ദുരിതങ്ങള്‍ നമുക്കു സങ്കടവും നിരാശയും മാത്രമല്ല സമ്മാനിക്കാറുള്ളത്. പ്രതിസന്ധി ഘട്ടത്തിലും കരുണയോടെ കൂടെ നില്‍ക്കുന്ന ചില സാധാരണ മനുഷ്യരിലൂടെ അല്‍പം പ്രതീക്ഷയും അവ നമ്മളോടു പങ്കുവയ്ക്കാറുണ്ട്. ഈ കൊറോണകാലം അത്തരത്തില്‍ നമുക്കു കാട്ടി തരുന്ന ഒരു സൂപ്പര്‍ ഹീറോയാണ് ഝാര്‍ഖണ്ഡിലെ ധുംകയിലുള്ള മജ്ദിഹ മിഡില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഹേമന്ത് കുമാര്‍ ഷാ. ലോക്ഡൗണില്‍ വിശന്നിരിക്കുന്ന തന്റെ സ്‌കൂളിലെ കുട്ടികള്‍ക്കുള്ള റേഷന്‍ സൈക്കിള്‍ ഭാരവണ്ടിയില്‍ അവരുടെ വീട്ടിലെത്തിക്കുകയാണ് ഈ അധ്യാപകന്‍. 

ലോക്ഡൗണ്‍ കാലഘട്ടത്തിലും കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മുടങ്ങരുതെന്ന ഉത്തരവ് സംസ്ഥാന മാനവവിഭവശേഷി വികസന വകുപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. പല സ്‌കൂളുകളും ഈ റേഷന്‍ വാങ്ങാന്‍ വിദ്യാര്‍ഥികളെ സ്‌കൂളിലേക്കു വിളിച്ചതു സാമൂഹിക അകലം പാലിക്കല്‍ ചട്ടങ്ങള്‍ ലംഘിച്ചാണ്. തങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങളില്ലെന്ന പരാതി നിരവധി അധ്യാപകരും ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് ഹേമന്ത് കുമാറിനെ പോലുള്ള അധ്യാപകര്‍ വ്യത്യസ്തരാകുന്നത്. 

റേഷനു പുറമേ മുട്ടയും പഴങ്ങളും പാചക ചെലവും അടക്കമുള്ള ഒരു ചെറിയ തുകയും ഈ പ്രധാന അധ്യാപകന്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ ഏല്‍പ്പിക്കുന്നു. രാവിലെ ഏഴു മണിക്കു സൈക്കിളും കൊണ്ടിറങ്ങിയാല്‍ വൈകുന്നേരം നാലിനാണു തിരിച്ചു സ്‌കൂളിലെത്തുന്നത്. സ്‌കൂളിലെ അഞ്ച് അധ്യാപകരും ഈ ജോലിയില്‍ സഹായത്തിനെത്താറുണ്ട്. 

ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലായി 259 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. എന്നാല്‍ 170 വിദ്യാര്‍ഥികള്‍ക്കുള്ള റേഷനും പണവും മാത്രമേ സംസ്ഥാന അധികൃതരില്‍ നിന്ന് ലഭിച്ചിട്ടുള്ളൂ. ഹാജര്‍ പട്ടിക പ്രകാരം കൊടുത്തു വന്നപ്പോഴും 184 വിദ്യാര്‍ത്ഥികളായി. 14 പേരുടെ റേഷനുള്ള തുക ഈ അധ്യാപകന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കി. 

ഒന്നാം ക്ലാസു മുതല്‍ അഞ്ചാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു രണ്ടു കിലോ വീതം അരിയും 113 രൂപയുമാണു നല്‍കുന്നത്. അഞ്ചു മുതല്‍ ഏഴു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 3 കിലോ അരിയും 158 രൂപയും നല്‍കുന്നു. എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി കഴിഞ്ഞിരുന്നതിനാല്‍ അവര്‍ക്ക് 1.8 കിലോ അരിയും 92 രൂപയുമാണ് വീട്ടിലെത്തിച്ചത്. 

English Summary :Headmaster distribute mid day meals to students