പിഎസ്‌സി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിജയകഥയാണ് കെ. സി. മുഹമ്മദ് ഫാരിസിന്റേത്. എഴുതിയ ഭൂരിഭാഗം പിഎസ്‌സി പരീക്ഷകളുടെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കമ്പനി/ കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ 100 മാർക്കുമായി നേടിയ മിന്നും വിജയം വേറിട്ടു നിൽക്കുന്നു. ഫാരിസ് ഉൾപ്പെടെ 12 പേർക്കാണ് ഈ റാങ്ക് ലിസ്റ്റിൽ 100 മാർക്ക് ലഭിച്ചത്. വെയ്റ്റേജ് മാർക്കിന്റെ ബലത്തിൽ 9 പേർക്ക്  നൂറിൽ കൂടുതൽ മാർക്ക് ലഭിച്ച ലിസ്റ്റിൽ 15–ാം റാങ്കാണ്  ഫാരിസിന്.

മെക്കാനിക്കൽ എ‍ൻജിനീയറിങ് ഡിപ്ലോമക്കാരനായ  ഫാരിസ് സിവിൽ പൊലീസ് ഒാഫിസർ, സിവിൽ എക്സൈസ് ഒാഫിസർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, എൽഡിസി തുടങ്ങി പന്ത്രണ്ടിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.  ഇതിൽ ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി) റാങ്ക് ലിസ്റ്റിലെ 75–ാം റാങ്കും മലപ്പുറം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ 90–ാം റാങ്ക് നേട്ടവും എടുത്തു പറയേണ്ടതാണ്. ഫയർമാൻ റാങ്ക് ലിസ്റ്റിൽ നിന്നു ലഭിച്ച നിയമന ശുപാർശയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഫയർമാനായി ജോലി ചെയ്യുകയാണ് ഇപ്പോൾ. അടുത്തമാസം ട്രെയിനിങ് അവസാനിക്കും.  സിവിൽ പൊലീസ് ഒാഫിസർ ഉൾപ്പെടെ അ‍ഞ്ചോളം റാങ്ക് ലിസ്റ്റുകളിൽ നിന്നു നിയമന ശുപാർശ ലഭിച്ചെങ്കിലും വേണ്ടെന്നു വയ്ക്കുകയായിരുന്നു. 

മാതൃകാ ചോദ്യപേപ്പർ പരമാവധി എഴുതി പരിശീലിക്കുക എന്നതായിരുന്നു മുഹമ്മദ് ഫാരിസിന്റെ പഠനതന്ത്രം. പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നവരോടും ഇതുതന്നെയാണ് പറയാനുള്ളത്. പരമാവധി മാതൃകാ പരീക്ഷകൾ എഴുതി പരിശീലിക്കുക. മഞ്ചേരി സമാന അക്കാദമിയിൽ കുറച്ചുകാലം പരീക്ഷാ പരിശീലനം നടത്തി. ഇതോടൊപ്പം എട്ടു കൂട്ടുകാർ ചേർന്നു കംബൈൻഡ് സ്റ്റഡിയും ആരംഭിച്ചു. കൂടെയിരുന്നു പഠിച്ചവരിൽ 6 പേരും സർക്കാർ സർവീസിൽ ജോലി നേടി.  2 പേർ നിയമനം പ്രതീക്ഷിച്ചിരിക്കുന്നു. 

മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് ജന്നത്ത് മൻസിലിൽ സുബൈർ ഹാജിയുടെയും റഫിയയുടെയും മകനാണ്  .  കമ്പനി/ കോർപറേഷൻ/ ബോർഡ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്നു വീടിനടുത്തു ജോലി ലഭിച്ചാൽ മാത്രമേ ഫയർമാൻ ജോലി വേണ്ടെന്നു വയ്ക്കൂ. അല്ലെങ്കിൽ  ഫയർമാനായി തുടരാനാണു ഫാരിസിനു താൽപര്യം.  

‘‘തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും പഠനത്തിനു സ്ഥിരമായി ഉപയോഗിക്കുമായിരുന്നു. കറന്റ് അഫയേഴ്സ് പാഠഭാഗങ്ങളോടാണ് കൂടുതൽ താൽപര്യം. ഇതോടൊപ്പം മാതൃകാ ചോദ്യപേപ്പറുകളും എഴുതി പരിശീലിക്കും.  തൊഴിൽവീഥിയുടെ  പരിശീലന ഭാഗങ്ങൾ പ്രത്യേകം സൂക്ഷിച്ചു വച്ചിരുന്നു. ഇപ്പോഴും അതിന്റെ വലിയൊരു ശേഖരം കൈയിലുണ്ട്.  ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന എൽഡിസി പരീക്ഷാ പരിശീലനവും മികച്ചതാണ്. പിഎസ്‌സിയുടെ പഴയകാല ചോദ്യപേപ്പറുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലനം ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനപ്പെടും’’.