അഭിനയവും സൗന്ദര്യവും കൊണ്ടു ഹോളിവുഡിനെ ഇളക്കി മറിച്ച കാതറിൻ ഹെപ്ബേൺ ജനിച്ചത് 1907 മേയ് 12നാണ്. എന്നാൽ 1905 നവംബർ 8 എന്ന തീയതിയാണു കാതറിന്റെ ജന്മദിനമായി ലോകം അറിഞ്ഞത്. 1991ൽ അവരുടെ ആത്മകഥ പുറത്തിറങ്ങേണ്ടി വന്നു ഈ രഹസ്യം ലോകമറിയാൻ. അതിനു പിന്നിലെ കാരണമായി ഹ‍ൃദയം നീറുന്ന ഒരു കഥയും കാതറിൻ കുറിച്ചു. 8 വർഷത്തോളം വിഷാദ ലോകത്തേക്കു തന്നെ തള്ളിയിട്ട ഒരു സ്വകാര്യ ദുഖം.

അമേരിക്കയിലെ ഹാട്ഫോഡിലായിരുന്നു ജനനം. ഡോ. തോമസ് എൻ ഹെപ്ബേണിന്റെയും മാർത്താ ഹാങ്ടണിന്റെയും ആറു മക്കളിൽ രണ്ടാമത്തെയാൾ. വീടിനോടു ചേർന്നു ധാരാളം മൈതാനങ്ങളുണ്ടായിരുന്നു. ദിവസവും ജോലി കഴിഞ്ഞു പിതാവ് നേരത്തെ എത്തും. മക്കൾക്കൊപ്പം ബേസ് ബോൾ കളിക്കുകയാണു ലക്ഷ്യം. പിതാവിന്റെ വരവും കാത്തു കാതറിനും ടോമിനും ഒപ്പം സമീപത്തെ ഒരു വലിയ കുട്ടിക്കൂട്ടം ഉണ്ടാകും.

കാതറിൻ ഒരു ടോംബോയ് പ്രകൃതമായിരുന്നു. സഹോദരൻ ടോമിന്റെ വസ്ത്രം ധരിച്ചു, തലമുടി ഷേവ് ചെയ്തു ജിമ്മി എന്നു സ്വയം പേരിട്ടു നടന്നിരുന്നു കൊച്ചു കാതറിൻ. ടോമും കാതറിനും തമ്മിൽ 2 വയസ്സിന്റെ വ്യത്യാസമേ ഉള്ളു. കൂട്ടുകാരെപോലെയാണ് അവർ വളർന്നത്. ഇരുവരുടെയും കായികവും കലാപരവുമായ നേട്ടങ്ങൾക്കായി പിതാവ് തന്നാൽ ആകുന്നതെല്ലാം ചെയ്തു. പിതാവിന്റെ പ്രതീക്ഷയ്ക്കൊത്തു കാതറിൻ എല്ലാ മേഖലയിലും തിളങ്ങി. 

ടോമാകട്ടെ പിതാവിന്റെ കാഴ്ചപ്പാടിൽ ഒരു പരാജയമായിരുന്നു. ഇക്കാരണത്താൽ ടോമിനെ പിതാവ് നിരന്തരം കളിയാക്കുകയും വഴക്കു പറയുകയും ചെയ്തു.

1921ലെ അവധിക്കാലം. ന്യൂയോർക്കിൽ താമസിക്കുന്ന മേരി ടവലിന്റെ വീട്ടിലേക്കു ടോമും കാതറിനും അവധിക്കാലം ആഘോഷിക്കാൻ പുറപ്പെട്ടു. അവരുടെ അമ്മയുടെ ബാല്യകാല സഖിയാണു മേരി. അന്നു രാത്രി ഉറങ്ങാൻ പോകും മുൻപു ടോം കാതറിനോടു പറഞ്ഞു; ‘നിന്നെയാണ് ഈ ലോകത്തിൽ എനിക്കേറ്റവും ഇഷ്ടം, നീയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതി’. എന്തിനാണു ടോം അന്ന് അങ്ങനെ പറഞ്ഞതെന്നു കാതറിന് അപ്പോൾ മനസ്സിലായില്ല. 

