വൈൻ കുപ്പി തുറക്കാൻ മാത്രമറിയാമായിരുന്ന ബിനോയ് പി.ജോയ് എന്ന വയനാട്ടുകാരൻ, ഇറ്റലിയിലെ രാജ്യാന്തര യൂറോപ്യൻ ലാൻഡ് ഫൈസർ എന്ന വൈൻ ടേസ്റ്റിങ് അസോസിയേഷനിൽ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായതിന്റെ ആഹ്ലാദത്തിൽ. 

പുൽപള്ളി പാടിച്ചിറ സ്വദേശിയായ ബിനോയ്  ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിലെ ഹോട്ടലിൽ ജോലി ചെയ്ത ശേഷമാണ് സഹോദരൻ വഴി ഇറ്റലിയിൽ എത്തുന്നത്. നെടുമ്പാശേരിയിലെ ഹോട്ടലിൽ സർവീസ് സ്റ്റാഫ് ആയാണ് ജോലി ആരഭിച്ചത്. ആദ്യമായി വൈൻ എന്താണെന്നും അതിന്റെ കാര്യങ്ങളൊക്കെ എങ്ങനെയാണെന്നും മനസിലാക്കുന്നതും അവിടെ വച്ചാണ്. കൂടെ ജോലി ചെയ്യുന്നവരെല്ലാം വൈനിനെക്കുറിച്ച് നല്ല അറിവുള്ളവരായിരുന്നു. അങ്ങനെ വൈനിനെകുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും അഗ്രഹമുണ്ടായി. 2011ൽ കച്ചവടം കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ പൂട്ടി. പിന്നീട് 2013ൽ മറ്റെ‌ാരു ഹോട്ടലിൽ കുറച്ചുകാലം ജോലി ചെയ്തു. ആ സമയത്ത് നേരത്തെ അടച്ചുപൂട്ടിയ ഹോട്ടലിന്റെ ഉടമ പുതുതായി ആരംഭിച്ച വൈൻ ഉണ്ടാക്കുന്ന സ്ഥാപനത്തിലേക്ക് ജോലിക്ക് വിളിച്ചു. തുടർന്ന് ഇറ്റലിയിലെത്തിയ ബിനോയ് ഇപ്പോൾ തൊസ്കനയിലെ വൈൻ കമ്പനിയിൽ വൈൻ ടേസ്റ്റർ ആയി ജോലി ചെയ്യുകയാണ്.  

വൈൻ ടേസ്റ്റിങ് അസോസിയേഷനിൽ അംഗത്വം ലഭിക്കാനുള്ള പരീക്ഷകളും വലിയ കടുപ്പമുള്ളതാണെന്നു ബിനോയ് പറയുന്നു. 3 ഘട്ട പരീക്ഷ പാസാകണം. മുന്തിരിയുടെ പേര്, ഗുണങ്ങൾ, കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവയെല്ലാം മനസിലാക്കണം. വൈൻ രുചിച്ച് നോക്കിയ ശേഷം ഏതു തരം മുന്തിരി കൊണ്ടുണ്ടാക്കിയതാണെന്നും ഏതു മേഖലയിൽ നിന്ന് വരുന്നതാണെന്നും അറിയണം. പാടിച്ചിറ പൂവേലിൽ മേരി–ജോയി ദമ്പതികളുടെ മകനാണ്. ഭാര്യ മായ സ്റ്റീഫൻ. 2 കുട്ടികൾ.