പൊതുവിദ്യാലയങ്ങളിലായിരുന്നു വരദയുടെ സ്കൂൾ പഠനം. സയൻസിനോട് അത്ര താൽപര്യം തോന്നാതിരുന്നതിനാൽ പ്ലസ് ടുവിന് പുലാപ്പറ്റ എംഎൻകെഎം ജിഎച്ച്എസ്എസിൽ കൊമേഴ്സിനു ചേർന്നു. അന്നു മനസ്സിൽ കുറിച്ചിട്ട ലക്ഷ്യമായിരുന്നു സിഎ (ചാർട്ടേഡ് അക്കൗണ്ടൻസി). പാലക്കാട് തച്ചമ്പാറ കോൽപ്പുറം വീട്ടിൽ പി.കെ.പരമേശ്വരന്റെയും സി.എം.സാവിത്രിയുടെയും മകൾ കെ.പി. വരദ ഇപ്പോൾ സിഎ പൂർത്തിയാക്കിയിരിക്കുന്നത് ദേശീയതലത്തിൽ രണ്ടാം റാങ്കോടെ. പഴയ സ്കീമിൽ പരീക്ഷയെഴുതി നേടിയത് 800ൽ 548 മാർക്ക്. 

∙ തയാറെടുപ്പ് എങ്ങനെ ?

ഫൈനൽ പരീക്ഷയ്ക്ക് മുൻപ് 4 മാസം മാത്രം ചെന്നൈയിൽ കോച്ചിങ്ങിനു പോയി. അല്ലാത്തപ്പോഴെല്ലാം സ്വന്തമായി പഠിച്ചു. ഇതേ ലക്ഷ്യവുമായി ഞങ്ങൾ 5 സുഹൃത്തുക്കൾ ഉണ്ടായിരുന്നു; ഒരുമിച്ചു പഠിച്ചു.

∙ പഠനരീതി ?

മനസ്സിലാക്കി പഠിക്കുക എന്നതു പ്രധാനം. വിഷയങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങൾ വരെ അറിയണം. പഴയ ചോദ്യങ്ങൾ പരിശീലിക്കണം. എത്ര പഠിച്ചാലും റിവിഷൻ ഇല്ലെങ്കിൽ മറക്കും. ഇന്റർനെറ്റും പഠനത്തെ സഹായിച്ചു. ഫൈനലിനു മാത്രം 8 വിഷയങ്ങളുണ്ട്. അത്ര ആഴത്തിൽ അറിവ് വേണമെന്ന് അർഥം.

∙ പഴയ സ്‌കീമോ പുതിയ സ്കീമോ എളുപ്പം ?

രണ്ടും ഒരുപോലെ. പുതിയ സ്‌കീമിൽ വിഷയങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. സ്റ്റഡി മെറ്റീരിയലുകൾ ഇപ്പോഴേ ലഭ്യമാണ്. പഴയ സ്‌കീമിൽ ഈ വർഷം കൂടിയേ പരീക്ഷയുള്ളൂ.

∙ സിഎ പഠനത്തിൽ ശ്രദ്ധിക്കേണ്ടതെന്തൊക്കെ ?

ആദ്യഘട്ട പരീക്ഷ പാസാകാൻ കണക്കിന്റെ അടിസ്ഥാനം അറിയണം. തുടർന്നുള്ള ഘട്ടങ്ങളിൽ വിഷയങ്ങളുമായി ബന്ധപ്പെട്ട കണക്ക് അറിഞ്ഞാൽ മതി. ഇംഗ്ലിഷ് നന്നായി അറിയുന്നതു ജോലിയിൽ സഹായിക്കും.