പിറ്റേന്നു രാവിലെ ഏറെനേരം കാത്തിരുന്നിട്ടും ടോം മുറിവിട്ടു പുറത്തു വന്നില്ല. വാതിൽ തട്ടിയെങ്കിലും മുറി തുറന്നില്ല. കാതറിൻ പതിയെ തള്ളിനോക്കി. വാതിൽ തുറന്നു. കാതറിൻ കാണുന്നതു സീലിങ്ങിൽ കുരുക്കിയ ഒരു തുണിയിൽ തൂങ്ങിയാടുന്ന ടോമിനെയാണ്. ഒരുവിധത്തിൽ ടോമിന്റെ കഴുത്തിലെ കെട്ടറുത്തു കാതറിൻ അവനെ കട്ടിലിലേക്കു കിടത്തി.അപ്പോഴേക്കും ടോം മരിച്ചിരുന്നു. ഈ സമയം കാതറിനു 12 വയസ്സാണ്. സഹോദരന്റെ മരണം മുന്നിൽ കണ്ട കാതറിന്റെ മനസ്സ് അവളോടു പിണങ്ങി. അവന്റെ വേർപാടു വർഷങ്ങളോളം കാതറിനെ വിഷാദ രോഗത്തിന്റെ കയത്തിലേക്കു തള്ളിയിട്ടു.

പിന്നീടു സ്കൂളിൽ പോകാൻ കാതറിൻ കൂട്ടാക്കിയില്ല. സ്വകാര്യ ട്യൂഷനിലൂടെയായിരുന്നു പഠനം. പലപ്പോഴും വീടിന്റെ വെളിയിലേക്കു തന്നെ ഇറങ്ങാതെ സ്വന്തം കൗമാരം അവൾ ഇരുളിൽ തളച്ചു. ടോമിനെക്കുറിച്ചുള്ള ഓർമകൾ കുത്തിനോവിക്കുമ്പോൾ അവൾ അവന്റെ വസ്ത്രങ്ങൾ എടുത്തണിഞ്ഞു. സഹോദരന്റെ ജന്മദിനം സ്വന്തം ജന്മദിനമായി പ്രഖ്യാപിച്ചു.

8 വർഷമെടുത്തു കാതറിന്റെ മനസ്സു ടോമിന്റെ മരണം അംഗീകരിക്കാൻ. തുടർന്നു ബ്രെൻ മാർ കോളജിൽ ഡിഗ്രിക്കു ചേർന്നു. ഇക്കാലത്തു മകളെ പഴയതുപോലെ ഊർജസ്വലയാക്കാൻ മാതാപിതാക്കൾ ശ്രമിച്ചു. പല കായിക തലങ്ങളിലും അവളെ പരീക്ഷിച്ചു. എല്ലാത്തിലും പരാജയപ്പെട്ടെങ്കിലും കോളജിൽ നാടകം അവളിൽ മാറ്റമുണ്ടാക്കി. ഡിഗ്രി പഠനത്തിനു ശേഷം നാടകത്തിൽ സജീവമായി. ‘പ്രിന്റഡ് വേഡ്’ എന്ന നാടകത്തിലെ പ്രകടനം നിരൂപക ശ്രദ്ധനേടി. ‘ദ് വാരിയേഴ്സ് ഹസ്ബൻഡ്’ എന്ന നാടകം അവളെ സിനിമയിൽ എത്തിച്ചു. ‘ദ് ബിൽ ഓഫ് ഡിവോഴ്സ്മെന്റ്’ എന്ന സിനിമയിലൂടെ ഹോളിവുഡിലേക്കു കാൽ കുത്തി. പിന്നീടുള്ളതു ചരിത്രമാണ്, ഹോളിവുഡിന്റെയും കാതറിന്റെയും. 1933ൽ ‘മോണിങ് ഗ്ലോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കർ ലഭിച്ചു. കാതറിന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. പിന്നീടു ‘ഗസ്സ്, ഹൂ ഈസ് കമിങ് ടു ഡിന്നർ’, ‘ദ് ലയൺ ഇൻ വിന്റർ’, ‘ഓൺ ഗോൾഡൺ പോണ്ട്’ എന്നീ ചിത്രങ്ങളിലൂടെയും ഓസ്കർ സ്വന്തം. 1999ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഹോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും പ്രതിഭാശാലിയായ നടിയായി തിരഞ്ഞെടുത്തതും കാതറിനെയാണ്. 2003 ജൂൺ 29നു കാതറിൻ ലോകത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നു മറഞ്ഞു.