പ്ലസ്ടു, ടിടിസി പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലത്തിനിറങ്ങിയ എം. അമീർ ഖാൻ  ജയിച്ചു കയറിയത് കൈനിറയെ നിയമനശുപാർശയുമായി. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തിക മുതൽ യുപി സ്കൂൾ അസിസ്റ്റന്റ് വരെയുള്ള വ്യത്യസ്തമായ സർക്കാർ ജോലികളാണ് അമീറിനെ തേടിയെത്തിയത്. ചെയ്യുന്നതെന്തായാലും അത് ആത്മാർഥതയോടെ ചെയ്യണമെന്ന നിർബന്ധമുള്ള അമീർ ഖാൻ ഇപ്പോൾ വെഞ്ഞാറമൂട് ആലിയാട് പാറയ്ക്കൽ യുപി സ്കൂളിൽ അധ്യാപകനാണ്. 

‌പിഎസ്‌സി പരീക്ഷാ പരിശീലനത്തിനിറങ്ങുന്ന കൂടുതൽ പേർക്കും കണക്ക്, ഇംഗ്ലിഷ് വിഷയങ്ങളാണ് വഴങ്ങാത്തത്. അമീർ ഖാനും അങ്ങനെതന്നെയായിരുന്നു. എന്നാൽ ഈ വിഷയങ്ങൾ വിട്ടുകളഞ്ഞാൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ശോഭിക്കാനാവില്ലെന്ന് ബോധ്യം വന്നതോടെ ഇവയുടെ പിറകെ കൂടാൻ തന്നെ തീരുമാനിച്ചു. കിളിമാനൂർ പ്രൈം പിഎസ്‌സി കോച്ചിങ് സെന്ററിൽ പരീക്ഷാ പരിശീലനം നടത്തി. ഇതോടൊപ്പം കംൈബൻഡ് സ്റ്റഡിയുമുണ്ടായിരുന്നു. സ്വന്തമായി നോട്ടുകൾ തയാറാക്കിയായിരുന്നു ഇംഗ്ലിഷ് പഠനം. കണക്ക് പഠിക്കുന്നത് കംബൈൻഡ് സ്റ്റഡിക്കെത്തുന്ന കൂട്ടുകാർ വഴിയും.

യുപി സ്കൂൾ അസിസ്റ്റന്റിനൊപ്പം എൽപിഎസ്എ, ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, വിവിധ വകുപ്പുകളിൽ എൽഡിസി, വില്ലേജ് എക്സ്ടെൻഷൻ ഒാഫിസർ, ബവ്കോ എൽഡിസി, ലാസ്റ്റ് ഗ്രേഡ്  റാങ്ക് ലിസ്റ്റുകളിലും അമീർ ഉൾപ്പെട്ടിട്ടുണ്ട്. ഫീൽഡ് വർക്കർ റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കാണ് (മാർക്കടിസ്ഥാനത്തിൽ) ഏറ്റവും മികച്ച വിജയം. ബവ്കോ എൽഡിസി റാങ്ക് ലിസ്റ്റിൽ 24–ാം റാങ്ക് ലഭിച്ചിരുന്നു. 

മൃഗസംരക്ഷണ വകുപ്പിൽ ലാസ്റ്റ് ഗ്രേഡായിട്ടായിരുന്നു സർക്കാർ സർവീസിലെ ആദ്യ നിയമനം. ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ, എൽപി സ്കൂൾ അസിസ്റ്റന്റ് തസ്തികയിലും ജോലി ചെയ്തു.  പിന്നീട് യുപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനശുപാർശ ലഭിച്ചു. 

കിളിമാനൂർ പാപ്പാല തട്ടത്തുമല അമീർ നിവാസിൽ മുഹമ്മദ് കുട്ടിയുടെയും റസീന ബീഗത്തിന്റെയും മകനാണ്.  ഭാര്യ എം.എസ്. ആൻസി കേരള സർവകലാശാലയിൽ കംപ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.