ഐഐഎമ്മുകളിലേക്കുള്ള പ്രവേശനപരീക്ഷ ‘ക്യാറ്റി’ന്റെ ഫലപ്രഖ്യാപനവുമായി ശനിയാഴ്ച വന്ന ആദ്യ റിപ്പോർട്ടുകൾ ഇപ്പോൾ വീണ്ടുമൊന്നു പരിശോധിച്ചാൽ സംഗതി രസമാണ്. 100 പെർസന്റൈൽ നേടിയതു പത്തുപേർ. അതിൽ തന്നെ മഹാരാഷ്ട്രയിൽനിന്നു നാലുപേർ; ജാർഖണ്ഡ്, തമിഴ്നാട്, തെലങ്കാന, കർണാടക, ബംഗാൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും.

ഇല്ല, കേരളം ആ പട്ടികയിൽ ഇല്ല. പക്ഷേ ഏഴു സംസ്ഥാനങ്ങളിൽനിന്നായുള്ള ആ 10 ടോപ്പർമാരിൽ ഒരു മലയാളി ഒളിച്ചിരിപ്പുണ്ടായിരുന്നു. എച്ച്. അശ്വിൻ. കണ്ണൂർ പയ്യന്നൂർ സ്വദേശി. ബെംഗളൂരുവിൽ ബിടെക് കഴിഞ്ഞ് ഐടി എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയുള്ള നേട്ടം. പരീക്ഷ എഴുതിയതു ബെംഗളൂരുവിലായതിനാൽ കർണാടകയുടെ അക്കൗണ്ടിലാണ് 100 പെർസന്റൈൽ വിജയം കർണാടകയുടെ അക്കൗണ്ടിലാണ് ആദ്യം കണക്കാക്കിയതെന്നു മാത്രം. ബാക്കി വിശേഷങ്ങൾ അശ്വിനോടു തന്നെ ചോദിക്കാം.

 100 പെർസന്റൈൽ നേടിയ 10 പേരും ടെക്നോളജി, എൻജിനീയറിങ് പശ്ചാത്തലമുള്ളവർ. ബിടെക് പഠനം സഹായകരമായോ ?

‘ക്യാറ്റി’ന്റെ മൂന്നു സെക്‌ഷനുകളിൽ ക്വാണ്ടിറ്റേറ്റീവ് അനാലിസിസിൽ നല്ല മാർക്കിനു മാത്‌സിൽ അടിത്തറ വേണം. എൻജിനീയറിങ് പഠനം ആ രീതിയിൽ ഗുണമായിട്ടുണ്ട്. മറ്റു രണ്ടു സെക്‌ഷനുകളുടെ കാര്യത്തിൽ അങ്ങനെ പറയാൻ പറ്റില്ല.

 ആ സെക്‌ഷനുകളിൽ തയാറെടുപ്പ് എങ്ങനെയായിരുന്നു ?

വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ എന്നത് ഇംഗ്ലിഷ് സെക്‌ഷനാണ്. ചെറുപ്പം മുതലേ വായനാശീലമുണ്ട്. ആഴ്ചയിൽ ഒരു നോവലെങ്കിലും വായിക്കും.   തയാറെടുപ്പിന് അതു സഹായിച്ചു.

 ഡേറ്റ ഇന്റർപ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ് എന്ന സെക്‌ഷനോ ?

പ്രോബ്ലം സോൾവിങ് സെക്‌ഷനാണത്. ചെയ്തുതന്നെ ശീലിക്കണം. ക്യാറ്റിൽ വേണ്ടത് നല്ല സ്പീഡാണ്; കാൽക്കുലേഷനിലും റീഡിങ്ങിലുമെല്ലാം. മോക് ടെസ്റ്റുകളിലൂടെ അതു പരിശീലിച്ചു.

 ജോലിക്കിടെ ആയിരുന്നല്ലോ പഠനം. ദിവസം എത്ര മണിക്കൂർ ?

ജോലി ദിവസങ്ങളിൽ രണ്ട്– മൂന്ന് മണിക്കൂറേ പറ്റിയിരുന്നുള്ളൂ. പ്രധാന തയാറെടുപ്പ് ശനി, ഞായർ ദിവസങ്ങളിലായിരുന്നു. മൂന്നു മണിക്കൂർ മോക് ടെസ്റ്റുകളിലൂടെ ഏതൊക്കെ മേഖലകളിലാണു മികവുള്ളത്, ഏതൊക്കെ മേഖലകളിലാണ് മെച്ചപ്പെടേണ്ടത് എന്നു പരിശോധിച്ചിരുന്നു.

പുതിയൊരു സ്ട്രാറ്റജി തീരുമാനിച്ചാൽ അതു ശീലിച്ചുറപ്പിക്കാൻ മൂന്നോ നാലോ മോക് ടെസ്റ്റുകൾ നടത്തും. രണ്ടു കോച്ചിങ് സെന്ററുകളിൽനിന്നായി മോക് ടെസ്റ്റ് സീരിസ് വരുത്തി.

 ഇങ്ങനെ എത്ര നാളത്തെ തയാറെടുപ്പ് ?

‘ക്യാറ്റ്’ പഠനം തുടങ്ങിയിട്ടു രണ്ടേകാൽ വർഷമായി. കഴിഞ്ഞ വർഷം കിട്ടിയത് 99.36 പെർസന്റൈൽ. കോഴിക്കോട് ഐഐഎമ്മിൽനിന്നുൾപ്പെടെ ഇന്റർവ്യൂ ലെറ്റർ വന്നെങ്കിലും അഡ്മിഷൻ കിട്ടിയില്ല.

 ഇത്തവണ എവിടെയാണു ലക്ഷ്യം ?

ഐഐഎമ്മുകളിൽ അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, കോഴിക്കോട് തുടങ്ങിയവയിലൊന്ന്; അല്ലെങ്കിൽ ഡൽഹി എഫ്എംഎസ് (ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്).