൽ അനിമേഷൻ സ്റ്റുഡിയോ തുടങ്ങി.

1927ൽ യൂണിവേഴ്സൽ സ്റ്റുഡിയോയ്ക്കായി മുഴുനീളൻ അനിമേഷൻ ചിത്രം നിർമിക്കാൻ കരാറിൽ ഏർപ്പെട്ടു. ഒസ്വാൾഡ് എന്ന അവരുടെ അനിമേഷൻ കഥാപാത്രമായ മുയലിനെ കേന്ദ്രീകരിച്ചുള്ള സിനിമയായിരുന്നു ആവശ്യം. പേരിലോ കഥാപാത്രത്തിലോ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം ഡിസ്നിക്കു നൽകിയിരുന്നില്ല. ആദ്യം നിർമിച്ച ചിത്രം നിർമാതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. കഥാപാത്രത്തിൽ ചെറിയ മാറ്റം വരുത്തി ചെയ്തതോടെ ആ സിനിമ സ്വീകരിക്കപ്പെട്ടു. അങ്ങനെ 1927സെപ്റ്റംബർ 5നു ചിത്രം റിലീസ് ചെയ്തു. ഒസ്വാൾഡിന്റെ മേൽ അവകാശം ഡിസ്നിക്കു നൽകിയിരുന്നില്ല. അങ്ങനെയാണു ഡിസ്നി സ്വതന്ത്രമായി മറ്റൊരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. മുയലിനു പകരം എലി. കാർട്ടൂൺ ഇൻഡസ്ട്രിയുടെ നട്ടെല്ലായി മാറിയ മിക്കി മൗസ് 1928ൽ ജനിച്ചു.

പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ചലച്ചിത്ര നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, സംരംഭകൻ തുടങ്ങി അണിയാത്ത വേഷങ്ങളില്ല. 1923ൽ തുടങ്ങിയ അനിമേഷൻ സ്റ്റുഡിയോ ഇന്നു ഹോളിവുഡിലെ ഏറ്റവും വലിയ സ്റ്റുഡിയോകളിൽ ഒന്നാണ്. 59 തവണ ഓസ്കർ അവാർഡിനു നാമനിർദേശം ചെയ്യപ്പെട്ട വാൾഡ് ഡിസ്നിക്ക് 26 ഓസ്കർ അവാർഡ് ലഭിച്ചു. 

ഏറ്റവും കൂടുതൽ തവണ ഓസ്കർ ലഭിച്ച വ്യക്തി എന്ന റെക്കോർഡ് ഡിസ്നിയുടെ പേരിലാണ്. 1965 ഡിസംബർ 15ന് അദ്ദേഹം വിടവാങ്ങി.