സർക്കാർ ജോലിയിലേക്കു വഴി നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥൻ– ഇങ്ങനെ പരിചയപ്പെടുത്താം പ്രദീപ് മുഖത്തലയെ കൊല്ലം മുഖത്തല കണ്ണങ്കരയിലെ ‘ഋതുപർണിക’യെന്ന വീട് പുലർച്ചെ 4.30 മുതൽ രാത്രി 10 വരെ തുറന്നു വയ്ക്കുന്നതു നൂറുകണക്കിന് ഉദ്യോഗാർഥി കൾക്ക് ഉദ്യോഗത്തിലേക്കുള്ള വാതിൽ കൂടിയാണ്. ‌

4.30എഎം– 10 പിഎം!
കുണ്ടറ പെരുമ്പുഴ സെക്ഷനിൽ കെഎസ്ഇബി ജൂനിയർ അസിസ്റ്റന്റായ പ്രദീപ് (35) സ്വന്തം വീടിന്റെ മുകൾനിലയിൽ എണ്ണൂറിലേറെപ്പേർക്കാണു സൗജന്യ പിഎസ്‍സി പരീക്ഷാപരിശീലനം ഒരുക്കുന്നത്. രാവിലെ 4.30 മുതൽ 7 വരെയും വൈകിട്ട് 7.30 മുതൽ 10 വരെയുമായി നാലു ബാച്ചുകളിലായാണു പഠനം. ഓരോ ബാച്ചിലും 220 പേർ പ്രവേശനം യുവാക്കൾക്കു മാത്രം. 

അച്ചടക്കത്തിന്റെ കളരി
ഫീസില്ലെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിൽ ഒട്ടും ഇളവില്ല. പക്ഷേ, പഠിതാക്കൾക്കെല്ലാം പ്രദീപ് സുഹൃത്തുമാണ്. പരിശീലനത്തിനു പ്രവേശനം കിട്ടാൻ കടുകട്ടി എൻട്രൻസ് പാസാകണം. 1000 ചോദ്യങ്ങൾ ഒരാഴ്ച കൊണ്ട് പഠിക്കണം.  പരീക്ഷ നേരിടണം. അതിൽ 90 നു മുകളിൽ മാർക്ക് കിട്ടിയാൽ മാത്രം പ്രവേശനം. രണ്ടാമതും അവസരം നൽകും. ഒരു ക്ലാസ് നഷ്ടമാക്കുന്നവർക്കും മോശമല്ലാത്ത ശിക്ഷയുണ്ട്. 250 ചോദ്യങ്ങൾ എഴുതി പഠിച്ചാൽ മാത്രമേ പിറ്റേന്ന് അവർക്കു ക്ലാസിൽ കയറാനാവൂ. അഡ്വൈസ് മെമ്മോ വരുംവരെ പഠനം അതാണു ചട്ടം തറയിലിരുന്നാണു പഠനം. 

ഗുരുവും ശിഷ്യരും സക്സസ്!
ജോലി നേടുന്ന കാര്യത്തിൽ അധ്യാപകർ തന്നെ വഴികാട്ടി. 14 തസ്തികകളിലെ റാങ്ക് ലിസ്റ്റിലെ ഇടമാണ് ഇതുവരെ പ്രദീപിനെ തേടിവന്നത്. ലാസ്റ്റ് ഗ്രേഡ്, ലാബ് അസിസ്റ്റന്റ്, പൊലീസ് എക്സൈസ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് തുടങ്ങിയ ആ പട്ടിക നീളും. ദിവസം നാലര മണിക്കൂർ മാത്രം ഉറങ്ങുന്ന പ്രദീപിന്റെ ശിക്ഷണത്തിൽ 384 േപർ ഇതിനകം ജോലിക്കു കയറിയിട്ടുണ്ട്. 140 പേർക്ക് പൊലീസ് അഡ്വൈസ് മെമ്മോ കിട്ടിയിട്ടുണ്ട്. 

നിലവിൽ 636 പേർ വിവിധ ലിസ്റ്റുകളിലായി ജോലി പ്രതീക്ഷിക്കുന്നു. എസ് ഐ പരീക്ഷയിൽ 1, 8, 17 റാങ്കുകളും എക്സൈസ് ഇൻസ്പെക്ടർ, ജയിലർ ഒന്നാം റാങ്കുകളും പ്രദീപിന്റെ ശിഷ്യർക്കായിരുന്നു. 2013–ൽ 2 പേർക്കായി തുടങ്ങിയ ക്ലാസ് റൂമാണ് ഇന്നു വളർന്നു പന്തലിച്ചു നിൽക്കുന്നത്.

നിർധന വിദ്യാർഥികൾക്കും രോഗികൾക്കും, അനാഥർക്കും വീടില്ലാത്തവർക്കുമെല്ലാം ചെറിയ തുകകൾ ചേർത്തു വച്ചു വലിയ സഹായങ്ങളും ഒരുക്കുന്നുണ്ട് പ്രദീപും ശിഷ്യരും.